‘ഫലസ്‌തീനികളെ റേപ്പ് ചെയ്യണം, ഞങ്ങളെ സംരക്ഷിക്കുന്നതിന് നന്ദി’; ഇസ്രായേലി സൈനികർക്ക് രണ്ടാം ക്ലാസുകാരന്റെ കുറിപ്പ്

Israeli

‘തുരുമ്പിച്ച ഇരുമ്പ് വടി ഉപയോഗിച്ച് അവരെ ബലാത്സംഗം ചെയ്യണം… രക്തം പുറത്തുവരുന്നത് വരെ… ഞങ്ങളെ സംരക്ഷിക്കുന്നതിന് നന്ദി’- മൈക്കിൾ എന്ന രണ്ടാം ക്‌ളാസുകാരന്റെ പേരിൽ ഇസ്രായേലി സൈനികർക്ക് ലഭിച്ച സന്ദേശമാണിത്. ഫലസ്‌തീനികളെ റേപ്പ് ചെയ്യാൻ ആഹ്വാനം ചെയ്‌തുകൊണ്ട്‌ ഗസ്സയിലെ ഇസ്രായേലി സൈനികർക്ക് അയച്ച കോഫി ബാഗിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നമ്മുടെ വീരസൈനികർക്ക്.. എന്നുതുടങ്ങുന്ന ഈ കുറിപ്പിന് താഴെ അത് എഴുതിയ ആളുടെ പേരുമുണ്ട്… മൈക്കിൾ, സെക്കൻഡ് സ്റ്റാൻഡേർഡ്…Israeli

ചൊവ്വാഴ്‌ചയാണ് സോഷ്യൽ മീഡിയയിൽ ഒരു കോഫി ബാഗിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. ‘തുരുമ്പിച്ച ഇരുമ്പ് വടി ഉപയോഗിച്ച് അവരെ ബലാത്സംഗം ചെയ്യുക, രക്തം വരുന്നതുവരെ.. ഞങ്ങളെ സംരക്ഷിച്ചതിന് നന്ദി’ എന്ന സന്ദേശം ഇസ്രായേലികൾക്കിടയിൽ വ്യാപക പിന്തുണയാണ് നേടിയത്. സൈനികർക്ക് കോഫി ബാഗ് ലഭിച്ചുവെന്ന് ഇസ്രായേലി സ്വതന്ത്ര പത്രപ്രവർത്തകൻ ഡാനിയേൽ അമ്രാം പോസ്റ്റ് ചെയ്‌തെങ്കിലും അദ്ദേഹം പിന്നീടിത് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഈ ചിത്രത്തിന്റെയോ അതുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുടെയോ ആധികാരികത സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഡാനിയേൽ പോസ്റ്റ് നീക്കം ചെയ്യപ്പെടുന്നതിന് മുൻപ് തന്നെ ഇത് വൈറലായി കഴിഞ്ഞിരുന്നു. ‘ഇങ്ങനെയാണ് ഞാൻ എന്റെ കുട്ടികളെ വളർത്തുക’ എന്നായിരുന്നു ഒരു കമന്റ്. ആയിരത്തിലധികം ലൈക്കുകൾ ഈ കമന്റിന് മാത്രം ലഭിച്ചു. ചെറുപ്പം മുതൽ, എല്ലാ യഹൂദർക്കും ഫലസ്‌തീനികളെ വെറുക്കാൻ വിദ്യാഭ്യാസം നൽകണമെന്ന് മറ്റൊരാളുടെ അഭിപ്രായം.

ഗസ്സയിൽ യുദ്ധം ആരംഭിച്ചതിനുശേഷം, ഇസ്രായേലി സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും സ്‌കൂളുകളും സൈനികർക്ക് ഭക്ഷണം, വസ്ത്രങ്ങൾ, കുട്ടികൾ എഴുതിയ കത്തുകൾ എന്നിവ ഉൾപ്പെടുന്ന കെയർ പാക്കേജുകൾ പതിവായി അയയ്ക്കാറുണ്ട്. സൈനികരുടെ മനോവീര്യം വർധിപ്പിക്കുകയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം.

ഇസ്രായേലിൽ ഫലസ്‌തീനികൾക്കെതിരായ ലൈംഗിക അതിക്രമം സാധാരണമായ കാര്യമാണ്. കഴിഞ്ഞ വർഷം, ഒരു ഫലസ്‌തീൻ തടവുകാരനെ ബലാത്സംഗം ചെയ്‌തതായി സംശയിച്ച് നിരവധി ഗാർഡുകൾ അറസ്റ്റിലായിരുന്നു. തുടർന്ന്, ഡസൻ കണക്കിന് വലതുപക്ഷ പ്രക്ഷോഭകർ കുപ്രസിദ്ധമായ ഇസ്രായേലി സ്ഡെ ടെയ്‌മാൻ തടങ്കൽ കേന്ദ്രത്തിലേക്ക് അതിക്രമിച്ചുകയറി. ഫലസ്‌തീൻ തടവുകാരന്റെ മലദ്വാരത്തിൽ ഗാർഡുകൾ മൂർച്ചയുള്ള ഒരു വസ്‌തു കുത്തിയിറക്കിയെന്നും മാരകമായ മുറിവുണ്ടാക്കിയെന്നുമാണ് ആരോപണം.

മത സയണിസ്റ്റ് പാർട്ടിയിലെ നെസെറ്റ് അംഗം ത്സ്വി സുക്കോട്ടിന്റെ നേതൃത്വത്തിൽ ആണ് അന്ന് തടങ്കൽ കേന്ദ്രത്തിലേക്ക് ഒരുസംഘം അതിക്രമിച്ചുകയറിയത്. ഇസ്രായേലി വലതുപക്ഷത്തിന്റെ പിന്തുണയും ഇവർക്ക് ലഭിച്ചു. അറസ്റ്റിലായ അഞ്ച് ഗാർഡുകളുടെ വിചാരണ ഇന്ന് ഒരു സൈനിക കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

ഗസ്സ മുനമ്പിന്റെ അതിർത്തിക്കടുത്തുള്ള നെഗേവ് മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഇസ്രായേലി സൈനിക താവളമാണ് സ്ഡെ ടെയ്‌മാൻ. കുട്ടികളുൾപ്പെടെയുള്ള തടവുകാരെ ഇസ്രായേലി സൈനികരും മെഡിക്കൽ സ്റ്റാഫും ചേർന്ന് ബലാത്സംഗം, കൂട്ടബലാത്സംഗം, മറ്റ് തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾ , മാനസികവും ശാരീരികവുമായ പീഡനങ്ങൾ എന്നിവയ്ക്ക് വിധേയരായതായി മോചിതരായ ഫലസ്‌തീനികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കൈകാലുകൾ മുറിച്ചുമാറ്റി വൈദ്യസഹായം പോലും നൽകാതെ നരകിപ്പിക്കുമായിരുന്നു. ജീവനോടെ അവിടെ പ്രവേശിച്ച തടവുകാർ പിന്നീട് മൃതദേഹങ്ങളായാണ് പുറത്തുവന്നിട്ടുള്ളത് എന്ന് ഒരു റിസർവ് സൈനികനും വ്യക്തമാക്കുന്നു.

2023 ഒക്ടോബർ മുതൽ, വ്യാപകമായ പീഡനങ്ങൾക്കിടയിൽ 70ലധികം ഫലസ്‌തീനി തടവുകാരാണ് ഇസ്രായേൽ ജയിലുകളിൽ മരിച്ചത്. യുദ്ധം തുടങ്ങിയതിനുശേഷം, ഇസ്രായേൽ സൈനികർ ഗസ്സയിൽ നിന്ന് ഏകദേശം 7,000 ഫലസ്‌തീനികളെ അറസ്റ്റ് ചെയ്‌തതായി ഇസ്രായേലി വാർത്താ മാധ്യമമായ ഹമാകോമിന്റെ അന്വേഷണറിപ്പോർട്ടിൽ പറയുന്നു. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിവരെയടക്കം ഇസ്രായേലിനെതിരെ യാതൊരു സൈനിക പ്രവർത്തനത്തിലും ഉൾപ്പെട്ടതിന് തെളിവില്ലാതെയാണ് അറസ്റ്റ് ചെയ്‌തത്‌.

അതിനുശേഷം, 2,500ലധികം ഫലസ്‌തീനികളെ ഉപരോധിച്ച എൻക്ലേവിലേക്ക് തിരികെ വിട്ടയച്ചിട്ടുണ്ട്.മെയ് അവസാനത്തെ കണക്കനുസരിച്ച്, 2,790 ഗാസ നിവാസികൾ ഇപ്പോഴും ഇസ്രായേലിന്റെ തടങ്കൽ കേന്ദ്രങ്ങളിലുണ്ട്. ഇതിൽ 660 പേരെ സ്ഡെ ടെയ്‌മാനിലാണ് പാർപ്പിച്ചിട്ടുള്ളത്.

2023 ഒക്ടോബർ 7 മുതൽ ഇസ്രായേൽ ഫലസ്‌തീനികൾക്കെതിരെ ലൈംഗികവും മറ്റ് ലിംഗാധിഷ്‌ഠിത അതിക്രമങ്ങളും ഭരണകൂട പിന്തുണയോടെ തന്നെ നടത്തിവരികയാണെന്ന് മാർച്ചിൽ പ്രസിദ്ധീകരിച്ച ഒരു യുഎൻ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ രേഖപ്പടുത്തിയിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങളുടെ ഒരു മാതൃക തന്നെ ഇസ്രായേലിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

നിർബന്ധിത പൊതു നഗ്നത. ബലാത്സംഗ ഭീഷണി ഉൾപ്പെടെയുള്ള ലൈംഗിക ഉപദ്രവം എന്നിവ ഫലസ്‌തീനികൾക്കെതിരായ ഇസ്രായേൽ സുരക്ഷാ സേനയുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളുടെ ഭാഗമാണെന്നും റിപ്പോർട്ടിലുണ്ട്. ഇതിന്റെ യാഥാർഥ്യം തുടക്കം പറഞ്ഞ കോഫി ബാഗ് ചിത്രത്തിന് ലഭിച്ച പിന്തുണയിൽ നിന്ന് മനസിലാക്കാം.

ഇത് മാത്രമല്ല, ഗസ്സ മുനമ്പിലെ ഫലസ്‌തീനികൾ ആരും നിരപരിധികളല്ല എന്ന് 64 ശതമാനം ഇസ്രായേലികളും വിശ്വസിക്കുന്നു എന്ന പുതിയ റിപ്പോർട്ട് കൂടി പുറത്തുവന്നിരുന്നു. ഇസ്രായേൽ സമൂഹത്തിൽ തീവ്രവാദ വീക്ഷണങ്ങൾ വർധിച്ചു വരുന്നതിന്റെ സൂചനയാണെന്ന് ഒരു പുതിയ സർവേയിൽ അനാഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *