സ്വാഗതഗാന വിവാദം: ദൃശ്യാവിഷ്‌കാരം ഒരുക്കിയവരുടെ സംഘപരിവാർ ബന്ധം പരിശോധിക്കണമെന്ന് മുഹമ്മദ് റിയാസ്
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ദൃശ്യാവിഷ്‌കാരം ഒരുക്കിയവരുടെ സംഘപരിവാർ ബന്ധം പരിശോധിക്കണമെന്ന് മുഹമ്മദ് റിയാസ്. ഒരു വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും ബോധപൂർവം കലാപാന്തരീക്ഷം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നോ എന്ന് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.
“ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം എന്ത് പറഞ്ഞും ന്യായീകരിക്കാനാവില്ല. ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമം നടന്നോയെന്നും കലോത്സവത്തിലെ ജനകീയ പങ്കാളിത്തം തകർക്കുകയായിരുന്നോ ലക്ഷ്യമെന്നും പരിശോധിക്കണം. ഒരു മതവിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള ശ്രമം ചിലർ ബോധപൂർവം രാജ്യത്ത് നടത്തുന്നുണ്ട്”.
“ദൃശ്യാവിഷ്‌കാരം ഒരുക്കിയ വ്യക്തിയുടെ സംഘ പരിവാർ ബന്ധം വളരെ ഗൗരവത്തിൽ പരിശോധിക്കപ്പെടേണ്ട ഒന്നാണ്. ബന്ധപ്പെട്ടവർ അത് ഏതർഥത്തിലാണ് ചെയ്തതെന്ന് പരിശോധിക്കണം. കലോത്സവത്തിൽ എല്ലാവരും ഒരുമിച്ചാണ്. ആ പങ്കാളിത്തം തകർക്കുകയായിരുന്നോ ലക്ഷ്യമെന്നും പരിശോധിക്കേണ്ടതുണ്ട്”. മന്ത്രി പറഞ്ഞു