സംസ്ഥാനത്ത് വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്നു

WhatsApp accounts are widely hacked in the state and money is stolen

 

കൊച്ചി: സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്‌സ്ആപ്പില്‍നിന്ന് ധനസഹായ അഭ്യര്‍ഥന നടത്തി പണം തട്ടുകയാണ്. എറണാകുളം ഉള്‍പ്പെടെ സൈബര്‍ പൊലീസിനു നൂറുകണക്കിനു പരാതികളാണ് ലഭിച്ചത്.

 

ഒരാളുടെ വാട്‌സ്ആപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പര്‍ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്‌സ്ആപ്പ് നമ്പറുകള്‍ തുടര്‍ന്നു ഹാക്ക് ചെയ്യുന്നതാണു തട്ടിപ്പിന്റെ രീതി. വാട്‌സ്ആപ്പിലേക്ക് ഒരു ആറക്ക നമ്പര്‍ വന്നിട്ടുണ്ടാകുമെന്നും അതൊന്നു അയച്ചു നല്‍കുമോ എന്നും ചോദിച്ചാണു തട്ടിപ്പിന്റെ തുടക്കം.

 

വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അടുത്തു പരിചയമുള്ള ഏതെങ്കിലും അംഗത്തിന്റെ പേരിലാകും അഭ്യര്‍ഥനയെന്നതിനാല്‍ പലരും ഇതിനു തയാറാകും. ഈ ഒടിപി നമ്പര്‍ പറഞ്ഞു കൊടുക്കുന്നതോടെ വാട്‌സ്ആപ്പ് ഹാക്കാകും.

 

ഹാക്ക് ചെയ്യുന്ന നമ്പര്‍ ഉള്‍പ്പെട്ടിട്ടുള്ള അസംഖ്യം ഗ്രൂപ്പുകളിലേക്കും ആളുകളിലേക്കും കടന്നുകയറാന്‍ തട്ടിപ്പുകാര്‍ക്കു വളരെ വേഗം കഴിയുന്നു എന്നതാണ് ഈ തട്ടിപ്പു രീതിയുടെ അപകടം. മാത്രമല്ല, വാട്‌സ്ആപ്പ് മുഖേന പങ്കുവയ്ക്കപ്പെടുന്ന പെഴ്‌സനല്‍ മെസേജുകളിലേക്കും ചിത്രങ്ങള്‍, വിഡിയോ എന്നിവയിലേക്കുമെല്ലാം തട്ടിപ്പുകാര്‍ക്ക് ആക്‌സസ് ലഭിക്കും. സഹായ അഭ്യര്‍ഥനയ്ക്കു പുറമേ ബ്ലാക്ക് മെയില്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു വഴിവയ്ക്കാം എന്നു പൊലീസ് പറയുന്നു.

 

തട്ടിപ്പു തിരിച്ചറിഞ്ഞ് ഇര ‘തന്റെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്തു’ എന്ന മുന്നറിയിപ്പു മെസേജ് ഗ്രൂപ്പുകളിലും പരിചയക്കാര്‍ക്കും ഷെയര്‍ ചെയ്താലും ഈ മെസേജ് തട്ടിപ്പുകാര്‍ തന്നെ ഡിലീറ്റ് ചെയ്യുന്നുവെന്ന പ്രശ്‌നവും കണ്ടെത്തിയിട്ടുണ്ട്.

 

അപരിചിതരുടെ മാത്രമല്ല, പരിചിതരുടെ നമ്പറുകളില്‍ (കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ) നിന്നുള്‍പ്പെടെ ഒടിപി നമ്പറുകള്‍ പറഞ്ഞുകൊടുക്കണമെന്ന ആവശ്യവുമായി വരുന്ന മെസേജുകള്‍ക്കു ഒരു കാരണവശാലും മറുപടി നല്‍കരുതെന്നും പൊലീസ് മുന്നറിയിപ്പു നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *