ഓസ്കാര്‍ മടങ്ങിയെത്തുമ്പോള്‍…

Oscar
ബെലോ ഹൊറിസോണ്ടേ നിശബ്ദമായിക്കിടന്ന ആ രാവിൽ ഫൈനൽ വിസിൽ പെട്ടെന്ന് മുഴങ്ങിയിരുന്നെങ്കിൽ എന്ന് ബ്രസീൽ ആരാധകർ അന്ന് ചിലപ്പോൾ ഉള്ളുരുകി പ്രാർതിച്ചിട്ടുണ്ടാവും. ഇതിലും വലിയൊരു ദുരന്തം ബ്രസീലിയൻ ഫുട്‌ബോളിന് സംഭവിക്കാനുണ്ടായിരുന്നില്ല. തുടരെ ഏഴ് തവണ ജൂലിയോ സെസാറിന്റെ വല കുലുങ്ങി. ഡിഫന്റർമാർ ഗോൾമുഖത്ത് കാഴ്ച്ചക്കാരായി നിൽപ്പുണ്ടായിരുന്നു.Oscar

90ാം മിനിറ്റിലേക്ക് കടന്ന ആ മത്സരത്തിൽ പൊടുന്നനെ ഒരു നീക്കമുണ്ടായി. ബ്രസീലിയൻ ഹാഫിൽ നിന്ന് മാഴ്‌സലോ നീട്ടി നൽകിയ ലോങ് ബോൾ സ്വീകരിച്ച് ജർമൻ ഗോൾമുഖത്തേക്ക് ഒരു 23 കാരന്റെ സഞ്ചാരം. പെനാൽട്ടി ബോക്‌സിൽ ഗാർഡെടുത്ത ജെറോം ബോട്ടെങ്ങിനെ വെട്ടിയൊഴിഞ്ഞയാൾ മാന്വൽ ന്യൂയറിന്റെ വലയിലേക്ക് നിറയൊഴിക്കുന്നു. കമന്ററി ബോക്‌സ് അപ്പോൾ ഇങ്ങനെ ശബ്ദിച്ചു. ‘നെവർ എവർ ഹാസ് എ ബ്രസീലിയൻ ഗോൾ ബീൻ ലെസ് സെലിബ്രേറ്റഡ്.’

വിശ്വവേദികളിലെ മുറിവുണങ്ങാത്ത ഓർമയായി എക്കാലവും അവശേഷിക്കുന്ന ബെലോ ഹൊറിസോണ്ടേ ദുരന്തത്തിൽ ആകെ ഓർമിക്കാൻ ബ്രസീൽ ആരാധകർക്ക് അത് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അത് കൊണ്ട് അവരൊരു കാലത്തും ആ പേര് മറക്കാനിടിയില്ല. ഓസ്‌കാർ ഡോസ് സാന്റോസ് എംബോബ ജൂനിയർ.

അർജന്റീനക്കും കൊളംബിയക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ സ്‌ക്വാഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി ബ്രസീൽ സ്‌ക്വാഡിൽ ആ പേര് തെളിഞ്ഞു. ഓസ്‌കാർ ഇപ്പോഴും പന്തു തട്ടുന്നുണ്ടോ… സോഷ്യൽ മീഡിയയിൽ പലരും ആശ്ചര്യത്തോടെ ചോദിച്ചു.

കരിയറിന്റെ ഉന്നതിയില്‍ നിൽക്കുമ്പോൾ പൊടുന്നനെ അപ്രത്യക്ഷനായൊരാൾ. കക്ക രണ്ടാമൻ എന്നൊക്കെ ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഓസ്‌കാറിനെ ആരാധകർ എപ്പോഴും ഓർത്തെടുക്കാറുള്ളത് അങ്ങനെയാണ്. ഇതാ 33ാം വയസിൽ അയാൾ ബ്രസീലിയൻ സംഘത്തിലേക്ക് തിരികെയെത്തുന്നു.

ഫുട്‌ബോൾ ചരിത്രത്തിൽ ട്രാൻസ്ഫറുകൾ എക്കാലവും ചരിത്രമാണ്. പല കളിക്കാരും ഇതിഹാസങ്ങളായത് പോലും ചില കൂടുമാറ്റങ്ങള്‍ സംഭവിച്ചത് കൊണ്ടാണ്. എന്നാൽ ഓസ്‌കാറിന്റെ കാര്യത്തിൽ നേരെ തിരിച്ചായിരുന്നു കാര്യങ്ങള്‍. അയാളെ ഫുട്‌ബോൾ ലോകത്ത് നിന്ന് അപ്രത്യക്ഷനാക്കിയത് തന്നെ ഒരു ട്രാൻസ്ഫറാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിൽ പന്ത് തട്ടിക്കൊണ്ടിരുന്നൊരാൾ പൊടുന്നനെ ടീം വിടാൻ തീരുമാനിക്കുന്നു. യൂറോപ്പിലെ തന്നെ മറ്റേതെങ്കിലും വമ്പന്മാരുടെ കൂടാരത്തിലേക്കല്ല. അധികമാരും തിരിഞ്ഞ് നോക്കാത്ത ചൈനീസ് സൂപ്പർ ലീഗിലേക്ക്. ഏറെ വിചിത്രമായിരുന്നു ആ ട്രാൻസ്ഫർ.

ബ്രസീലിയൻ മണ്ണിലെ ത്രസിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ യൂറോപ്പിലെ പല വമ്പന്മാരുടേയും റഡാറിൽ പതിഞ്ഞ ഓസ്‌കാർ 2012 ലാണ് ചെൽസിയിലെത്തുന്നത്. പിന്നെ നീണ്ട അഞ്ച് വർഷക്കാലം ബ്രസീലിയൻ ദേശീയ ടീമിലും ചെൽസിയിലും അനിഷേധ്യമായ സാന്നിധ്യമായിരുന്നു അയാള്‍. ചാമ്പ്യന്‍സ് ലീഗില്‍ യുവന്‍റസിനെതിരായ തന്‍റെ ആദ്യ മത്സരത്തില്‍ തന്നെ രണ്ട് തവണ ജിയാന്‍ ലൂയിജി ബഫണിന്‍റെ വലതുളച്ച ആ 19 കാരന്‍ ഫുട്ബോള്‍ ലോകത്തിന്‍റെ ചര്‍ച്ചകളില്‍ നിറയാന്‍ അധിക കാലമൊന്നുമെടുത്തില്ല.

2014 ലോകകപ്പിൽ ഓസ്‌കാറിന്റെ പേരില്ലാത്ത ഒരു ഫസ്റ്റ് ഇലവൻ ആരാധകർക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവുമായിരുന്നില്ല. ചെൽസിക്കൊപ്പം ചേർന്ന് ആദ്യ സീസണിൽ തന്നെ യുവേഫ യൂറോപ്പ ലീഗ് സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിച്ച ഓസ്‌കാർ 2015 ൽ ജോസേ മോറീന്യോക്ക് കീഴിൽ പ്രീമിയർ ലീഗ് കിരീടത്തിലും മുത്തമിട്ടു.

2016 ..ചൈനീസ് സൂപ്പർ ലീഗ് ലോകത്തിന്‍റെ ശ്രദ്ധാ കേന്ദ്രമായി മാറിയ കാലമായിരുന്നു അത്. ഫുട്ബോള്‍ ലോകത്തെ പല വലിയ പേരുകളേയും ചൈനീസ് ക്ലബ്ബുകള്‍ കോടികള്‍ വാരിയെറിഞ്ഞ് കൂടാരത്തിലെത്തിച്ചു കൊണ്ടിരുന്നു. പൗളീന്യോ, റാമിറെസ്, എസിക്വൽ ലാവെസി, ജെർവീന്യോ, ഹൾക്ക്, ബുറാക്ക് യിൽമാസ്, ജാക്‌സൺ മാർട്ടിനസ് തുടങ്ങി നിരവധി പ്രതിഭകള്‍ ചൈനീസ് ക്ലബ്ബുകളിലേക്കുള്ള തങ്ങളുടെ കൂടുമാറ്റം പ്രഖ്യാപിച്ചു. അര്‍ജന്‍റൈന്‍ ഇതിഹാസങ്ങളായ കാർലോസ് ടെവസും, ജാവിയർ മഷറാനോയുമൊക്കെ പിന്നീട് ചൈനീസ് മണ്ണിലെത്തി.

ഓസ്കാറിന് അപ്പോള്‍ 25 വയസാണ് പ്രായം. അതിനോടകം തന്നെ 45 മത്സരങ്ങളില്‍‌ ബ്രസീലിയൻ കുപ്പായമണിഞ്ഞു കഴിഞ്ഞിരുന്നു ആ യങ് സെന്‍സേഷന്‍.. പ്രൈം ടൈമിലേക്ക് കടക്കുന്ന കാലത്ത് 2016 ൽ യൂറോപ്പിലെ നിരവധി ക്ലബ്ബുകള്‍ ഓസ്കാറിന് മുന്നില്‍ വമ്പന്‍ ഓഫറുകളുമായി രംഗത്തെത്തി. അക്കൂട്ടിത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, ജുവന്റസ്, ഇന്റർമിലാൻ, എ.സി മിലാൻ തുടങ്ങിയ ടീമുകളൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ പെട്ടെന്നാണ് ട്രാന്‍സ്ഫര്‍ ചിത്രം ആകെ മാറി മറിഞ്ഞത്. ചൈനീസ് ക്ലബ്ബായ ഷാങ്ഹായി പോർട്ട് ബ്രസീലിയന്‍ താരത്തിന് മുന്നില്‍ ഒരു ഭീമന്‍ ഓഫര്‍ വച്ചു. 60 മില്യൺ യൂറോയായിരുന്നു ഓസ്കാറിന് അന്ന് ഷാങ്ഹായി ഇട്ട വില. ചെല്‍സി കണ്ണുമടച്ചാ ഓഫര്‍ സ്വീകരിക്കാന്‍ തന്നെ തീരുമാനിച്ചു.

24 മില്യൺ യൂറോയായിരുന്നു ഓസ്കാറിന് ഷാങ്ഹായി ഓഫര്‍ ചെയ്ത വാർഷിക പ്രതിഫലം. ചെൽസിയിൽ അക്കാലത്ത് അയാള്‍ക്ക് ലഭിച്ചിരുന്ന പ്രതിഫലത്തുകയുടെ നാലു മടങ്ങ് അധികം വരുമത്. ഒടുവിലാ ട്രാന്‍സ്ഫര്‍ സംഭവിച്ചു. ലോകം ശ്രദ്ധിക്കുന്ന യൂറോപ്പിലെ മൈതാനങ്ങള്‍ ഉപേക്ഷിക്കാനുണ്ടായ ചേതോവികാരം എന്താണെന്ന ചോദ്യത്തിന് ഓസ്കാറിന് അന്ന് ഒരേ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ. പണം… പണം മാത്രം.

ബ്രസീലിയൻ മണ്ണിൽ നിന്ന് ഫുട്‌ബോൾ ലോകത്തിന്റെ നെറുകെയിലേക്ക് ഓടിക്കയറിയ പല ഇതിഹാസങ്ങളുടേയും ബാല്യം പോലെ തന്നെ പട്ടിണിക്കാലങ്ങളോട് പടവെട്ടിയാണ് ഓസ്‌കാറും വളർന്നത്. മൂന്ന് വയസ് പ്രായമുള്ളപ്പോൾ അച്ഛൻ ഒരു വാഹനാപകടത്തിൽ മരണമടഞ്ഞു. അമ്മയാണ് പിന്നീട് ഓസ്‌കാറിനേയും രണ്ട് സഹോദരിമാരെയും വളർത്തിയത്. ചൈനയില്‍ നിന്ന് അത്രയും വലിയൊരു ഓഫര്‍ വന്നപ്പോള്‍ തനിക്കത് നിരസിക്കാനാവുമായിരുന്നില്ലെന്നും കരിയറിന് മുകളിലാണ് താന്‍ തന്‍റെ കുടുംബത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നുമായിരുന്നു ഓസ്കാറിന്‍റെ പ്രതികരണം. അതിന് ഓസ്കാര്‍ കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്.

ഷാങ്ഹായിക്കൊപ്പം ചേര്‍ന്ന് ആദ്യ സീസണില്‍ തന്നെ ടീമിന് ആദ്യ ലീഗ് കിരീടം സമ്മാനിച്ചു ഓസ്കാര്‍. ആ സീസണിൽ 16 അസിസ്റ്റും, 12 ഗോളുകളുമായി ചൈനീസ് മൈതാനങ്ങളില്‍ നിറഞ്ഞാടി. എന്നാലതൊന്നും ഫുട്ബോള്‍ ലോകം ശ്രദ്ധിക്കുന്ന് പോലുമുണ്ടായിരുന്നില്ല. ഏഴ് വര്‍ഷക്കാലമാണ് ഓസ്കാര്‍ ചൈനീസ് മണ്ണില്‍ പന്തു തട്ടിയത്. ഇതിനിടെ ടീമിന് നാല് ലീഗ് കിരീടങ്ങള്‍ സമ്മാനിച്ചു. എന്നാല്‍ ഇക്കാലത്തൊന്നും ഒരിക്കല്‍ പോലും ബ്രസീലിയന്‍ ദേശീയ ടീമിലേക്ക് താരത്തിന് വിളിയെത്തിയില്ല.

”പലപ്പോഴും വലിയ ടൂര്‍ണമെന്‍റുകള്‍ക്കുള്ള ബ്രസീലിയൻ സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോൾ ഞാനതിൽ എന്റെ പേര് തിരയും. നിരാശ മാത്രമായിരുന്നു ഫലം. സ്‌ക്വാഡിലുള്ള പല താരങ്ങളേയും കാണുമ്പോൾ ഇവരേക്കാൾ നന്നായി ഞാൻ കളിക്കുമല്ലോ എന്നെന്റെ മനസ് മന്ത്രിക്കും”- ഓസ്കാര്‍ ഒരിക്കല്‍ പറഞ്ഞതിങ്ങനെയാണ്. ചൈനീസ് ലീഗിൽ കളിക്കുന്ന താരങ്ങളോട് പല പരിശീലകർക്കും മുൻ വിധിയാണെന്ന് ഒരിക്കൽ ഓസ്‌കാർ തുറന്നടിച്ചു.

2024 ഡിസംബറിൽ ഷാങ്ഹായ് വിട്ട ഓസ്കാര്‍ തന്റെ പഴയ ക്ലബ്ബായ സാവോ പോളോയിലേക്ക് മടങ്ങിയെത്തി. മൂന്ന് വര്‍ഷത്തെ കരാറിലായിരുന്നു താരത്തിന്‍റെ കംബാക്ക്. ഒരു വര്‍ഷത്തിനിപ്പുറം ബ്രസീല്‍ ദേശീയ സ്ക്വാഡിലേക്കും അയാള്‍ തിരികെയെത്തുന്നു. ചെല്‍സിയിലെ ആ പഴയ പത്തൊമ്പതുകാരന്‍റെ വീര്യം ഇപ്പോഴും അയാളില്‍ ബാക്കിയുണ്ടോ. മൈതാനമുണരാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *