‘300 കോടിയുടെ ഓഫീസ് പണിയാൻ പണം എവിടെനിന്ന്?’; ആർഎസ്എസിന് എതിരെ വീണ്ടും പ്രിയങ്ക് ഖാർഗെ

RSS

കൽബുറഗി: ആർഎസ്എസിനെതിരെ വിമർശനം തുടർന്ന് കർണാടക ഗ്രാമവികസന, പഞ്ചായത്ത് വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ. 300- 400 കോടി രൂപയുടെ ഓഫീസ് നിർമിക്കാൻ ആർഎസ്എസിന് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഫണ്ടിന്റെ ഉറവിടം എന്താണ് വെളിപ്പെടുത്താത്തത്? എന്തുകൊണ്ടാണ് ഫണ്ടിങ് ഇത്ര അവ്യക്തമാകുന്നത്? ആർക്കെങ്കിലും ഉത്തരം അറിയാമെങ്കിൽ എന്നോട് പറയൂ. എന്തായാലും തനിക്ക് ഉത്തരം അറിയാമെന്നും ഖാർഗെ കലബുറഗിയിൽ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾ മൂന്നക്കം കടന്ന് അധികാരത്തിലെത്തിയാൽ ഇഡി, ഐടി പോലുള്ള ഏജൻസികളെ ആർഎസ്എസ് ആസ്ഥാനത്തേക്ക് അയക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.RSS

ആർഎസ്എസും ബിജെപിയും ഭരണഘടനാ വിരുദ്ധരാണെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു. മുമ്പും താൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അധികാരം ലഭിച്ചാൽ, രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാകുന്ന, മതത്തിന്റെ അടിസ്ഥാനത്തിൽ സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന, ഭരണഘടനയുടെ തത്വങ്ങൾ ലംഘിക്കുന്ന സംഘടനകൾക്കെതിരെ നടപടിയെടുക്കും. ജാതി, വർഗീയ വിദ്വേഷം പ്രചരിപ്പിച്ച് രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് ദോഷം വരുത്തുന്നവർ ദേശവിരുദ്ധരാണെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ടെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

തുടക്കം മുതൽ ആർഎസ്എസ് ഇന്ത്യൻ ഭരണഘടനയെ എതിർക്കുന്നുണ്ട്. അവരുടെ മുഖപത്രമായ ഓർഗനൈസറിൽ ഭരണഘടനെ എതിർത്തിരുന്നു. മനുസ്മൃതിക്ക് വേണ്ടിയാണ് അവർ വാദിച്ചത്. ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈന്യത്തിനെതിരെ പോരാടാൻ ഇന്ത്യക്കാരോട് സവർക്കർ ആഹ്വാനം ചെയ്തു. അദ്ദേഹം എന്തുകൊണ്ടാണ് ബ്രിട്ടീഷുകാരുടെ പെൻഷൻ സ്വീകരിച്ചത്? എന്തിനാണ് ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതിയതെന്നും പ്രിയങ്ക് ഖാർഗെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *