റീലെടുക്കുന്നതിനിടെ കാലുതെന്നി കനാലിൽ വീണു; 19കാരിയുടെ മൃതദേഹത്തിനായി തെരച്ചിൽ
ലക്‌നൗ: യുപിയിലെ ലഖ്‌നൗവിൽ ഇൻസ്റ്റഗ്രാമിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാലുതെന്നി കനാലിൽ വീണ 19കാരിക്കായി തെരച്ചിൽ തുടരുന്നു. സഹോദരിമാർക്കും സുഹൃത്തുക്കൾക്കുമൊപ്പം വീഡിയോ എടുക്കുന്നതിനിടെ ലഖ്‌നൗവിലെ ഇന്ദിരാ കനാലിലേക്കാണ് 19കാരി മനീഷ ഖാൻ തെന്നിവീണത്. reeling
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മുങ്ങൽ വിദഗ്ധർ തെരച്ചിൽ നടത്തിയെങ്കിലും മനീഷയെ കണ്ടെത്താനായില്ല. രാത്രിയോടെ അവസാനിപ്പിച്ച തെരച്ചിൽ ഇന്ന് പുനരാരംഭിച്ചതായി പൊലീസ് അധികൃതർ അറിയിച്ചു.
മനീഷയുടെ സഹോദരി നിഷ ഖാനും സുഹൃത്ത് ദീപാലിയും ചേർന്നാണ് യുപി 112 എമർജൻസി സർവീസുമായി ബന്ധപ്പെട്ട് അപകടവിവരം അറിയിക്കുന്നത്. തങ്ങളുടെ സോഷ്യൽ മീഡിയ പേജിലേക്ക് റീലുകൾ ഷൂട്ട് ചെയ്യുന്നതിനിടെ മനീഷ കനാലിൽ വീണതായി ഇരുവരും പോലീസിനെ അറിയിച്ചു. പോലീസ് സംഘവും നാട്ടുകാരും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചെങ്കിലും മനീഷയെ കണ്ടെത്താനായില്ല.
മനീഷ തൻ്റെ സഹോദരിമാർക്കും സുഹൃത്തുക്കൾക്കുമൊപ്പം മുൻഷി പുള്ളിയയിൽ നിന്ന് ഒരു ഓട്ടോറിക്ഷയിലാണ് പിക്നിക്കിനായി ഇന്ദിരാ കനാലിലേക്ക് പോയത്. ഡാൻസ് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ കാലുതെന്നി കനാലിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മനീഷയുടെ ഫോണിൽ നിന്ന് തന്നെ പോലീസ് കണ്ടെടുത്തിട്ടുണ്ട്.