ഫോക്ക്‌ലാൻഡ്സ് തർക്കത്തിൽ അർജന്റീനക്കെതിരെ നടപടി ആവശ്യപ്പെട്ട് യു.കെ; കളിക്കാർക്ക് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടൺ: ഇംഗ്ലണ്ടിനെതിരായ 2026 ഫിഫ ലോകകപ്പ് സെമിഫൈനൽ വിജയത്തിന് ശേഷം അർജന്റീന ടീം നടത്തിയ ആഘോഷങ്ങൾ വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. മത്സരശേഷം അർജന്റീന കളിക്കാർ മൈതാനത്ത് ഉയർത്തിയ ബാനറാണ് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചാവിഷയമായിരിക്കുന്നത്. “ലാസ് മാൽവിനാസ് സൺ അർജന്റീനസ്” (Las Malvinas son Argentinas) എന്ന് എഴുതിയ ബാനർ ഉയർത്തിക്കൊണ്ടാണ് അവർ വിജയം ആഘോഷിച്ചത്. 1982-ൽ അർജന്റീനയും യുണൈറ്റഡ് കിങ്ഡവും തമ്മിൽ യുദ്ധം നടന്ന ദക്ഷിണ അറ്റ്ലാന്റിക്കിലെ തർക്കപ്രദേശമായ ഫോക്ക്‌ലാൻഡ് ദ്വീപുകളെ പരാമർശിക്കുന്നതായിരുന്നു ഈ സന്ദേശം.

ഈ സംഭവം വലിയ വിവാദമായതോടെ, ഫുട്ബോളിനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കാൻ പാടില്ലെന്ന നിയമം ലംഘിച്ച അർജന്റീന ടീമിനെതിരെ ഫിഫ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുണൈറ്റഡ് കിങ്ഡം ആവശ്യപ്പെട്ടു. യു.കെ ബിസിനസ് സെക്രട്ടറി പീറ്റർ കൈൽ ഈ നടപടിയെ നിയമങ്ങളുടെ നഗ്നമായ ലംഘനം എന്ന് വിശേഷിപ്പിക്കുകയും, വിഷയം ഫിഫ കർശനമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രധാനമന്ത്രി കിയർ സ്റ്റാർമറും പീറ്റർ കൈലിന്റെ ഈ നിലപാടിനെ പൂർണമായും പിന്തുണച്ചു. സംഭവത്തിൽ ഫിഫയുടെ സ്വതന്ത്ര അച്ചടക്ക സമിതി നിലവിൽ അന്വേഷണം നടത്തിവരികയാണ്.

ഈ സാഹചര്യത്തിൽ അർജന്റീന ടീമിനെ പിന്തുണച്ചുകൊണ്ട് വൈറ്റ് ഹൗസ് നടത്തിയ പരാമർശം ഏറെ ശ്രദ്ധേയമായി. വൈറ്റ് ഹൗസിലെ ഫിഫ ടാസ്‌ക് ഫോഴ്‌സ് തലവൻ ആൻഡ്രൂ ഗിലിയാനിയാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. കളിക്കാർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് ഗിലിയാനി പറഞ്ഞു. അമേരിക്കൻ ഐക്യനാടുകളിലെ ഭരണഘടന ഉറപ്പുനൽകുന്ന ‘ഫസ്റ്റ് അമെൻഡ്മെന്റ്’ അവകാശങ്ങളെ പരാമർശിച്ചുകൊണ്ട് അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തെ തങ്ങൾ പിന്തുണക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫുട്ബോൾ മൈതാനത്തെ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ കടുത്ത നിലപാടുള്ള ഫിഫ, ഈ വിവാദത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നതാണ് ഇപ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.