ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ റയലിന്‍റേയും ബാഴ്സയുടേയും എതിരാളികള്‍ ആരൊക്കെ? സാധ്യതകള്‍ ഇങ്ങനെ
ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് മത്സരങ്ങൾ അവസാനിച്ചതോടെ പ്രീക്വാർട്ടർ ചിത്രം തെളിഞ്ഞു. ഇനിയാണ് മരണപ്പോരുകൾ. നാളെ നടക്കാനിരിക്കുന്ന പ്രീ ക്വാർട്ടർ ഡ്രോയോടെ റൗണ്ട് ഓഫ് 16 ല്‍ ആരൊക്കെയാണ് പരസ്പരം ഏറ്റുമുട്ടുക എന്നറിയാം. പുതിയ ചാമ്പ്യൻസ് ലീഗ് ഫോർമാറ്റ് പ്രകാരം പ്രീക്വാർട്ടർ പോരാട്ടങ്ങളെ കുറിച്ച ഒരു ഏകദേശ ധാരണ ആരാധകർക്ക് നേരത്തേ ലഭിച്ചു കഴിഞ്ഞു. നിങ്ങളുടെ ഇഷ്ട ടീമുകളുടെ എതിരാളികൾ ആരൊക്കെയായിരിക്കും. സാധ്യതകൾ ഇങ്ങനെ.Barcelona
സ്പാനിഷ് അതികായരായ ബാഴ്സലോണക്ക് പി.എസ്.ജി അല്ലെങ്കിൽ ബെൻഫിക്ക ഈ രണ്ട് ടീമുകളിൽ ഒന്നിനെയായിരിക്കും റൗണ്ട് ഓഫ് സിക്സ്റ്റീനിൽ നേരിടേണ്ടി വരിക. ഇംഗ്ലീഷ് കരുത്തരായ ലിവർപൂളിനും അങ്ങനെ തന്നെ.
നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് തങ്ങളുടെ നഗര വൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെയോ സാബി അലോൺസോയുടെ ബയർ ലെവർകൂസണേയോ പ്രീക്വാർട്ടറിൽ നേരിടേണ്ടി വരും. ജർമൻ കരുത്തരായ ബയേണിനും അത്ലറ്റിക്കോയോ ലെവർകൂസണോ തന്നെയായിരിക്കും എതിരാളികൾ. മൈക്കിൽ അർട്ടേറ്റയുടെ ആഴ്സണലിന് പി.എസ്.വി അല്ലെങ്കിൽ ഫെയ്നൂദ് ഇവയിലേതെങ്കിലും ഒരു ടീമിനെ നേരിടേണ്ടി വരും. ഇന്റർമിലാനും അങ്ങനെ തന്നെയാവും കാര്യങ്ങൾ.
ബൊറൂസിയ ഡോർട്ട്മുണ്ടിനാവട്ടെ ഇംഗ്ലീഷ് കരുത്തരായ ആസ്റ്റൺ വില്ല അല്ലെങ്കിൽ ഫ്രഞ്ച് ക്ലബ്ബായ ലില്ലെ ഇവയിലേതെങ്കിലും ഒരു ടീമായിരിക്കും എതിരാളികൾ. അറ്റ്ലാന്‍റയെ തകർത്ത് പ്രീക്വാർട്ടർ പ്രവേശം നേടിയ ബെൽജിയൻ ക്ലബ്ബ് ക്ലബ്ബ് ബ്രൂഗേക്കും ആസ്റ്റൺ വില്ല അല്ലെങ്കിൽ ലില്ലെ ഇവയിലേതെങ്കിലും ഒരു ടീമിനെ തന്നെയാവും നേരിടേണ്ടി വരിക. നാളെ വൈകുന്നേരത്തോടെ അനിശ്ചിതത്വങ്ങൾ അവസാനിക്കും. മാർച്ച് നാലിനാണ് പ്രീക്വാർട്ടർ ആദ്യ പാദ പോരാട്ടങ്ങള്‍.