നല്ല വോട്ട് ചീത്ത വോട്ട് എന്നൊന്നില്ല…; എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ളവരുടെ വോട്ട് സ്വീകരിക്കുമെന്ന് മങ്കടയിലെ എൽ.ഡി.എഫ് സ്ഥാനാർഥി
മങ്കട: എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ളവരുടെ വോട്ട് സ്വീകരിക്കുമെന്ന് മങ്കടയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കുന്നത്ത് മുഹമ്മദ്. എൽ.ഡി.എഫിന്റെയും ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളിൽനിന്ന് നല്ല പ്രതീക്ഷയാണ് ലഭിക്കുന്നത്. മനസ്സിന് സമാധാനമുള്ളൊരു പ്രതീക്ഷയാണത്. വിജയിക്കുമെന്ന് ഉറപ്പുണ്ട്. ഒരു സ്വതന്ത്ര സ്ഥാനാർഥിയെന്ന നിലയിൽ എല്ലാവരോടും വോട്ട് ചോദിച്ചിട്ടുണ്ട്. നല്ല വോട്ട്, ചീത്ത് വോട്ട് എന്ന് പറഞ്ഞ് മാറ്റിവെക്കുന്നില്ല. എല്ലാവരുടെയും വോട്ട് സ്വീകരിക്കും. എല്ലാ ജനാധിപത്യ വിശ്വാസികളുടെയും വോട്ട് സ്വീകരിക്കും. അല്ലാതെ പാകിസ്താന്റെയും അമേരിക്കയുടെയും വോട്ട് പോയി സ്വീകരിക്കാൻ കഴിയില്ലല്ലോ എന്നും മുഹമ്മദ് പറഞ്ഞു.
മങ്കടയിലെ എസ്.ഡി.പി.ഐ സ്ഥാനാർഥിയെ എന്തുകൊണ്ടു പിൻവലിച്ചു എന്നറിയില്ല. ഇടതു സ്ഥാനാർഥിയെ മാറ്റി തന്നെ പിന്തുണക്കാനുള്ള തീരുമാനത്തിൽ എൽ.ഡി.എഫ് അണികൾക്കുണ്ടായ ആശയക്കുഴപ്പം മാറിയോ എന്നറിയില്ല. ഇടതുപക്ഷം പിന്തുണച്ചതിൽ സന്തോഷം. അവരോടൊത്തുള്ള പോക്കിൽ ആത്മവിശ്വാസമുണ്ട്. ലീഗിൽ നിന്നും അടിയൊഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
മങ്കടയിലെ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. മങ്കട ഇത്തവണ ജയിക്കും, നല്ല സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയിരിക്കുന്നത്. വ്യാജ പ്രചാരണം നടത്തി എൽ.ഡി.എഫിനെ കുരുക്കിയിടാനാണ് ശ്രമം. അത് ജനങ്ങൾ വിശ്വസിക്കില്ല. രമേശ് ചെന്നിത്തല നുണ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മങ്കടയിൽ എസ്.ഡി.പി.ഐയുടെ പിന്തുണയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ‘നിങ്ങളുടെ വിഷമം മനസിലാകുന്നുണ്ട്, നിങ്ങൾ ആ വിഷയം കൊണ്ട് നടക്കൂ’ എന്നായിരുന്നു മറുപടി. മങ്കടയിൽ എസ്.ഡി.പി.ഐ സ്ഥാനാർഥിയായി പത്രിക നൽകിയ സി.എച്ച്. അഷ്റഫ് ഒടുവിൽ പിൻവലിച്ചിരുന്നു.
