ഇടുക്കിയിൽ പിറക്കുമോ കേരള കോൺഗ്രസ് (മാർക്സിസ്റ്റ്)‍…?



ടുക്കിയിൽ കേരള കോൺഗ്രസ് (എം) വീണ്ടും പിളർപ്പിന്റെ വക്കിലാണോ എന്ന ആശങ്കയാണ് ഇപ്പോൾ പാർട്ടി പ്രവർത്തകരിൽ ശക്തമാകുന്നത്. ജോസ് കെ. മാണിയുടെ കൈയിൽനിന്ന് മൈക്ക് പിടിച്ചെടുത്ത് പാലായിൽ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ച സംഭവം, പാർട്ടിക്കുള്ളിലെ വിള്ളലുകൾ വീണ്ടും പുറത്ത് കൊണ്ടുവന്നിരിക്കുകയാണ്. സ്ഥാനാർഥികളെ പാർട്ടി തീരുമാനിക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞിട്ടും പാലായിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ ആവർത്തിച്ചതോടെ, തമാശയിൽ അവസാനിക്കുമായിരുന്ന റോഷിയുടെ പരാമർശം കൂടുതൽ ഗൗരവമേറിയതായി. ഇതോടെ കാര്യങ്ങൾ വ്യക്തമാക്കേണ്ട അവസ്ഥയിലേക്കാണ് ജോസ് കെ. മാണി എത്തിയത്.

സ്ഥാനാർത്ഥികളെ പാർട്ടി തീരുമാനിക്കുമെന്ന ജോസ് കെ. മാണിയുടെ പ്രസ്താവനക്ക് പിന്നാലെയാണ്, അതിന് കടകവിരുദ്ധമായി റോഷിയുടെ സ്ഥാനാർഥി പ്രഖ്യാപനം വീണ്ടും ഉണ്ടായത്.

കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നു എന്നും, അതിന് തടയിട്ടത് റോഷി അഗസ്റ്റിൻ ആണെന്നും സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി. വി. വർഗീസ് ചില യോഗങ്ങളിൽ പരാമർശിച്ചതായ വാർത്ത പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇതോടെ പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ നാട്ടുകാർക്കിടയിലും ചർച്ചാവിഷയമായി. ഈ വാർത്ത തെറ്റാണെന്ന് പിന്നീട് സി.വി. വർഗീസ് വ്യക്തമാക്കിയെങ്കിലും, കേരള കോൺഗ്രസിനകത്തെ വിഭാഗീയത കൂടുതൽ രൂക്ഷമായി.

എൽ.ഡി.എഫിന്റെ മധ്യമേഖലാ ജാഥ കായംകുളത്ത് നിന്ന് ആരംഭിച്ചതുമുതൽ ജോസ് കെ. മാണിയാണ് നേതൃത്വം നൽകിയത്. പി.കെ. ബിജുവും കെ.കെ. ശൈലജ ടീച്ചറും അദ്ദേഹത്തോടൊപ്പം വേദിയിൽ ഉണ്ടായിരുന്നു. എന്നാൽ പാർട്ടിയുടെ ഏക മന്ത്രിയായ റോഷി അഗസ്റ്റിന്റെ പ്രാധാന്യം യാത്രയിൽ കുറച്ചുവെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. യാത്രയ്ക്കിടെ നടന്ന പത്രസമ്മേളനങ്ങളിൽ ജോസ് കെ. മാണി മാത്രമാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. മറ്റ് നേതാക്കൾ ആരും ഇടപെട്ടില്ലെന്നതും ശ്രദ്ധേയമായി.

ജാഥ ഇടുക്കിയിലെത്തിയപ്പോൾ നടന്ന മൈക്ക് വിവാദം പുതിയ ചർച്ചകൾക്ക് വഴിതുറന്നു. റോഷി അഗസ്റ്റിൻ നടത്തിയ പ്രഖ്യാപനം, മാധ്യമങ്ങളിലൂടെ സ്വന്തം സാന്നിധ്യം ശക്തമായി അറിയിക്കാനുള്ള ശ്രമമായിരുന്നുവെന്ന് എതിർപക്ഷം ആരോപിക്കുന്നു. ഇത് വെറും ആവേശത്തിൽ പറഞ്ഞതാണെന്ന് ജോസ് കെ. മാണി ലഘൂകരിക്കാൻ ശ്രമിച്ചെങ്കിലും, മുതിർന്ന നേതാക്കൾക്കിടയിൽ റോഷിയോടുള്ള അസംതൃപ്തി വർധിക്കുകയാണ്.

റോഷിയെ എന്ത് വിലകൊടുത്തും വിജയിപ്പിക്കണമെന്ന സി.പി.എം ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ ആവശ്യം പരസ്യമായി പിൻവലിക്കേണ്ടിവന്നതും, ജോസ് കെ. മാണിയെ അനുകൂലിക്കുന്നവരുടെ അമർഷം നേരിടേണ്ടി വന്നതുമാണ് റോഷിയുടെ സ്ഥിതി കൂടുതൽ പരുങ്ങലിലാക്കുന്നത്. യുവതലമുറയിൽ നിന്നുവന്നതിന്റെ എടുത്തുചാട്ടമാണ് റോഷിയുടെ പരാമർശമെന്ന് പറഞ്ഞ്, അദ്ദേഹത്തെ പക്വതയില്ലാത്ത നേതാവായി ചിത്രീകരിക്കാൻ ജോസ് കെ. മാണി ശ്രമിക്കുന്നുവെന്ന വികാരവും റോഷി വിഭാഗത്തിനുണ്ട്.

ഇതിനിടയിൽ, കേരള കോൺഗ്രസി (എം) ന്റെ എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും അസ്വസ്ഥതയും പ്രതിഷേധവും ശക്തമാവുകയാണ്. ഇടുക്കിയിൽ റോഷിയെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും കൂട്ടിയിണക്കി, സി.പി.എം പിന്തുണയോടെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. “കേരള കോൺഗ്രസ് മാർക്സിസ്റ്റ്” എന്ന പേരിടണമെന്ന പരിഹാസ നിർദേശങ്ങളും ഗ്രൂപ്പുകളിൽ പ്രചരിക്കുന്നു.

മൊത്തത്തിൽ, നേതൃമത്സരവും പരസ്പര അവിശ്വാസവും ശക്തമായതോടെ, ഇടുക്കിയിൽ കേരള കോൺഗ്രസ് (എം) വീണ്ടും ഒരു പിളർപ്പിലേക്ക് നീങ്ങുമോ എന്ന സംശയം പാർട്ടി അണികളിലും വ്യാപകമായി നിലനിൽക്കുകയാണ്.