ഗസ്സയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്
കെയ്‌റോ: ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചയ്ക്കായി ഇസ്രായേൽ പ്രതിനിധി സംഘത്തെ ഈജിപ്തിലേക്ക് അയയ്ക്കും. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ചർച്ചയിലെ നിർദേശങ്ങൾ കഴിഞ്ഞ ദിവസം ഹമാസ് അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണു പുതിയ നീക്കം. ഖത്തർ സംഘവും ചർച്ചയ്ക്കായി നാളെ കെയ്‌റോയിലെത്തുന്നുണ്ട്. അതേസമയം, മധ്യസ്ഥരാജ്യങ്ങളുടെ നിർദേശങ്ങൾ ഇസ്രായേൽ താൽപര്യങ്ങളിൽനിന്ന് വിദൂരമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചിട്ടുണ്ട്.Gaza
രണ്ടു ദിവസത്തോളം നീണ്ട കെയ്റോ വെടിനിർത്തൽ ചർച്ച കഴിഞ്ഞ് ഖത്തറിൽ തിരിച്ചെത്തിയ ഹമാസ് സംഘമാണു മധ്യസ്ഥ നിർദേശങ്ങളോട് അനുകൂലമായി പ്രതികരിച്ചത്. ദോഹയിൽ മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. വെടിനിർത്തലുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കണമെന്ന് ഖത്തറിനോടും ഈജിപ്തിനോടും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹമാസ് രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മാഈൽ ഹനിയ്യയാണ് നിലപാട് ഇരുരാജ്യങ്ങളെയും അറിയിച്ചത്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെയും തങ്ങളുടെ നിലപാട് അറിയിച്ചതായി ഹമാസ് വ്യക്തമാക്കി. വെടിനിർത്തലുമായി ബന്ധപ്പെട്ട് നേരത്തെ ദോഹയിലും പാരിസിലും വിശദമായ ചർച്ച നടന്നിരുന്നു.
ഹമാസുമായുള്ള കരാർ മാത്രമാണ് ബന്ദികളുടെ മോചനത്തിനുള്ള ഏകവഴിയെന്നും അതിനാൽ അനുകൂലമായി പ്രതികരിക്കണമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നെതന്യാഹുവുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ നിർദേശം നൽകിയിരുന്നു. അതേസമയം, വിഷയം പഠിക്കുകയാണെന്നും വിശദമായി പിന്നീട് പ്രതികരിക്കുമെന്നുമാണു സർക്കാർ വൃത്തങ്ങൾ അറിയിച്ചതെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യസ്ഥ ചർച്ചയിലെ നിർദേശങ്ങൾ ഇസ്രായേൽ കൂടി അംഗീകരിച്ചാൽ 213 ദിവസം പിന്നിടുന്ന ഗസ്സ ആക്രമണത്തിനു താൽക്കാലികമായെങ്കിലും അറുതിവന്നേക്കും.