ഏകദിനത്തെ രക്ഷിക്കാൻ ത്രിരാഷ്ട്ര പരമ്പരകൾ മടങ്ങി വരുമോ?
ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള മുന്നൊരുക്കമായി പാകിസ്താനിൽ ഒരു ത്രിരാഷ്ട്ര ഏകദിന പരമ്പര നടത്തുവരുന്നു. ആതിഥേയർക്കൊപ്പം ദക്ഷിണാഫ്രിക്കയും ന്യൂസിലാൻഡും പരമ്പരയിൽ പങ്കെടുക്കുന്നുണ്ട്. പരമ്പര എന്ന് കേൾക്കുമ്പോൾ ഒാരോ ക്രിക്കറ്റ് പ്രേമിയുടെയും മനസ്സിൽ ഒരുപാട് ഓർമകൾ മിന്നിമറഞ്ഞിരിക്കും. ഒരു കാലത്ത് ത്രിരാഷ്ട്ര പരമ്പരകൾ അത്രയും മനോഹര നിമിഷങ്ങളാണ് ക്രിക്കറ്റ് പ്രേമികൾക്ക് നൽകിയിരുന്നത്.tri-series
ഒരു ത്രിരാഷ്ട്ര പരമ്പരയുടെ കലാശക്കൊട്ടായിട്ടാണ് സൗരവ് ഗാംഗുലി ലോർഡ്സിൽ ജേഴ്സിയൂരി വീശിയത്.. മൈറ്റി ഓസീസിനെ തോൽപ്പിച്ച് ധോണിയും സംഘവും സിബി സീരീസുയർത്തിയതും ഒരു ത്രിരാഷ്ട്ര പരമ്പരയിലാണ്. 2012 സിബി സീരീസിലെ നിർണായക മത്സരത്തിലാണ് കോഹ്ലിയയുടെ ഹൊബാർട്ട് ക്ലാസിക് പിറന്നത്..മൈക്കൽ ബെവന്റെ പല ക്ലാസിക് ഫിനിഷുകളും പിറന്നത് ത്രിരാഷ്ട്ര പരമ്പരകളിലായിരുന്നു. ഇങ്ങനെ ഒളിമങ്ങാത്ത ഒട്ടേറെ ഓർമകൾ ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസ്സിലുണ്ട്.
ത്രിരാഷ്ട്ര പരമ്പരകളുടെ തുടക്കം
വെള്ളക്കുപ്പായത്തിനും ചുവപ്പ് പന്തിനും ഇടയിൽ മറ്റൊരു ലോകമില്ലാത്ത ക്രിക്കറ്റിനെ കളറാക്കിയത് ആസ്ട്രേലിയക്കാരനായ കെറി പാക്കറാണ്. കളർ ജഴ്സികളും ഡേ നൈറ്റ് മത്സരങ്ങളുമെല്ലാം കൊണ്ടുവന്ന പാക്കറുടെ ബുദ്ധിയിൽ തന്നെയാണ് രണ്ട് രാജ്യങ്ങൾ മാത്രമല്ലാത്തൊരു പരമ്പരയെന്ന ആശയവും ഉദിക്കുന്നത്. വേൾഡ് സീരീസ് ക്രിക്കറ്റ് എന്ന പേരിൽ നാലു ടീമുകളുമായി നടത്തിയ ടൂർണമെന്റാണ് ത്രിരാഷ്ട്ര പരമ്പരകൾക്ക് തിരികൊളുത്തുന്നത്.1980കളിൽ ബെൻസൺ ഹെഡ്ജസ് സീരീസായും പിന്നീട് വിബി സീരീസായും സിബി സീരീസുമായൊക്കെ അതൊരുപാട് മാറി. വർഷത്തിൽ ഒന്ന് എന്ന രീതിയിൽ ഒരുക്കിയ ത്രിരാഷ്ട്ര പരമ്പരകൾ ആസ്ട്രേലിയൻ ക്രിക്കറ്റ് സമ്മറിൽ വലിയ ഓളമുണ്ടായിരുന്നു. 1979 മുതൽ ആരംഭിച്ച ത്രിരാഷ്ട്ര പരമ്പരകൾ 2007-2008 വരെ മുടക്കമില്ലാതെ നടന്നു. ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, സിംബാബ്‍വെ, വിൻഡീസ്, ലങ്ക എന്നീ രാജ്യങ്ങളെല്ലാം ഓസ്ട്രേലിയൻ സമ്മറിലെ ത്രിരാഷ്ട്ര പരമ്പരകളിൽ അതിഥികളായെത്തി. എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളും ബിഗ്ബാഷ് ലീഗുമെല്ലാം തകർക്കുന്ന ആസ്ട്രേലിയൻ സമ്മറിൽ ഇനിയൊരു ത്രിരാഷ്ട്ര പരമ്പരക്ക് ഇടം കണ്ടെത്തുക അസാധ്യമാണ്. 2015 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ, ഇംഗ്ലണ്ട്, ആസ്ട്രേലിയ എന്നിവർ അണിനിരന്ന ടൂർണമെന്റിന് ശേഷം ആസ്ട്രേലിയയിൽ മറ്റൊരു ത്രിരാഷ്ട്ര ഏകദിന പരമ്പര നടന്നിട്ടില്ല.
2010ന് ശേഷം ഇന്ത്യ വളരെ അപൂർവമായി മാത്രമേ ത്രിരാഷ്ട്ര പരമ്പരകളിൽ കളത്തിലിറങ്ങിയിട്ടുള്ളൂ. 2012ലെ സിബി സീരീസും 2013ലെ സെൽകോൺ കപ്പുമാണ് ഇതിൽ പ്രധാനം. ഏകദിന മത്സരങ്ങൾ എല്ലാ രാജ്യക്കാരും വെട്ടിക്കുറക്കുന്ന കാലത്ത് കാണുന്നവർക്ക് കുറച്ചുകൂടി ഉദ്വേഗം നൽകുന്ന ഒരു ത്രിരാഷ്ട്ര പരമ്പര ആരംഭിച്ചുകൂടെ എന്ന് ഓരോ ക്രിക്കറ്റ് പ്രേമിയും ചിന്തിക്കാറുണ്ട്. ഓരോ പരസ്യക്കമ്പനിയുടെയും പേരിലുള്ള ഏകദിന പരമ്പരകൾ യഥേഷ്ഠം നടത്തുന്നതിന് പകരം ഒരു ത്രിരാഷ്ട്ര പരമ്പര വെച്ചാൽ അത് കൂടുതൽ ശ്രദ്ധയാകർഷിക്കില്ലേ എന്ന ചോദ്യം ന്യായമാണ്. എന്നിട്ടും എന്തുകൊണ്ട് അതില്ല?
എന്തുകൊണ്ട് ത്രിരാഷ്ട്ര പരമ്പരകളില്ല?
ഇതിന്റെ ഏറ്റവും പ്രധാനകാരണം പണത്തിന്റെ വരവ് തന്നെയാണ്. ഉദാഹരണമായി പറഞ്ഞാൽ ഇന്ത്യയിൽ വെച്ചൊരു ത്രിരാഷ്ട്ര പരമ്പര നടത്തിയിയാൽ തീർച്ചയായും ആ പരമ്പരയിലെ നാല്ലൊരു ശമതാനം മത്സരങ്ങളും ഇന്ത്യയില്ലാത്തവയാകും. ആ മത്സരങ്ങൾക്ക് ഗ്യാലറി നിറയുകയോ ടിവി ബ്രോഡ്കാസ്റ്റിൽ ആളുകൂടുകയോ ചെയ്യില്ല. പണത്തിന്റെ കള്ളിക്കുള്ളിലല്ലാതെ മറ്റൊന്നും ചെയ്യാൻ താൽപര്യമില്ലാത്ത ബിസിസിഐ അതുകൊണ്ടുതന്നെ അതിന് മുതിരുമെന്ന് കരുതാൻ വയ്യ. ഒരുപാട് മത്സരങ്ങളുള്ള ഒരു ത്രിരാഷ്ട്ര പരമ്പര നടത്തിയാൽ കിട്ടുന്ന അതേ ലാഭം തന്നെ ഒരു ഏകദിന പരമ്പരകൊണ്ടും സൃഷ്ടിക്കാമെന്ന് അവർ കരുതുന്നു.
മറ്റൊന്ന് സമയ ദൈർഘ്യമാണ്. പലപ്പോഴും ത്രിരാഷ്ട്ര പരമ്പര ഒരു മാസത്തിലേറെവരെ നീളാറുണ്ട്. ഓൾറെഡി ട്വന്റി 20 ലീഗുകൾക്കും ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇടയിൽ െഞങ്ങി ഞെരുങ്ങിയുള്ള ഷെഡ്യൂളിൽ ത്രിരാഷ്ട്ര പരമ്പരക്ക് കൂടി ഇടം കണ്ടെത്താൻ പ്രയാസമാണ്.മറ്റു രാജ്യങ്ങളിലും കഥ സമാനം തന്നെ. 2019ൽ വിൻഡീസ്, ബംഗ്ലദേശ്, അയർലാൻഡ് എന്നിവർ ചേർന്ന് നടത്തിയ ത്രിരാഷ്ട്ര പരമ്പരക്ക് ശേഷം മുഖ്യധാര ക്രിക്കറ്റ് രാജ്യങ്ങൾ അണിനിരന്ന മറ്റൊരു പരമ്പരയും നടന്നിട്ടില്ല. ട്വന്റി 20 ഫോർമാറ്റിൽ ത്രിരാഷ്ട്ര പരമ്പകൾ ആരംഭിച്ചിരുന്നു. 2018ൽ ഇന്ത്യ, ബംഗ്ലദേശ്, ശ്രീലങ്ക എന്നീ ടീമുകൾ പങ്കെടുത്ത നിദാഹാസ് ട്രോഫി ഇതിന് ഒരുദാഹരണമാണ്.
ഒരിക്കൽ ഇന്ത്യൻ നായകൻ രോഹിത് ശർമ തന്നെ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിരുന്നു. കുട്ടിയായിരിക്കുന്ന സമയത്ത് ഒരുപാട് ത്രിരാഷ്ട്ര പരമ്പരകൾ കാണാറുണ്ടായിരുന്നുവെന്ന് പറഞ്ഞ രോഹിത് അത് മൊത്തമായും നിർത്തിയതിലുള്ള പരിഭവും തുറന്നുപറഞ്ഞു. ഏകദിന ലോകകപ്പിനുള്ള സൂപ്പർ ലീഗും ടെസ്റ്റ് ചാമ്പ്യൻഷിപ്പും എണ്ണമറ്റ ട്വന്റി 20 പരമ്പരകളും ഫ്രാഞ്ചൈസി ലീഗുകളും നടക്കുന്ന കാലത്ത് വീണ്ടുമൊരു ത്രിരാഷ്ട്ര പരമ്പര ഒരു സ്വപ്നം മാത്രമാണ്. എങ്കിലും പാകിസ്താനിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പര ഒരു പുതിയ തുടക്കമാകട്ടെ എന്ന് കരുതാം.