ഭർത്താവിനെയും മാതാവിനെയും കുത്തി പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ

കോട്ടക്കൽ: ഭർത്താവിനെയും മാതാവിനെയും യുവതി കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ഒതുക്കുങ്ങൽ നിരപ്പറമ്പിൽ പള്ളത്ത് വീട്ടിൽ ഭരത്ചന്ദ്രൻ (29), മാതാവ് കോമളവല്ലി (49) എന്നിവരെ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഭരത്ചന്ദ്രന്റെ ഭാര്യ സജീനയെ (23) കോട്ടക്കൽ പൊലീസ് ഇൻസ്പെക്ടർ ദീപകുമാർ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ദമ്പതികൾ തമ്മിലെ കുടുംബവഴക്കാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഇരുവരും തമ്മിലെ അഭിപ്രായവ്യത്യാസത്തെ തുടർന്ന് സജീനയെ ഭരത്ചന്ദ്രൻ തിരുവനന്തപുരത്തെ ഇവരുടെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. ഇതിനിടെ ഭർത്താവ് രണ്ടാമത് വിവാഹം കഴിക്കാൻ നീക്കം നടത്തുന്നുണ്ടെന്ന വിവരം അറിഞ്ഞാണ് സജീന തിരിച്ചെത്തിയത്. വാക്കുതർക്കങ്ങൾക്കിടെ കോമളവല്ലിയുടെ വയറിനും ഭരത്ചന്ദ്രന്റെ കൈക്കും കുത്തേൽക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ല. പ്രതിയെ ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കും.