ഒമാനിൽ ലോകബാങ്കിന്റെ ആദ്യ സ്ഥിരം ഓഫീസ് തുറന്നു
മസ്‌കത്ത്: ഒമാന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട് ലോകബാങ്ക് ഗ്രൂപ്പ് മസ്‌കത്തിൽ സ്ഥിരം ഓഫീസ് തുറന്നു. ഒമാൻ സർക്കാരുമായി സഹകരിച്ചാണ് ഈ പുതിയ സംരംഭം. ലോകബാങ്ക് ധനസഹായം നൽകുന്ന പദ്ധതികളുടെ നിരീക്ഷണവും ഉപദേശക സേവനങ്ങളും ഉറപ്പാക്കുക എന്നതാണ് ഈ ഓഫീസിന്റെ പ്രധാന ലക്ഷ്യം. ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾക്കനുസരിച്ച് സാമ്പത്തിക, സാമൂഹിക, നഗര, വാണിജ്യ, സ്വകാര്യ മേഖലകളുടെ വികസനത്തിന് ലോകബാങ്ക് ഗ്രൂപ്പിന്റെ സേവനങ്ങൾ ഏറെ നിർണായകമാകും.World Bank
ലോകബാങ്ക് ഗ്രൂപ്പിന്റെ സ്ഥിരം ഓഫീസ് ഒമാനിൽ വരുന്നതോടെ സ്വകാര്യമേഖലയിലെ പദ്ധതികൾക്ക് കൂടുതൽ ധനസഹായം ലഭിക്കാനുള്ള സാധ്യത വർധിക്കും. ഒമാനി ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ കയറ്റുമതി ഉറപ്പുനൽകുന്ന സർട്ടിഫിക്കറ്റുകൾ കൂടുതൽ കമ്പനികൾക്ക് ലഭിക്കാനും ഇത് സഹായകമാകും.
സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് സാങ്കേതിക, നിക്ഷേപ, ധനകാര്യ ഉപദേശങ്ങൾ നൽകുന്നതിനും ഈ ഓഫീസ് വഴി സാധിക്കും. ഗൾഫ് സഹകരണ കൗൺസിൽ (GCC), മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്താനും പുതിയ ബിസിനസ് ശൃംഖലകൾ കെട്ടിപ്പടുക്കാനും ഇത് സഹായിക്കും. ഒമാന്റെ സ്വകാര്യമേഖലയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ദേശീയ കയറ്റുമതി വർധിപ്പിക്കാനും ഇത് നിർണായക പങ്കുവഹിക്കും.
സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലെ സ്ഥിരം ഓഫീസുകൾക്ക് പിന്നാലെയാണ് ഒമാനിലെ ഈ പുതിയ ലോകബാങ്ക് ഗ്രൂപ്പ് ഓഫീസ്. ഇത് ഗൾഫ് മേഖലയിലെ ലോകബാങ്കിന്റെ തന്ത്രപരമായ താൽപ്പര്യങ്ങളെയാണ് എടുത്തു കാണിക്കുന്നത്.