ലോകകപ്പ് യോഗ്യത: ഖത്തറിനെതിരെ ഇന്ത്യക്ക് തോൽവി
ഭുവനേശ്വർ: ലോകകപ്പ് ഏഷ്യൻ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ കരുത്തരായ ഖത്തറിനെതിരെ ഇന്ത്യക്ക് തോൽവി. കലിംഗ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി നടന്ന കളിയിൽ മികച്ച ചില നീക്കങ്ങളിലൂടെ ആതിഥേയർ കാണികളെ ത്രസിപ്പിച്ചെങ്കിലും അന്താരാഷ്ട്ര റാങ്കിങ്ങിൽ 61ാം സ്ഥാനത്തുള്ള ടീമിനോട് ഏകപക്ഷീയമായ മൂന്ന് ഗോളിന് കീഴടങ്ങുകയായിരുന്നു.
നാലാം മിനിറ്റിൽ മുസ്തഫ താരീഖ് മഷാൽ, 46ാം മിനിറ്റിൽ അൽമോഇസ് അലി, 86ാം മിനിറ്റിൽ യൂസുഫ് അബ്ദുറിസാഗ് എന്നിവരാണ് സ്കോർ ചെയ്തത്. തുടർച്ചയായ രണ്ട് ജയങ്ങളുമായി ഖത്തർ ഗ്രൂപ് എയിൽ ആറ് പോയന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി. കഴിഞ്ഞയാഴ്ച കുവൈത്തിനെ അവരുടെ മണ്ണിൽ തോൽപിച്ചതിലൂടെ മൂന്ന് പോയന്റ് ലഭിച്ച ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്.
ഗുർപ്രീത് സിങ് സന്ധു ബെഞ്ചിലിരുന്നപ്പോൾ രണ്ടാം ഗോൾ കീപ്പർ അമരീന്ദർ സിങ്ങാണ് ഇന്ത്യയുടെ വല കാത്തത്. സുനിൽ ഛേത്രിയാണ് മുന്നേറ്റനിരയെ നയിച്ചു.
നാലാം മിനിറ്റിലാണ് ഖത്തർ ആദ്യ ലീഡെടുക്കുന്നത്. കോർണർ കിക്ക് ക്ലിയർ ചെയ്യുന്നതിൽ ഇന്ത്യൻ താരങ്ങൾ വരുത്തിയ പിഴവ് മുതലെടുത്ത് മുസ്തഫ മെഷാൽ തന്റെ മാർക്കറെയും കബളിപ്പിച്ച് പന്ത് വലയിലാക്കി. ഒമ്പതാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പയിലൂടെ കൗണ്ടർ പക്ഷെ എങ്ങുമെത്തിയില്ല. പിന്നാലെ ആതിഥേയ ബോക്സിലേക്ക് അഫീഫിന്റെ ഡ്രിബിൾ. സന്ദേശ് ജിങ്കാന്റെ തദ്സമയ ഇടപെടൽ കോർണറിൽ കലാശിച്ചു.
ആദ്യ പകുതിയിലേതിന് സമാനമായി രണ്ടാം പകുതിയുടെ തുടക്കത്തിലും ഇന്ത്യ ഗോൾ വഴങ്ങി. ബോക്സിനുള്ളിൽ ഖൗക്കിയിൽ നിന്ന് പന്ത് സ്വീകരിച്ച അഫീഫിന്റെ ഷോട്ട് അമരീന്ദർ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ട് ചെയ്ത പന്ത് അലി വലയിലാക്കി. പന്തധീനത നഷ്ടമാവുമ്പോഴെല്ലാം ഖത്തർ ഉജ്വലമായ തിരിച്ചുവരവുകൾ നടത്തിയെങ്കിലും ഇന്ത്യയും വിട്ടുകൊടുത്തില്ല. പ്രതീക്ഷകളുണർത്തി ഖത്തർ ഗോൾ മുഖത്ത്. 60ാം മിനിറ്റിൽ മികച്ച പാസിങ് പ്ലേക്കൊടുവിൽ മഹേഷ് സിങ്ങിന് ചാങ്തേ നൽകിയ ക്രോസിൽ ഖത്തർ അപകടമൊഴിവാക്കി. 63ാം മിനിറ്റിൽ ഥാപ്പക്ക് പകരക്കാരനായി മലയാളി സഹൽ അബ്ദുൽ സമദ്. രണ്ട് മിനിറ്റിനകം സഹലിന്റെ ഒന്നാന്തരം ശ്രമം. മൂന്ന് ഡിഫൻഡർമാരെ വെട്ടിച്ച് സഹൽ പോസ്റ്റിന്റെ വലതുമൂലയിലേക്ക് ഷോട്ടുതിർത്തത് നേരിയ വ്യത്യാസത്തിൽ ലക്ഷ്യം തെറ്റി.
84ാം മിനിറ്റിൽ കോച്ച് ചാങ്തെയെയും ഛേത്രിയെയും ഇഗോർ സ്റ്റിമാക് പിൻവലിച്ചപ്പോൾ മലയാളി കെ.പി രാഹുലം ഇഷാൻ പണ്ഡിതയുമിറങ്ങി. 86ാം മിനിറ്റിൽ ഖത്തറിന്റെ മൂന്നാം ഗോളെത്തി. പോസ്റ്റിനരികിലേക്ക് മുഹമ്മദ് വാദ് നൽകിയ ക്രോസ് മാർക്ക് ചെയ്യപ്പെടാതെ നിന്ന അബ്ദുറിസാഗ് ഹെഡ്ഡറിലൂടെ വലയിലേക്ക് വിട്ടു. നാല് മിനിറ്റ് അധിക സമയത്തും ആശ്വാസ ഗോളിനായി ഇന്ത്യയുടെ ശ്രമങ്ങൾ. മഹേഷിന് രാഹുലിന്റെ വക മികച്ച പാസിൽ പക്ഷെ പണ്ഡിതക്കുണ്ടായ ആശയക്കുഴപ്പം ആതിഥേയ സ്കോർ പൂജ്യത്തിൽതന്നെ നിർത്തി.