ബസിലിരുന്ന് ഓര്‍ഡര്‍ ചെയ്യാം, ഭക്ഷണം നിങ്ങളെ തേടിയെത്തും; ചിക്കിങ്ങുമായി കൈകോർത്ത് കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ദീര്‍ഘദൂര സൂപ്പര്‍ക്ലാസ് ബസുകളില്‍ ‘ചിക്കിങ്’ ഭക്ഷ്യ വിഭവങ്ങളും ലഭിക്കും. യാത്രക്കാര്‍ക്ക് ബസില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം.
അടുത്ത ബസ്റ്റാന്റിലോ, റൂട്ടിലുള്ള ചിക്കിങ് സ്റ്റോറുകളില്‍ നിന്നോ ഭക്ഷണം പാഴ്സലായി എത്തും. കെ.എസ്.ആർ.ടി.സിയും ചിക്കിങുമായി ഇത് സംബന്ധിച്ച് ധാരണയായതായി മന്ത്രി കെ.ബി ഗണേഷ് കുമാർ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ അഞ്ച് സൂപ്പര്‍ക്ലാസ് സര്‍വിസുകളിലും ബജറ്റ് ടൂറിസം യാത്രകളിലുമാണ് ഭക്ഷണ വിതരണം. ക്രമേണ മറ്റ് ദീര്‍ഘദൂര ബസുകളിലേക്കും വ്യാപിപ്പിക്കും. പൊതുനിരക്കിനെക്കാൾ 25 ശതമാനം വില കുറച്ചാണ് ഭക്ഷണം നൽകുന്നത്.
അഞ്ച് ബജറ്റ് ടൂറിസം വാഹനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. ആദ്യമായാണ് സ്വകാര്യ കമ്പനിയുമായി പദ്ധതിയിൽ ഏർപ്പെടുന്നത്. വാഹനം പാർക്ക് ചെയ്യാൻ കഴിയുന്ന ഔട്ട്ലെറ്റുകളിൽ വണ്ടി നിർത്തി നൽകും. ബസ് നിർത്തുമ്പോൾ ഡ്രൈവർക്കും കണ്ടക്ടർക്കും സൗജന്യമായി ഭക്ഷണം നൽകാനും കരാറിൽ വ്യവസ്ഥയുണ്ടെന്ന് മന്ത്രി അറിയിച്ചു.
കെ.എസ്.ആർ.ടി.സി റൂട്ടിൽ ദീർഘദൂര സ്വകാര്യ ബസ് വേണ്ട
കൊച്ചി: കെ.എസ്.ആർ.ടി.സി സർവിസുള്ള ദേശസാത്കൃത റൂട്ടുകളിൽ 140 കിലോമീറ്ററിലധികം ഓടുന്ന സ്വകാര്യ ഓർഡിനറി ബസുകൾക്ക് പെർമിറ്റ് പുതുക്കിനൽകേണ്ടതില്ലെന്ന് ഹൈകോടതി. 140 കി.മീ. ദൂരപരിധി പാലിക്കാതെതന്നെ പെർമിറ്റ് നൽകാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ കെ.എസ്.ആർ.ടി.സി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
241 സ്വകാര്യ ഓർഡിനറി ബസ് പെർമിറ്റുകളാണ് നിലവിൽ 140 കിലോമീറ്ററിലധികം ദൂരപരിധിയിൽ അനുവദിച്ചിട്ടുള്ളത്. 2009 മേയ് ഒമ്പതിനുമുമ്പ് പെർമിറ്റുള്ള സ്വകാര്യ സർവിസുകാർക്ക് പെർമിറ്റ് പുതുക്കിനൽകണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.
