വഴി ചോദിച്ച് തമിഴ്‌നാട്ടിൽ നിന്നുള്ള യുവാക്കൾ; തട്ടിക്കൊണ്ടു പോകാനാണെന്ന് തെറ്റിദ്ധരിച്ച് വിദ്യാർഥികൾ, ഒടുവില്‍ സംഭവിച്ചത്…
പാലക്കാട്: ഇന്‍സ്റ്റഗ്രാമിലൂടെ അറിഞ്ഞ ഹോംലി ഫുഡ് കഴിക്കാൻ പാലക്കാട് എത്തിയതായിരുന്നു തമിഴ്നാട് മേട്ടുപ്പാളയത്തില്‍ നിന്നുള്ള ഒരു സംഘം യുവാക്കൾ.kidnapping
പാലക്കാട് കാഴ്ചപ്പറമ്പിൽ എത്തിയപ്പോൾ വഴിതെറ്റിയ ഇവർ, ഇതുവഴി വന്ന് സ്കൂൾ വിദ്യാർഥികളോട് തമിഴ് കലർന്ന മലയാളത്തിൽ വഴി ചോദിച്ചു . ഇത് കണ്ട് കുട്ടികൾ തങ്ങളെ തട്ടിക്കൊണ്ടു പോകാൻ വന്ന സംഘമാണ് വാഹനത്തിലെന്ന് തെറ്റിദ്ധരിച്ച് സ്കൂളിലേക്ക് ഓടി. പിന്നാലെ അധ്യാപകരോട് കാര്യം പറഞ്ഞ ഇവർ, ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വാഹനം കണ്ടെത്തി. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശിയാണ് വാഹന ഉടമ എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ വാഹനവുമായി സ്റ്റേഷനിൽ എത്താൻ ഇയാളോട് ആവശ്യപ്പെട്ടു. ഇതേസമയം പരാതി നൽകിയ വിദ്യാർത്ഥികളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
വാഹന ഉടമയുടെ മകനും സുഹൃത്തുക്കളുമായിരുന്നു കുട്ടികളോട് വഴി ചോദിച്ചത്. ഇവരോട് സംസാരിച്ചപ്പോൾ കുട്ടികൾക്ക് തെറ്റിദ്ധാരണ സംഭവിച്ചതാണെന്ന് വ്യക്തമായി. കുട്ടികൾക്കും അധ്യാപകർക്കും വിഷയം ബോധ്യപ്പെട്ടു. തുടർന്ന് മേട്ടുപ്പാളയത്ത് നിന്നും വന്ന സംഘത്തെയും വാഹനവും തിരിച്ചയക്കുകയായിരുന്നു.