ബാങ്കില്‍നിന്ന് പണവുമായി ഇറങ്ങിയ യുവാവിനെ ആക്രമിച്ച് 9.90 ലക്ഷം തട്ടിയെടുത്തു

നിലമ്പൂർ: നിലമ്പൂരിലെ ബാങ്കിലെ അക്കൗണ്ടിൽ നിന്നും പണം എടുത്തു മടങ്ങുന്നതിനിടെ നാലംഗ സംഘം യുവാവിനെ ആക്രമിച്ച് പണവുമായി കടന്നുകളഞ്ഞു.
തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ നിലമ്പൂര്‍ ജില്ല ആശുപത്രി റോഡിലെ ബറോഡ ബാങ്ക് നിലമ്പൂര്‍ ശാഖയിലെ അക്കൗണ്ടില്‍നിന്നും പണം എടുത്തു മടങ്ങുന്നതിനിടെ ബാങ്കിന്‍റെ മുൻവശം കാത്തുനിന്ന നാലംഗസംഘമാണ് യുവാവിനെ ആക്രമിച്ച് പണം പിടിച്ചുപറിച്ച് രക്ഷപ്പെട്ടത്. കാളിക്കാവ് അഞ്ചചവിടി സ്വദേശിക്കാണ് പണം നഷ്ടമായത്. പണം തട്ടിപറിക്കുന്ന വിഡിയോ ദൃശ‍്യം സാമൂഹ‍്യമാധ‍്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കണ്ടാല്‍ അറിയുന്ന നാല് ആളുകള്‍ ചേര്‍ന്നാണ് തന്നെ ഉപദ്രവിച്ച് പണംതട്ടി കൊണ്ട്‌പോയതെന്ന് പൊലീസിനെ അറിയിച്ചു. സംഭവത്തിൽ നിലമ്പൂര്‍ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. നിലമ്പൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പൊലീസ് ബാങ്കിലെത്തി പരിശോധന നടത്തി.
