അരിവിതരണം വെട്ടിക്കുറക്കാ​ൻ തമിഴ്നാട്, കർണാടക; കേരളത്തിന്റെ അന്നംമുട്ടും

തിരുവനന്തപുരം: അതിരൂക്ഷമായ വരൾച്ച അയൽ സംസ്ഥാനങ്ങളുടെ നെല്ലുൽപാദനത്തെ സാരമായി ബാധിച്ചതോടെ കേരളം കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ വക്കിലേക്ക്. തമിഴ്നാട്ടിലും കർണാടകത്തിലും വിളവെടുപ്പ് ഗണ്യമായി കുറഞ്ഞതായും, ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള അരി വിതരണം കാര്യമായി വെട്ടിക്കുറക്കാൻ വ്യാപാരികൾ തയ്യാറെടുക്കുന്നതായും മില്ലുടമകൾ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ തന്നെ സംസ്ഥാനത്തേക്കുള്ള നെല്ലിന്റെ വരവിൽ നാലിലൊന്നിന്റെ കുറവുണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് പ്രതിവർഷം 40 ലക്ഷം മെട്രിക് ടൺ അരി ആവശ്യമായി വരുമ്പോൾ, ആഭ്യന്തരമായി ഉൽപാദിപ്പിക്കാൻ കഴിയുന്നത് വെറും അഞ്ച് ലക്ഷം മെട്രിക് ടൺ മാത്രമാണ്. ഈ സാഹചര്യത്തിൽ അയൽസംസ്ഥാനങ്ങളെ ആശ്രയിച്ചുള്ള വരവ് കുറയുന്നത് കേരളത്തിന് വലിയ തിരിച്ചടിയാകും.

തമിഴ്നാട്ടിനിന്ന് കേരളത്തിലേക്ക് കൂടുതലായി എത്തിയിരുന്ന ‘മട്ട’ നെല്ലിന്റെ കൃഷിയെ മഴക്കുറവ് ഗുരുതരമായി ബാധിച്ചു. സംസ്ഥാനത്ത് കൃഷിയിറക്കുന്നതിൽ 28 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കതിരുകളിൽ പാൽ നിറയേണ്ട നിർണായക ഘട്ടത്തിലുണ്ടായ കടുത്ത ചൂട് ഉൽപാദനക്ഷമതയെ തകർത്തു. ഇതിനുപുറമെ, ‘പൊന്നി’ നെല്ലിന് വിപണിയിൽ ഉയർന്ന വില ലഭിക്കുന്നതിനാൽ കർഷകർ മട്ട നെല്ല് കൃഷി ഉപേക്ഷിച്ചതും കേരളത്തിന് തിരിച്ചടിയായി. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള സീസണിൽ മാത്രം തമിഴ്നാട്ടിൽ നിന്ന് 200 കോടിയിലധികം രൂപയുടെ നെല്ലാണ് സാധാരണയായി എത്തിക്കൊണ്ടിരുന്നത്.

കടുത്ത മഴക്കുറവ് കാരണം കൃഷ്ണരാജസാഗർ, തുംഗഭദ്ര തുടങ്ങിയ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നത് കർണാടകയിലെ നെൽക്കൃഷിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

സാധാരണ അരിക്ക് പുറമെ, ബിരിയാണിക്ക് പരക്കെ ഉപയോഗിക്കുന്ന ‘കൈമ’ അരിയുടെ ലഭ്യതയും വലിയ വെല്ലുവിളിയാണ്. പ്രധാനമായും ബംഗാളിൽ നിന്നെത്തുന്ന ഈ അരിയുടെ ഉൽപാദനത്തെ കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിച്ചു. ഒന്നോ രണ്ടോ വർഷം പഴക്കമുള്ള നെല്ല് കുത്തിയെടുക്കുമ്പോഴാണ് കൈമ അരിക്ക് പ്രത്യേക മണവും ഗുണവും ലഭിക്കുന്നത്. എന്നാൽ, മുൻവർഷങ്ങളിലെ ഉൽപാദനക്കുറവിന് പുറമെ, രാജ്യാന്തര തലത്തിൽ ബിരിയാണി അരിക്ക് ആവശ്യക്കാരേറിയതോടെ കയറ്റുമതി വർധിച്ചതും കേരളത്തിലേക്കുള്ള വരവ് കാര്യമായി കുറച്ചു.