കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദനം; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതാണെന്ന് ഡിഐജി

Youth Congress leader beaten up at Kunnamkulam police station; DIG says action taken against officers

 

തൃശൂർ: തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട ഉദ്യാഗസ്ഥർക്കെതിരെ നേരത്തെ നടപടിയെടുത്തിട്ടുണ്ടെന്ന് ഡിഐജി ആർ.ഹരിശങ്കർ വ്യക്തമാക്കി. സേനാ തലത്തിലുള്ള അച്ചടക്ക നടപടിയാണ് സ്വീകരിച്ചതെന്നും കോടതിയിൽ ക്രിമിനൽ നടപടി ക്രമങ്ങൾ തുടരുന്നുണ്ടെന്നും ഡിഐജി വിശദീകരിച്ചു. കോടതി നടപടി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഹരിശങ്കർ പറഞ്ഞു.

പൊലീസ് ഭീഷണിയെ ചോദ്യം ചെയ്തതിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ് നേതാവിന് മർദനമേറ്റത്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം.

തൃശൂർ ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. തുടർന്നാണ് ഷർട്ടടക്കം ഊരിമാറ്റി സുജിത്തിനെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവന്നത്.

സ്റ്റേഷനിൽ എത്തിയത് മുതൽ മൂന്നിലധികം പൊലീസുകാർ ചേർന്നാണ് സുജിത്തിനെ മർദ്ദിച്ചത്. സ്റ്റേഷനിൽ വെച്ച് കുനിച്ചുനിർത്തി സുജിത്തിന്റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് പുറത്തുവന്ന ദൃശ്യത്തിലുണ്ട്.

സംഭവത്തിൽ മദ്യപിച്ചു പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന വ്യാജ എഫ്ഐആർ ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടക്കാനായിരുന്നു പൊലീസ് നീക്കം.

തുടർന്ന് വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചുവെന്നും വ്യക്തമായി. പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. പിന്നീട് കോടതി നിർദ്ദേശപ്രകാരമെടുത്ത കേസ് വിചാരണ ഘട്ടത്തിലാണിപ്പോൾ. പിന്നാലെയാണ് വിവരാവകാശപ്രകാരം മർദന ദൃശ്യങ്ങൾ പരാതിക്കാരന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *