‘ഉദ്ദവ് ചതിക്കപ്പെട്ടു; വീണ്ടും മുഖ്യമന്ത്രിയാകുന്നതു വരെ ആ വേദന തീരില്ല’; പിന്തുണയുമായി ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ
മുംബൈ: ശിവസേന(യു.ബി.ടി) നേതാവ് ഉദ്ദവ് താക്കറെയെ പിന്തുണച്ച് ഉത്തരാഖണ്ഡിലെ ജോഷിമഠിലെ ശങ്കരാചാര്യര്‍. ഉദ്ദവ് ചതിക്കപ്പെട്ടെന്നും അദ്ദേഹം വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നതു വരെ ആ വേദന ശമിക്കില്ലെന്നും 46-ാമത് ശങ്കരാചാര്യരായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു. മുംബൈയിലെ മാതോശ്രീയിലുള്ള വസതിയിലെത്തി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.minister
‘നമ്മളെല്ലാം ഹിന്ദു മതാനുയായികളാണ്. പാപത്തിലും പുണ്യത്തിലുമെല്ലാം വിശ്വസിക്കുന്നവരാണ് നമ്മള്. ചതിയാണ് ഏറ്റവും വലിയ പാപം. ഉദ്ദവ് ചതിക്കപ്പെടുകയായിരുന്നു. അദ്ദേഹം നേരിട്ട ചതിയില്‍ നമ്മളെല്ലാം വേദനിച്ചിരുന്നുവെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്.’-അവിമുക്തേശ്വരാനന്ദ പറഞ്ഞു.
ഉദ്ദവ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നതു വരെ നമ്മുടെയെല്ലാം വേദന തീരില്ലെന്നും അദ്ദേഹം തുടര്‍ന്നു. വഞ്ചന നടത്തുന്നവര്‍ക്ക് ഹിന്ദു ആകാനാകില്ല. ഈ ചതിയില്‍ മഹാരാഷ്ട്രക്കാര്‍ക്കു വേദനയുണ്ട്. അക്കാര്യം തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്നും വ്യക്തമാണ്. തങ്ങളുടെ നേതാവിനെ തെരഞ്ഞെടുത്ത ജനങ്ങളെ അപമാനിക്കുന്നതു കൂടിയാണിത്. അധികാരത്തിലിരിക്കെ ഒരു സര്‍ക്കാരിനെ തകര്‍ക്കുന്നതു ശരിയല്ല. ജനഹിതത്തെ അപമാനിക്കലാണിതെന്നും അവിമുക്തേശ്വരാനന്ദ ചൂണ്ടിക്കാട്ടി.
അനന്ത് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ‘അദ്ദേഹം എന്റെ അടുത്ത് വന്നു പ്രണമിക്കുകയായിരുന്നു. നമ്മുടെ അടുത്ത് വരുന്ന എല്ലാവരെയും അനുഗ്രഹിക്കണമെന്ന നിയമമുണ്ട്. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തെയും അനുഗ്രഹിച്ചു. നരേന്ദ്ര മോദി എന്റെ ശത്രുവല്ല. നമ്മളെല്ലാം അദ്ദേഹത്തിന്റെ ഗുണകാംക്ഷികളാണ്. അദ്ദേഹത്തിന്റെ ക്ഷേമത്തിനു വേണ്ടിയാണ് എപ്പോഴും സംസാരിക്കുന്നത്. മോദി തെറ്റുചെയ്താല്‍ അതും നമ്മള് ചൂണ്ടിക്കാട്ടും’-സ്വാമി അവിമുക്തേശ്വരാനന്ദ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവായുള്ള കന്നി പാര്‍ലമെന്റ് പ്രസംഗത്തില്‍ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളെ പിന്തുണച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു. രാഹുല്‍ ഹിന്ദുക്കളെ അപമാനിച്ചെന്ന ബി.ജെ.പി വാദങ്ങള്‍ അദ്ദേഹം തള്ളി. പ്രസംഗം മുഴുവന്‍ ഇരുന്നുകേട്ടിരുന്നുവെന്നും എന്നാല്‍, ഹിന്ദുക്കള്‍ക്കെതിരായി ഒന്നും രാഹുല്‍ പറഞ്ഞിട്ടില്ലെന്നാണു വ്യക്തമായതെന്നും സ്വാമി പറഞ്ഞു. ഹിന്ദുക്കളുടെ പേരില്‍ അക്രമം നടത്തുന്നവരെയാണ് കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തിയതെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി അഭിപ്രായപ്പെട്ടിരുന്നു.