അരിക്കൊമ്പനെ ഇപ്പോൾ പിടിക്കരുത്: െഹെക്കോടതി
കൊച്ചി ∙ ഇടുക്കി ചിന്നക്കനാലിൽ ജനവാസമേഖലയിൽ നാശമുണ്ടാക്കുന്ന അരിക്കൊമ്പനെ ഈ ഘട്ടത്തിൽ പിടികൂടി ആനക്യാംപിൽ ഇടുന്നതു ഹൈക്കോടതി തടഞ്ഞു. ആന മദപ്പാടിലാണെന്നും പിടിയാനയും കുട്ടിയാനയും ഉൾപ്പെടെ ആനക്കൂട്ടത്തിനൊപ്പമാണെന്നും പിടികൂടുന്നത് അതിനു നിയോഗിച്ചവർക്കും ആനയ്ക്കും അപകടമാണെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ആന ജനവാസ മേഖലയിൽ കടക്കുന്നതു തടയാനുള്ള നടപടിയാണു സ്വീകരിക്കേണ്ടതെന്നു കോടതി പറഞ്ഞു. തുടർന്നു കാട്ടാന പ്രശ്നത്തിൽ ഉപദേശം നൽകാനായി ഹൈക്കോടതി അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ചു. അരിക്കൊമ്പനെ പിടികൂടുന്നതിനു പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോ എന്നു പരിശോധിച്ചു റിപ്പോർട്ട് നൽകാനും ഡിവിഷൻ ബെഞ്ച് സമിതിക്കു നിർദേശം നൽകി. ഭീഷണിയായാൽ മയക്കുവെടി വച്ച് റേഡിയോ കോളറിട്ട് അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കണം. പ്രദേശത്തുള്ള കുങ്കി ആനകൾ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ തുടരണം. മൂന്നു ദിവസത്തിനുള്ളിൽ വിദഗ്ധസമിതി ചേർന്ന് അരിക്കൊമ്പന്റെ പ്രകൃതം, രീതികൾ തുടങ്ങിയവയെപ്പറ്റി വനം, വന്യജീവി വകുപ്പിന്റെ പക്കലുള്ള ഡേറ്റ പരിശോധിച്ച് നിർദേശങ്ങൾ നൽകണം. റിപ്പോർട്ട് 5നു നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.
ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. രമേഷ് ബാബുവാണു സമിതിയുടെ കൺവീനർ. കോട്ടയം ഹൈറേഞ്ച് സർക്കിൾ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ആർ.എസ്. അരുൺ, പ്രോജക്ട് ടൈഗർ ഫീൽ ഡയറക്ടറും ഫോറസ്റ്റ് ചീഫ് കൺസർവേറ്ററുമായ എച്ച്. പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും ചീഫ് വെറ്ററിനേറിയനുമായ ഡോ. എൻ.വി.കെ. അഷറഫ്, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ്. ഈശ എന്നിവരാണ് മറ്റ് അംഗങ്ങൾ.
ശാശ്വത പരിഹാരം വേണം: ഹൈക്കോടതി
∙ ജനങ്ങൾ നിരന്തരമായ ഭയത്തിൽ ജീവിക്കുന്ന സാഹചര്യം അനുവദിച്ചുകൂടായെന്നു കോടതി പറഞ്ഞു. എന്നാൽ ജനങ്ങൾക്ക് ഭീഷണിയുണ്ടെന്നതു വാസ്തവമാണെങ്കിലും താൽക്കാലികമായി സംസ്ഥാന സംവിധാനത്തെ നിയോഗിച്ച് സംരക്ഷണം നൽകുന്നതു ശാശ്വത പരിഹാരമല്ല. ചിന്നക്കനാലിലെ 301 കോളനിയിലുള്ളവരാണ് മുഖ്യമായും ഭീഷണിയിൽ കഴിയുന്നത്. ഇത് ആനകളുടെ ആവാസമേഖലയായിരുന്നെന്നു പറയുന്നുണ്ട്. ഈ മേഖലയിൽ ജനങ്ങളെ ഏതു സാഹചര്യത്തിലാണു പുനരധിവസിപ്പിച്ചതെന്നതും പരിശോധിക്കേണ്ടതുണ്ട്. ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കും. നയപരമായി തീരുമാനമെടുത്തവർക്കു തെറ്റു പറ്റിയോയെന്നു പരിശോധിക്കുമെന്നും കോടതി വാക്കാൽ പറഞ്ഞു. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രതിനിധികൾ, ജോസ് കെ.മാണി എംപി തുടങ്ങിയവർ ഉൾപ്പെടെ കക്ഷി ചേർന്നിരുന്നു. വാദപ്രതിവാദങ്ങൾ രണ്ടു മണിക്കൂറിലേറെ നീണ്ടു.
ഇടുക്കിയിൽ 8 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ
പൂപ്പാറ (ഇടുക്കി) ∙ ജനവാസമേഖലകളിൽ അക്രമം കാട്ടുന്ന അരിക്കൊമ്പനെന്നെ കാട്ടാനയെ പിടികൂടുന്ന കാര്യത്തിലെ കോടതിവിധിയിൽ പ്രതിഷേധിച്ച് ഇന്നു ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ചിന്നക്കനാൽ, ശാന്തൻപാറ, രാജകുമാരി പഞ്ചായത്തുകളിൽ ഹർത്താലിന് ആഹ്വാനം. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു ഹർത്താൽ. മറയൂർ, കാന്തല്ലൂർ, ദേവികുളം, മൂന്നാർ, വട്ടവട പഞ്ചായത്തുകളും ഹർത്താലിനോടു സഹകരിക്കുമെന്ന് അധികൃതർ അറിയിച്ചു.