റഫറിമാർക്കെതിരെ വാളെടുത്ത് റയൽ മാഡ്രിഡ്; ലാലിഗയിൽ തുറന്നയുദ്ധം

Real Madrid

പോയ കുറച്ച് ദിവസമായി റയലിന്റെ പ്രധാന എതിരാളികൾ ബാഴ്സലോണയോ അത്ലറ്റിക്കോ മാഡ്രിഡോ ഒന്നുമല്ല. അത് റഫറിമാരാണ്. അവരോട് ഒരു ‘എൽക്ലാസിക്കോ’ തന്നെ നടത്താനുള്ള തയ്യാറെടുപ്പിലാണ് റയൽ.Real Madrid

ഇന്നലെ ഒസാസുനക്കെതിരായ മത്സരത്തോടെ ആ പോര് പുതിയ തലത്തിലേക്ക് കടന്നിരിക്കുന്നു. ജയം അനിവാര്യമായ മത്സരത്തിൽ ബൂട്ട് കെട്ടിയ റയലിന് 39ാം മിനുറ്റിൽ വലിയ തിരിച്ചടി നേരിട്ടു. ജൂഡ് ബെല്ലിങ്ങാം ചുവപ്പ് കാർഡ് കണ്ട് പുറത്തത്. റഫറി ജോസ് ലൂയിസ് മുനേരക്കെതിരെ അസഭ്യപ്രയോഗം നടത്തിയെന്ന പേരിലാണ് ഡയറക്ടായി ചുവപ്പ് കൊടുത്തത്.

എന്നാൽ ബെല്ലിങ്ഹാം ഇത് പാടേ നിഷേധിക്കുന്നു. ഞാൻ റഫറിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം തെറ്റിദ്ധരിച്ചതാണെന്നുമാണ് ബെല്ലിങ്ഹാമിന്റെ വാദം. പുറത്തുവന്ന വിഡിയോകൾ അതിന് തെളിവായുണ്ടെന്നും ഞാൻ സ്വയമേ പറഞ്ഞത് റഫറി തെറ്റിദ്ധരിച്ചതാണെന്നും ബെല്ലിങ്ഹാം വിശദീകരിക്കുന്നു.

മത്സരത്തിന് ശേഷം വാർത്ത സമ്മേളനത്തിന് വന്ന കാർലോ ആഞ്ചലോട്ടിയും ബെല്ലിങ്ഹാമിനെ പിന്തുണച്ചു. റഫറിക്ക് ഇംഗ്ലീഷ് ശരിക്കറിയില്ല. ബെല്ലിങ്ഹാം ****ഓഫ് എന്ന് പറഞ്ഞത് റഫറി *****യൂ എന്ന് കേൾക്കുകയായിരുന്നു. റഫറിക്ക് തെറ്റിപറ്റിയത് തന്നെയാണ്- കാർലോ ആഞ്ചലോട്ടി ​പറഞ്ഞു. പോയ മൂന്ന് മത്സരങ്ങളിൽ റയലിനെതിരെ റഫറിമാർ ചെയ്തത് നിങ്ങൾ കണ്ടില്ലേ എന്ന് ചോദിച്ച ആഞ്ചലോട്ടി അടുത്ത മത്സരത്തിൽ ബെഞ്ചിലിരിക്കാൻ താൽപര്യമുള്ളതിനാൽ കൂടുതൽ പറയുന്നില്ലെന്ന കൊട്ടുകൂടിക്കൊടുത്താണ് അവസാനിപ്പിച്ചത്. ഇതേ മത്സരത്തിൽ റഫറിക്കെതിരെ പ്രതിഷേധിച്ചതിന് ആഞ്ചലോട്ടിക്കും ഒരു മഞ്ഞക്കാർഡ് കിട്ടിയിട്ടുണ്ട്.

മത്സരത്തിന് ശേഷം റയൽ മാഡ്രിഡ് ടിവി ഒരു മയവുമില്ലാതെയണ് വിമർശനങ്ങൾ ഉന്നയിച്ചത്. ഈ മത്സരത്തിലെ മാൻ ഓഫ് മാച്ച് റഫറിയാണ്. ‘‘വിനീഷ്യസ് ജൂനിയറിന് അനുകൂലമായി പെനൽറ്റി കിട്ടേണ്ടത് എല്ലാവരും കണ്ടതാണ്. പക്ഷേ വാർ അത് റഫറിയെ അറിയിച്ചില്ല. സ്പാനിഷ് റഫറി ടെക്നിക്കൽ കമ്മറ്റി അധിപനായ ലൂയിസ് മെദിനയുടെ ലക്ഷ്യം നിറവേറിയിരിക്കുന്നു. ഇതുതന്നെയാണ് നമ്മൾ മറ്റൊരു ദിവസവും കണ്ടത്. അന്ന് അത്‍ലറ്റിക്കോ മാഡ്രിഡിന്റെ മികച്ച താരം റഫറിയായ ഡെ ബർഗോസായിരുന്നു. ഇന്ന് ഒസാസുനയുടെ മികച്ച താരം മുനുവേര മൊന്റേയും’’ – റയൽ ടിവിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

സത്യത്തിൽ ഫെബ്രുവരി മാസം തുടക്കം മുതൽ തന്നെ റയലും റഫറിമാരും തമ്മിലുള്ള യുദ്ധം തുടങ്ങിയിരുന്നു. എസ്പാന്യോളിനെതിരായ തോൽവിക്ക് ശേഷം വാർത്ത സമ്മേളനത്തിന് വന്ന കാ​ർലോ ആഞ്ചലോട്ടി റഫറിമാർക്കെതിരെ ആഞ്ഞടിച്ചു. അന്ന് എംബാപ്പെക്ക് നേരെ എസ്പാന്യോൾ താരമായ കാർലോസ് ​റൊമേറോ മാരകമായ ഫൗൾ ചെയ്തിട്ടും യെല്ലോ കാർഡ് മാത്രമാണ് നൽകിയത്. ഇതേ റൊമേറോ തന്നെ വിജ​യഗോൾ കുറിച്ചത് റയലിനെ ശരിക്കും ചൊടിപ്പിച്ചു. അത് ചുവപ്പ് കാർഡ് അർഹിച്ച ഫൗളാണെന്ന് തുറന്നുപറഞ്ഞ ആഞ്ചലോട്ടി പരിക്ക് പറ്റാത്തത് ഭാഗ്യംകൊണ്ട് മാത്രമാണെന്നും തുറന്നടിച്ചു.

റയൽ വെറുതെ​യിരുന്നില്ല. അവർ ഒദ്യോഗികമായിത്തന്നെ മാച്ച് റഫറിക്കും വാർ അധികൃതർക്കുമെതിരെ പരാതി കൊടുത്തു. നാല് പേജ് നീളുന്ന തുറന്ന കത്തിൽ റഫറിമാർക്കെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് റയൽ നടത്തിയത്. മനുഷ്യസഹജമായി സംഭവിക്കുന്ന തെറ്റായി ഇതിനെ കാണാനാകില്ല എന്നും റയൽ ആരോപിച്ചു.

തൊട്ടുപിന്നാലെ മാഡ്രിഡ് ഡെർബിയിൽ സമനിലയിൽ കുടുങ്ങിയതിന് പിന്നാലെ റയൽ വിമർശനങ്ങൾ ഒന്ന് കൂടി കടുപ്പിച്ചു. അന്ന് അത്‍ലറ്റിക്കോ താരം സാമുവൽ ലിനോക്കെതിരെ ഷുമേനി നടത്തിയ ഫൗളിനെത്തുടർന്ന് പെനൽറ്റി വിധിച്ചതായിരുന്നു റയലിനെ ചൊടിപ്പിച്ചത്. മത്സരത്തിന് ശേഷം റയൽ റഫറിയിങ്ങ​ിനെക്കുറിച്ച് ആഞ്ഞടിച്ചതോടെ മറുപടിയുമായി അത്ലറ്റിക്കോ മാ​ഡ്രിഡുമെത്തി.

ഒരു ഡെർബി മത്സരത്തിന് ഒരു​ങ്ങേണ്ടതെങ്ങനെ എന്ന് വിശദീകരിക്കുന്ന രസകരമായ നിർശേദം അത്‍ലറ്റിക്കോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതിൽ റയലിനെ അവർ നന്നായി ട്രോളി. റയൽ മാഡ്രിഡ് ടിവി റഫറിമാരെ സമ്മർദ്ദത്തിലാക്കുന്നുവെന്നും ഫാൻസിനെ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ മോങ്ങുന്നുവെന്നുമാണ് അത്‍ലറ്റിക്കോ പരിഹസിച്ചത്.റയൽ പേജുകളും അധികൃതരും റഫറിമാർക്കെതരെ ആക്രമണം കടുപ്പിച്ചതോടെ വിമർശനവുമായി ലാലിഗ പ്രസിഡന്റ് ഹാവിയർ ​ടെബസ് നേരിട്ടെത്തി. റയലിന് മനോനില തെറ്റിയിരിക്കുകയാണെന്ന് പറഞ്ഞ ടെബസ് ലാലിഗയെ അപമാനിക്കുന്നത് നിർത്തണമെന്നും താക്കീത് ചെയ്തു. റയൽ കാര്യമില്ലാതെ ഇരവാദം നടത്തുകയാണെന്നും പ്രതികരിച്ചു. കൂടാതെ റയലിനെതിരെ ലാലിഗ ഒരു പരാതിയും കൊടുത്തിട്ടുണ്ട്.

ഇതിനിടയിൽ സ്പാനിഷ് ലീഗിലെ വിവാദമായ നെഗ്രെയ്റ കേസും റയൽ എടുത്തിടുന്നുണ്ട്. സ്പാനിഷ് ടെക്നിക്കൽ കമ്മിറ്റ ഓഫ് റഫറീസ് വൈസ് പ്രസിഡന്റായ നെഗ്രെയ്റ​യുടെ കമ്പനികളിൽ ബാഴ്സലോണ അക്കൗണ്ടിൽ നിന്നും 2000 മുതൽ 2018വരെ പണമെത്തിയതാണ് ഇൗ വിവാദത്തിന്റെ തുടക്കം. ഇത് റഫറിയിങ്ങിനെ സ്വാധീനിക്കാനാണെന്ന് റയൽ അടക്കമുള്ളവർ ആരോപിക്കുമ്പോൾ ഒരു കൺസൽട്ടൻസി സർവീസിനുള്ള പണമായിട്ടാണ് അടച്ചത് എന്നാണ് ബാഴ്സയുടെ വിശദീകരണം. ഈ വിഷയത്തിൽ റയൽ മാഡ്രിഡ് ടിവിയിൽ വരുന്ന വാദങ്ങൾ നാണം കെട്ടതാണെന്നാണ് ബാഴ്സ പ്രസിഡന്റ് ലാപ്പോർട്ടെ പ്രതികരിച്ചത്. അതിനിടയിൽ റഫറിമാർക്കെതിരെയുള്ള റയലിന്റെ അധിക്ഷേപങ്ങൾ സ്പാനിഷ് ഫുട്ബോളിനെ നശിപ്പിക്കും എന്ന വിമർശനവുമായി സെവിയ്യ പ്രസിഡന്റും രംഗത്തെത്തിയിട്ടുണ്ട്. മാധ്യമ സ്വാധീനത്തിലൂടെ റഫറിമാരെ വരുതിക്ക് നിർത്തുന്നത് പോയ 120 വർഷമായി റയൽ ചെയ്തുകൊണ്ടിരിക്കുന്നത് തന്നെയാണെന്നാണ് ജെറാർഡ് പിക്വ പ്രതികരിച്ചത്.

റഫറിമാരെ​ച്ചൊല്ലിയുള്ള യുദ്ധങ്ങൾ ഫുട്ബോളിന്റെ തുടക്കം മുതലേയുള്ളതാണ്. സ്പാനിഷ് ലീഗിൽ അത് കുറച്ചു കൂടുതലുമാണ്.മുൻകാലത്ത് ബാഴ്സലോണയും രൂക്ഷമായ വിമർശനങ്ങളുയർത്തിയിട്ടുണ്ട്. പക്ഷേ ഇക്കുറി കാര്യങ്ങൾ കൈവിട്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *