ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 126 രാജ്യക്കാർ പന്തുതട്ടി; പക്ഷേ ഇന്ത്യക്ക് അതിന്നും സ്വപ്നം മാത്രം
ലണ്ടൻ: അബ്ദുൽ ഖാദിർ ഖുസനോവ്. ഉസ്ബെക്കിസ്ഥാനിൽ നിന്നും വന്ന 20കാരൻ പയ്യൻ മാഞ്ചസ്റ്റർ സിറ്റിക്കായി അരങ്ങറ്റം കുറിച്ചു. ചെൽസിക്കെതിരെ സ്വന്തം തട്ടകത്തിൽ നടന്ന അരങ്ങേറ്റ മത്സരം ഓർക്കാനിഷ്ടപ്പെടാത്ത നിമിഷങ്ങളാണ് ഖുസനോവിന് നൽകിയത്. പക്ഷേ ഉസ്ബെക്കിസ്ഥാനിൽ നിന്നും പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ താരമായി ഖുസനോവ് മാറി. പ്രീമിയർ ലീഗിൽ കളിക്കുന്ന 126ാം രാജ്യക്കാരൻ.Premier League
1992 മുതലാണ് പുതുക്കിയ രൂപത്തിലുള്ള പ്രീമിയർ ലീഗ് തുടങ്ങുന്നത്. പ്രീമിയർ ലീഗിൽ ഏറ്റവുമധികം കളിച്ച രാജ്യം ഏതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. ഇംഗ്ലണ്ടുകാരായ 1723 പേർ നാട്ടിലെ ലീഗിൽ പന്തുതട്ടി. 238 പേർ പന്തുതട്ടിയ ഫ്രാൻസാണ് രണ്ടാമത്. ബ്രിട്ടന്റെ തന്റെ ഭാഗമായ സ്കോട്ട്‍ലാൻഡിൽ നിന്നും 217പേരും അയൽക്കാരായ അയർലാൻഡിൽ നിന്നും 208 പേരും പന്തുതട്ടി. ലാലിഗയുടെ നാടായ സ്പെയിനിൽ നിന്നും 168പേർ. നെതർലാൻഡ്സ് 154, വെയിൽസ് 134, പോർച്ചുഗൽ 96, ഇറ്റലി 86 എന്നിങ്ങനെയാണ് മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ.
122 താരങ്ങളെ സംഭാവന ചെയ്ത ബ്രസീലാണ് തെക്കേ അമേരിക്കയിലെയും യൂറോപ്പിന് വെളിയിൽ നിന്നുള്ളവരിലും ഒന്നാമതുള്ളത്. തെക്കേ അമേരിക്കയിലെ മറ്റൊരു പവർ ഹൗസായ അർജന്റീനയിൽ നിന്നും 85പേരും ഉറുഗ്വായിൽ നിന്നും 28പേരും കളിച്ചു.
ആഫ്രിക്കയിൽ നിന്നും വലിയ പ്രാതിനിധ്യമുണ്ട്. 57 താരങ്ങളുമായി നൈജീരിയ ഒന്നാമത് നിൽക്കുമ്പോൾ സെനഗലിൽ നിന്നും 46പേരും ഐവറിക്കോസ്റ്റിൽ നിന്നും 42പേരും കാമറൂണിൽ നിന്നും 35പേരും ഇംഗ്ലീഷ് മണ്ണിലിറങ്ങി. 13പേരെയാണ് ഈജിപ്ത് നൽകിയത്.
മറ്റുപ്രമുഖ രാജ്യങ്ങളെ പരിശോധിക്കുമ്പോൾ ആസ്ട്രേലിയയിൽ നിന്നും 56 താരങ്ങൾ വന്നിട്ടുണ്ട്. യുഎസ്എയിൽ നിന്നും 57 പേരും ജമൈക്കയിൽ നിന്നും 58 പേരും കളത്തിലിറങ്ങി.
അപ്പോൾ ഏറ്റവുമധികം ജനസംഖ്യയുള്ള ഏഷ്യയിൽ നിന്നോ? മറ്റുവൻകരകളുമായി താരതമ്യം ചെയ്യുമ്പോൾ ഏഷ്യയിൽ നിന്നും വലിയ കുറവുണ്ട്.15 താരങ്ങളെ വീതം നൽകിയ ദക്ഷിണക്കൊറിയയും ജപ്പാനുമാണ് ഒന്നാമതുള്ളത്. ചൈനയിൽ നിന്നും 7 ഏഴ് താരങ്ങളും കളത്തിലിറങ്ങി.
ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ബംഗ്ലാദേശിൽ നിന്നും പാകിസ്താനിൽനിന്നും ഓരോ താരങ്ങൾ വീതം പ്രീമിയർ ലീഗിൽ കളിക്കുന്നുണ്ട്. ബംഗ്ലദേശി വേരുകളുകളുള്ള ഹംസ ചൗധരി നിലവിൽ ലെസ്റ്റർ സിറ്റി താരമാണ്. ഇംഗ്ലണ്ടിൽ ജനിച്ചുവളർന്ന താരം ഫിഫയുടെ അനുമതിയോടെ ബംഗ്ലദേശ് ദേശീയ ടീമിനായി കളത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബിർമിങ്ഹാമിൽ ജനിച്ച സെഷ് റഹ്മാനാണ് പാകിസ്താന്റെ പ്രതിനിത്യം. ഫുൾഹാം, ബ്രൈറ്റൺ, നോർവിറ്റ് സിറ്റി, ബ്ലാക് പൂൾ അടക്കമുള്ള ഒട്ടേറെ ടീമുകൾക്കായി കളത്തിലിറങ്ങിയ താരം പാകിസ്താനായി 22 മത്സരങ്ങളിലും കളത്തിലിറങ്ങി.
പക്ഷേ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ഇന്ത്യയിൽ നിന്നും ഒരു താരം പോലും നാളിന്നുവെരെ പ്രീമിയർ ലീഗിൽ പന്തുതട്ടിയിട്ടില്ല. ഇതുവരെ പ്രീമിയർ ലീഗിൽ പന്തുതട്ടാത്ത പ്രധാന രാജ്യങ്ങളിൽ ഒന്നാമതായി പ്രീമിയർ ലീഗ് വെബ്സൈറ്റ് കൊടുത്തിരിക്കുന്നത് ഇന്ത്യയെയാണ്.
ഫിഫ റാങ്കിങ്ങിൽ 100നും താഴെ കിടക്കുന്ന ഇന്ത്യയിൽ നിന്നുള്ള താരത്തിന് ഇംഗ്ലണ്ടിൽ പന്തുതട്ടാൻ സാങ്കേതികമായി ബുദ്ധിമുട്ടുണ്ട്. മൈക്കൽ ചോപ്രയെപ്പോലെ ഇന്ത്യൻ വേരുകളുള്ള താരങ്ങൾ പ്രീമിയർ ലീഗിൽ കളിച്ചിട്ടുണ്ട്. സുനിൽ ഛേതിക്ക് ക്യൂപിആറുമായി കരാർ കിട്ടിയിരുന്നെങ്കിലും വിസ നടപടികൾ കാരണം കളിക്കാനായിരുന്നില്ല.