പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ ഗോരക്ഷകര്‍ 12-ാം ക്ലാസുകാരനെ വെടിവച്ചുകൊന്നു
പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ വിദ്യാര്‍ത്ഥിയെ വെടിവച്ചുകൊന്നു. ആര്യന്‍ മിശ്ര എന്ന 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഗദ്പുരി ഗ്രാമത്തിലാണ് സംഭവം നടന്നത്.
ആര്യന്റെ കാര്‍ ഡല്‍ഹി- ആഗ്ര ദേശീയ പാതയിലൂടെ പോകുമ്പോള്‍ 30 കിലോമീറ്ററുകളോളം കാറിനെ പിന്തുടര്‍ന്നാണ് ഗോരക്ഷാ സംഘം വെടിയുതിര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, ആദേഷ്, സൗരഭ് എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. അക്രമികള്‍ ലൈസന്‍സ് ഇല്ലാത്ത തോക്കാണ് ഉപയോഗിച്ചിരുന്നത്.
പശുക്കടത്തുകാര്‍ ഡസ്റ്റര്‍ കാറില്‍ സിറ്റി വിടുന്നുവെന്ന് ആരോ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗോരക്ഷാ സംഘം കാര്‍ പിന്തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ വെടിവച്ചുകൊലപ്പെടുത്തിയത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആര്യന്‍ കാറില്‍ സഞ്ചരിച്ചിരുന്നത്. കാര്‍ ചേസ് ചെയ്ത ശേഷം വാഹനം നിര്‍ത്താനാവശ്യപ്പെട്ട അക്രമി സംഘം കാര്‍ നിര്‍ത്തുന്നില്ലെന്ന് കണ്ടപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആര്യന്റെ കഴുത്തിനാണ് വെടിയേറ്റത്. ആര്യനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ഇതേ ആഴ്ച തന്നെ ഗോമാംസം കഴിച്ചെന്ന് ആരോപിച്ച് ഹരിയാനയിലെ ചര്‍ഖി ദാദ്രിയില്‍ ഗോരക്ഷക സംഘം യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഗ്രാമീണര്‍ക്ക് പശുക്കളോട് വല്ലാത്ത ആരാധനയാണെന്നും അവരെ ആര്‍ക്ക് തടയാനാകുമെന്നും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി പറഞ്ഞത് ഏറെ വിവാദമായിരുന്നു.