തിരുനാവായ പക്ഷിസങ്കേതത്തിലേക്ക് 17 ഇനം പക്ഷികൾ കൂടി; ആകെ 165 ഇനം

സർവേയിൽ കണ്ടെത്തിയ
പുതിയ പക്ഷികൾ
തിരുനാവായ: തിരുനാവായ പക്ഷിസങ്കേതത്തിലേക്ക് 17 ഇനം പക്ഷികൾ കൂടി. യുനൈറ്റഡ് നാച്ചുറൽ ഹിസ്റ്ററി ആൻഡ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിന്ന പക്ഷി സർവേയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. റിപ്പോർട്ട് ബുധനാഴ്ച പ്രസിദ്ധീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തിരുനാവായ എം.എം.ടി ഹാളിൽ നടക്കുന്ന ചടങ്ങിൽ സോഷ്യൽ ഫോറസ്റ്ററി നോർത്ത് സർക്കിൾ കോഴിക്കോട് കൺസർവേറ്റർ ആർ കീർത്തിയുടെ സാന്നിധ്യത്തിൽ തിരുനാവായ പഞ്ചായത്ത് പ്രസിഡൻറ്റ് എം.പി. മുഹമ്മദ് കോയക്ക് ജില്ല സോഷ്യൽ ഫോറസ്റ്ററി അസിസ്റ്റന്റ് കൺസർവേറ്റർ കെ.എ. മുഹമ്മദ് സൈനുൽ ആബിദ് റിപ്പോർട്ട് കൈമാറും.
2017ൽ 148ലധികം ഇനം പക്ഷികൾ ഇടംനേടിയ പട്ടികയിൽ കുങ്കുമക്കുരുവി, ജേകോബൈൻ കുയിൽ, ഓറഞ്ച് വയറൻ മഞ്ഞപ്രാവ്, വിവിധ ഇനം നീർപക്ഷികൾ തുടങ്ങി 17 പക്ഷികൾ അടക്കം 165 പക്ഷികളുടെ പട്ടികയാണ് പ്രസദ്ധീകരിക്കുന്നത്. പക്ഷികളുടെ എണ്ണം പ്രത്യേകിച്ച് നീർത്തട പക്ഷികളുടെ എണ്ണം വൻതോതിൽ വർധിച്ചതും വേട്ടയാടലും മറ്റ് അതിക്രമങ്ങളൂം കുറഞ്ഞതും ഇവയുടെ ആവാസവ്യവസ്ഥക്ക് ആക്കം കൂട്ടി. കഴിഞ്ഞ ഏതാനും മാസമായി നസ്റുദ്ദീൻ പുറത്തൂർ, കെ.ടി. ശ്രീനില, എം. സാദിഖ് തിരുനാവായ തുടങ്ങിയ പ്രാദേശിക പക്ഷി നിരിക്ഷകരുടെ നേതൃത്വത്തിലാണ് ഇവയെ കണ്ടെത്തി റെക്കോഡ് ചെയ്തത്.
