1981ലെ ദേഹുലി ദലിത് കൂട്ടക്കൊല: യുപിയിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ

massacre

ലഖ്നൗ: 1981ൽ യുപിയിലെ ഫിറോസാബാദ് ജില്ലയിലെ ദേഹുലിയിൽ സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 24 ദലിതരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ. മെയിൻപുരിയിലെ പ്രത്യേക കോടതിയാണ് 44 വർഷത്തിനു ശേഷം ശിക്ഷ വിധിച്ചത്.massacre

കപ്തൻ സിങ് (60), റാംപാൽ (60), റാം സേവക് (70) എന്നിവർക്കാണ് പ്രത്യേക കോടതി ജഡ്ജി ഇന്ദിരാ സിങ് വധശിക്ഷ വിധിച്ചത്. ഇതുകൂടാതെ പ്രതികൾക്ക് 50,000 രൂപ പിഴയും വിധിച്ചതായി പ്രോസിക്യൂട്ടർ രോഹിത് ശുക്ല പറഞ്ഞു. മാർച്ച് 12നാണ് ഇവരെ കോടതി കുറ്റക്കാരെന്ന് വിധിച്ചത്.

1981 നവംബർ 18ന് വൈകീട്ട് 4.30നാണ് കാക്കി വേഷമണിഞ്ഞെത്തിയ 17 അക്രമികൾ ദേഹുലിയിൽ അതിക്രമിച്ചുകയറി ദലിത് കുടുംബങ്ങളിൽപ്പെട്ട 24 പേരെ വെടിവച്ച് കൊന്നത്. ആറ് മാസവും രണ്ട് വയസും പ്രായമുള്ള കുഞ്ഞുങ്ങളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

രാധെ, സന്തോഷ എന്നിവരുടെ നേതൃത്വത്തിലുള്ള കൊള്ളസംഘമാണ് പൊലീസ് വിവരദാതാക്കളെന്ന് ആരോപിച്ച് ദലിത് കുടുംബങ്ങളെ കൊന്നൊടുക്കിയത്. ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. അന്ന് മെയിൻപുരിയുടെ ഭാഗമായിരുന്ന ഈ സ്ഥലം ഇപ്പോൾ ഫിറോസാബാദ് ജില്ലയിലാണ്.

സംഭവത്തിൽ 17 കൊലയാളികൾക്കെതിരെ ഐപിസി 302 (കൊലപാതകം), 307 (കൊലപാതക ശ്രമം), 396 (കൊലപാതകം ഉൾപ്പെടുന്ന കൊള്ള) എന്നിവയും മറ്റു പ്രസക്തമായ വകുപ്പുകളും ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതികളിൽ 14 പേർ വിചാരണാ വേളയിൽ മരിച്ചു. അവശേഷിച്ച മൂന്നു പേരാണ് വിചാരണ നേരിട്ടത്.

മറ്റൊരു പ്രതിയായ ​ഗ്യാൻ ചന്ദ് എന്ന ​ഗിന്ന ഒളിവിൽപ്പോവുകയും ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇയാൾക്കായി പ്രത്യേക നിയമനടപടികൾ പുരോഗമിക്കുകയാണ്.

1981 നവംബർ 19ന് പ്രദേശവാസിയായ ലൈക് സിങ് ആണ് പരാതി നൽകിയത്. വിശദമായ അന്വേഷണത്തിന് ശേഷം ഗുണ്ടാ നേതാക്കളായ സന്തോഷ്, രാധേ എന്നിവരുൾപ്പെടെയുള്ള കൊള്ളക്കാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദുരിതബാധിത കുടുംബങ്ങളെ സന്ദർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *