കനത്ത തിരിച്ചടി; 24 മണിക്കൂറിനിടെ 24 ഇസ്രായേൽ സൈനികർ ഗസ്സയിൽ കൊല്ലപ്പെട്ടു

24 Israeli soldiers were killed in Gaza in 24 hours

 

തെൽ അവീവ്: ഗസ്സയിൽ ഒരു ദിവസത്തിനിടെ 24 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് ഇസ്രായേൽ ഭാഗത്ത് കനത്ത നഷ്ടമുണ്ടായത്. മധ്യഗസ്സയിൽ റോക്കറ്റ് നിയന്ത്രിത ഗ്രനേഡ് (ആർപിജി) ടാങ്കിൽ പതിച്ച് 21 പേർ കൊല്ലപ്പെട്ടതാണ് ഏറ്റവും വലിയ ആൾനഷ്ടം. ഇതോടൊപ്പം സൈനികർ ഉണ്ടായിരുന്ന കെട്ടിടത്തിനകത്ത് സ്ഥാപിച്ച മൈനുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. ആൾനഷ്ടം ഇസ്രായേൽ സൈന്യവും ഗവൺമെന്റും സ്ഥിരീകരിച്ചു. ഖാൻ യൂനിസ് നഗരത്തിലെ പോരാട്ടത്തിനിടെയാണ് മൂന്ന് സൈനികർ കൊല്ലപ്പെട്ടത്.

ഒക്ടോബർ 27ന് കരയാക്രമണം ആരംഭിച്ച ശേഷം ഇസ്രായേൽ ഭാഗത്ത് ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട ദിനമായിരുന്നു ഇന്നലെ. കിസ്സുഫിം അതിർത്തിയോട് ചേർന്ന് റെയ്ഡ് നടത്തിയ സൈനിക വ്യൂഹമാണ് ആദ്യ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് വൈനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു. തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി വൻ സൈനിക സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ ഐഡിഎഫ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

‘ഹീറോകളുടെ കല്ലറകളിലേക്ക് നമ്മുടെ മക്കളിൽ മികച്ചവർ കൂട്ടിച്ചേർക്കപ്പെട്ടു’ എന്നാണ് ഇസ്രായേൽ പ്രസിഡണ്ട് ഇസാക് ഹെർഗോസ് എക്‌സിൽ കുറിച്ചത്.

‘അതീവ വെല്ലുവിളി നിറഞ്ഞ ഇടങ്ങളിൽ തീക്ഷ്ണമായ പോരാട്ടം നടക്കുകയാണ്. പോരാട്ടത്തിന്റെ ലക്ഷ്യം എത്തിപ്പിടിക്കാനുള്ള ദൃഢനിശ്ചയത്തോടെ ജോലി ചെയ്യുന്ന ഐഡിഎഫ് സൈനികർക്കും സുരക്ഷാ സേനയ്ക്കും കൂടുതൽ കരുത്ത് എത്തിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളോട് രാഷ്ട്രത്തിന്റെ പേരിൽ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവരുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. ഈ ദുഃഖകരവും ദുഷ്‌കരവുമായ പ്രഭാതത്തിലും നമ്മൾ കരുത്തരാണ്. ഒന്നിച്ചു നിന്നാൽ നമ്മൾ വിജയിക്കുമെന്ന് ഓർക്കുക’- അദ്ദേഹം കുറിച്ചു.

‘ദുഷ്‌കരവും വേതനാജനകവുമായ പ്രഭാതം’ എന്നാണ് നഷ്ടത്തെ കുറിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചത്.

ഗസ്സയിൽ ഒക്ടോബർ അവസാന വാരം ആരംഭിച്ച കരയാക്രമണത്തിൽ 200ലേറെ ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 25295 പേർ കൊല്ലപ്പെട്ടു. ഇതിൽ മിക്കവരും സ്ത്രീകളും കുട്ടികളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *