വൃന്ദാവനിൽ സന്യാസി വേഷത്തിൽ ഒളിവിൽക്കഴിഞ്ഞ 300 കോടിയുടെ തട്ടിപ്പുകേസ് പ്രതി വലയിൽ

Vrindavan

ലഖ്നൗ: 300 കോടിയുടെ തട്ടിപ്പുകേസിൽ അറസ്റ്റിൽനിന്ന് രക്ഷപെടാൻ സന്യാസി വേഷത്തിൽ ഒളിവിൽക്കഴിഞ്ഞ പ്രതി ഒടുവിൽ പിടിയിൽ. ബാബൻ വിശ്വനാഥ് ഷിൻഡെ എന്നയാളെയാണ് ഉത്തർപ്രദേശിലെ മഥുര വൃന്ദാവനിലെ കൃഷ്ണ ബലാറാം ക്ഷേത്രത്തിനു സമീപത്തുനിന്നും പിടികൂടിയത്.Vrindavan

മഥുര, ബീഡ് ജില്ലാ പൊലീസ് സംഘങ്ങളുടെ സംയുക്ത ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. ഏകദേശം 300 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി എഫ്ഐആറുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നെന്നും മഥുര പൊലീസ് പറഞ്ഞു.

ഡൽഹി, അസം, നേപ്പാൾ എന്നിവിടങ്ങൾ കൂടാതെ ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലും സന്യാസിയെന്ന വ്യാജേന ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു ഷിൻഡെയെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സന്ദീപ് കുമാർ സിങ് പറഞ്ഞു. ഒടുവിൽ വൃന്ദാവനിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നെന്നും സിങ് കൂട്ടിച്ചേർത്തു.

നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് വ്യക്തികളെ പ്രലോഭിപ്പിച്ച ഷിൻഡെ, അവരുടെ പണം ഒരു സംസ്ഥാന സഹകരണ ബാങ്കിന്റെ നാല് ശാഖകളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു എന്ന് ബീഡ് ജില്ലയിലെ സീനിയർ പൊലീസ് സൂപ്രണ്ട് അവിനാഷ് ബർഗൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായ സബ് ഇൻസ്‌പെക്ടർ എസ്.എസ് മുർകുട്ടെ പറഞ്ഞു.

തട്ടിയെടുത്ത പണം ഉപയോ​ഗിച്ച് ഇയാൾ വിവിധയിടങ്ങളിൽ സ്ഥലങ്ങളും വീടുകളുമുൾപ്പെടെ വാങ്ങിയതായും ഉദ്യോ​ഗസ്ഥൻ പറയുന്നു. 2,000ത്തിലധികം വ്യക്തികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറസ്റ്റ് ചെയ്ത ഷിൻഡെയെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം മഥുര കോടതിയിൽ നിന്ന് ട്രാൻസിറ്റ് റിമാൻഡ് നേടിയ ശേഷം ഇയാളെ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *