4-4; മാഞ്ചസ്റ്റർ സിറ്റി – ചെൽസി ആവേശപ്പോര് സമനിലയിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആവേശപ്പേരായി മാറിയ മാഞ്ചസ്റ്റർ സിറ്റി – ചെൽസി മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും നാല് ഗോൾ വീതം നേടി. അധിക സമയത്തു നേടിയ ഗോളിലാണ് ചെൽസി സമനില പിടിച്ചത്.
അടി, തിരിച്ചടി… എന്നിങ്ങനെ നീങ്ങിയ ത്രില്ലർ പോരാട്ടത്തിൽ പിറന്നത് എട്ട് ഗോളുകൾ. സ്റ്റാംഫോഡ് ബ്രിഡ്ജിലെ നീലക്കടലിനെ നിശ്ശബ്ദമാക്കി 25ാം മിനിറ്റിൽ സിറ്റിയാണ് ആദ്യ ഗോൾ നേടിയത്. പെനാൽറ്റിയിലൂടെ എർലിങ് ഹാലൻഡാണ് വല കുലുക്കിയത്. നാല് മിനിറ്റിനകം തിയാഗോ സിൽവയിലൂടെ ചെൽസിയുടെ മറുപടി. 37ാം മിനിറ്റിൽ റഹീം സ്റ്റർലിങ് ലൂടെ ചെൽസി ലീഡ് എടുത്തു. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ സെക്കന്റ് മാത്രം അവശേഷിക്കെ മാനുവൽ അക്കാൻജി സിറ്റിക്കായി സമനില ഗോൾ കണ്ടെത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എർലിങ് ഹാലൻഡ് വീണ്ടും വല കുലുക്കി. 67ാം മിനിറ്റിൽ നിക്കോളസ് ജാക്‌സനിലൂടെ ചെൽസിയും തിരിചടിച്ചു. തുടർന്നങ്ങോട്ട് വിജയം ലക്ഷ്യമാക്കി സിറ്റിയുടെ മുന്നേറ്റങ്ങൾ. 86ാം മിനിറ്റിൽ റോഡ്രി ഹെർണാണ്ടസ് തൊടുത്തുവിട്ട ലോങ്‌റെഞ്ച ഷോട്ട് ചെൽസിയുടെ വലയിൽ. അവസാന വിസിലിന് നിമിഷങ്ങൾ ബാക്കിനിൽക്കെ ചെൽസിക്ക് അനുകൂലമായി പെനാൽട്ടി. കിക്കെടുത്ത കോൾ പാൽമറിനു പിഴച്ചില്ല. സ്‌കോർ 4-4
മറ്റൊരു മത്സരത്തിൽ ലിവർപൂൾ ബ്രെന്റ്ഫോഡിനെ ആണ് തോൽപ്പിച്ചത്. എതിരിലാത്ത മൂന്ന് ഗോളുകൾക്കാണ് ജയം. മുഹമ്മദ് സലാ ഇരട്ട ഗോൾ നേടി. ലീഗിൽ സിറ്റി ഒന്നും ലിവർപൂൾ രണ്ടാമതുമാണ്. സ്പാനിഷ് ലീഗിൽ റോബർ ലാവൻഡോവ്‌സ്‌കി നേടിയ ഇരട്ട ഗോളിൽ ബാഴ്സലോണ, അലവസിനെയും പരാജയപ്പെടുത്തി.