ബോംബെ സൂചികയിൽ തട്ടി അപ്രത്യക്ഷമായത് ഇന്ത്യൻ നിക്ഷേപകരുടെ 5.76 ലക്ഷം കോടി; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി
ഇന്ത്യൻ ഓഹരി സൂചികകൾ കനത്ത തിരിച്ചടി നേരിട്ട ദിവസമായിരുന്നു ഇന്ന്. ഓഹരി സൂചികകൾ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ സെൻസെക്സ് 821 പോയിൻ്റും എൻഎസ്ഇ നിഫ്റ്റി 258 പോയിൻ്റും താഴേക്ക് പോയി. പിന്നാലെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെയാകെ വിപണി മൂല്യം 436.78 ലക്ഷം കോടിയായി കുറഞ്ഞു. ആകെ 5.76 ലക്ഷം കോടിയാണ് വിപണിയിൽ നിന്ന് മാഞ്ഞുപോയത്.investors
ഇന്ന് ഉച്ചവരെ നേട്ടത്തിലായിരുന്ന ഓഹരി സൂചികകൾ ഉച്ച കഴിഞ്ഞാണ് താഴേക്ക് പതിച്ച് തുടങ്ങിയത്. ഓട്ടോ, എഫ്.എം.സി.ജി സെക്ടർ ഓഹരികളില്‍ കുത്തനെയുണ്ടായ ഇടിവാണ് വിപണിയെ തളർത്തിയത്. സെൻസെക്‌സ് 1.03 ശതമാനം താഴ്ന്ന് 78,675.18 ലും നിഫ്റ്റി 1.07 ശതമാനം താഴ്ന്ന് 23,883.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതാണ് ഓഹരി വിപണിയിലെ തിരിച്ചടിക്ക് കാരണം. ഓഹരികളുടെ ഉയർന്ന മൂല്യനിർണയങ്ങളും കമ്പനികളുടെ മോശം രണ്ടാം പാദഫലങ്ങളും സൂചികകളെ സമ്മർദ്ദത്തിലാക്കി. വിപണിയിൽ വരും ദിവസങ്ങളിൽ ലാർജ് ക്യാപ് ഓഹരികള്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഏറ്റവും ഉയർന്ന മൂല്യനിർണയത്തിലെത്തിയതായി വിദഗ്ധര്‍ വിലയിരുത്തുന്നു.