50 പ്രതിപക്ഷ എം.പിമാരെക്കൂടി ലോക്‌സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്തു
പാർലമെന്റിൽ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാർക്കെതിരെ നടപടി തുടരുന്നു. കെ. സുധാകരൻ, ശശി തരൂർ ഉൾപ്പെടെ 50 പ്രതിപക്ഷ എം.പിമാരെക്കൂടി സസ്‌പെൻഡ് ചെയ്തു. രാഹുൽ ഗാന്ധിയും എം.കെ രാഘവനും ഒഴികെയുള്ള കേരളത്തിൽനിന്നുള്ള മുഴുവൻ എം.പിമാരും പാർലമെന്റിനു പുറത്തായിരിക്കുകയാണ്.
പാർലമെന്റിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങളെയെല്ലാം തിരഞ്ഞടുപിടിച്ചു സസ്‌പെൻഡ് ചെയ്യുന്ന നടപടിയിലേക്കു കടന്നിരിക്കുകയാണ് സ്പീക്കർ ഓം ബിർല. അടൂർ പ്രകാശ്, അബ്ദുസ്സമദ് സമദാനി എന്നിവരാണ് ഇന്നു നടപടി നേരിട്ട കേരളത്തിൽനിന്നുള്ള എം.പിമാർ. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെയും സസ്‌പെൻഡ് ചെയ്തു.
സുപ്രിയ സുലെ ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളും സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു, പ്ലക്കാർഡുകൾ ഉയർത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു നടപടി.
കഴിഞ്ഞ ദിവസം ലോക്‌സഭയിലും രാജ്യസഭയിലുമായി 78 എം.പിമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. 33 എം.പിമാരെ ലോക്‌സഭയിൽനിന്നും 45 പേരെ രാജ്യസഭയിൽനിന്നും സസ്‌പെൻഡ് ചെയ്തു. ഇ.ടി മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് ഇന്നലെ നടപടി നേരിട്ട കേരളത്തില്‍നിന്നുള്ള എം.പിമാര്‍.
പാർലമെന്റ് അതിക്രമക്കേസിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചതിനായിരുന്നു നടപടി. പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ നൽകിയ നോട്ടിസിന് അവതരണ അനുമതി നിഷേധിച്ചു. തുടര്‍ന്ന് 12 മണി വരെ സഭ നിര്‍ത്തിവച്ചു. 50 more opposition MPs were suspended from the Lok Sabha