‘മണിപ്പൂരിൽ ഒരു വർഷത്തിനിടെ 500 ചർച്ചുകളും രണ്ട് സിനഗോഗുകളും തകർക്കപ്പെട്ടു’: റിപ്പോർട്ടുമായി യുഎസ് കമ്മീഷൻ

Manipur

ന്യൂഡൽഹി: മണിപ്പൂരിലെ ആഭ്യന്തര സംഘർഷത്തിനിടെ ഒരു വർഷത്തിനിടയിൽ 500 ചർച്ചുകളും രണ്ട് സി​നഗോഗുകളും തകർക്കപ്പെട്ടതായി അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള കമ്മീഷന്റെ റിപ്പോർട്ട്. യുനൈറ്റഡ് സ്റ്റേറ്റ്സ് ഓൺ ഇന്റർനാഷനൽ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആർഎഫ്) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആഗോള മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായുള്ള വാർഷിക അവലോകന റിപ്പോർട്ടിലാണ് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഗുരുതര ആശങ്ക ഉയർത്തുന്നത്.Manipur

മണിപ്പൂരിലെ സംഘർഷത്തിനിടെ 70,000 പേരാണ് ആഭ്യന്തരമായി കുടിയിറക്കപ്പെട്ടത്. രാജ്യത്ത് ക്രിസ്ത്യൻ, ജൂത ആരാധനാലയങ്ങൾക്ക് നേരെ ആക്രമണങ്ങൾ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട് അടിവരയിടുന്നു. വർധിച്ച് വരുന്ന മതധ്രുവീകരണവും തീവ്ര വലതുപക്ഷ കക്ഷികളുടെ സ്വാധീനവുമാണ് ഇതിന് കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഈ നശീകരണ പ്രവർത്തനങ്ങളും ആക്രമണങ്ങളും ആരാധനാലയങ്ങളെ മാത്രമല്ല ബാധിച്ചത്. മതനേതാക്കളെയും വിശ്വാസികളെയും ആക്രമിക്കുന്നതിലും ഇത് കലാശിച്ചുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

500ഓളം ക്രിസ്ത്യൻ ദേവാലയങ്ങൾ ആക്രമണത്തിനിരായി എന്നത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭയനാകമായ വർധനവാണ്. ക്രിസ്ത്യൻ ജനസംഖ്യ കൂടുതലുള്ള കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തരം അക്രമങ്ങൾ കുറവാണ്. എന്നാൽ, ഉത്തർ പ്രദേശ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വലിയരീതിയിലുള്ള വർധനവാണ് ഉണ്ടായിട്ടുള്ളത്. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായം, മറ്റു നടപടികൾ സ്വീകരിക്കാത്തത് എന്നിവ കാരണം പല പ്രതികളും നിയമത്തിന് മുമ്പിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല.

എണ്ണത്തിൽ കുറവാണെങ്കിലും രണ്ട് ജൂത സിനഗോഗുകൾ തകർത്തുവെന്നതും ആശങ്ക സൃഷ്ടിക്കുന്നതാണ്. രാജ്യത്ത് ജൂത സമുദായം താരതമ്യേന ചെറുതാണ്. അത്തരം ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നത് മതപരമായ സംഘർഷങ്ങളുടെ ആശങ്കാജനമായ നിലയാണ് ചൂണ്ടിക്കാട്ടുന്നത്. മാതസ്വാതന്ത്ര്യം ആശങ്കയിലായതിനാൽ ഇന്ത്യയെ പ്രത്യേകം പരിഗണിക്കേണ്ട രാജ്യമായി കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വിവേചനപരമായ ദേശീയവാദ നയങ്ങളെ ശക്തിപ്പെടുത്തുകയാണ്. വിദ്വേഷ പ്രസംഗങ്ങൾ നിരന്തരം ആവർത്തിക്കുന്നു. മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും ദലിതരെയും ജൂതൻമാരെയും ആദിവാസികളെയും ബാധിക്കുന്ന വർഗീയ ആക്രമണങ്ങളെ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടു. യുഎപിഎ, വിദേശ സംഭാവന നിയന്ത്രണ നിയമം, സിഎഎ, മതപരിവർത്തന വിരുദ്ധ നിയമം, ഗോഹത്യ നിയമം എന്നിവ വഴി നിരവധി പേരെയാണ് അനധികൃതമായി തടവിലിടുന്നത്. ഈ നിയമങ്ങളിലൂടെ മതന്യൂനപക്ഷങ്ങളെയും അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയും ലക്ഷ്യമിടുകയാണ്.

മതന്യൂനപക്ഷങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന വാർത്താമാധ്യമങ്ങളും എൻജിഒകളും വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം കർ​ശന നിരീക്ഷണത്തിലാണ്. 2023ൽ മാത്രം ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് 687 ആക്രമണങ്ങളാണ് നടന്നതെന്ന് വിവിധ എൻജിഒകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം നിരവധി പേരെ തടങ്കിലിട്ടുവെന്നും യുഎസ് കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു.

1998-ലെ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ആക്റ്റ് പ്രകാരം സ്ഥാപിതമായ കമ്മീഷനാണ് യുഎസ്സിഐആർഎഫ്. അമേരിക്കൻ പ്രസിഡന്റും സെനറ്റിലെയും ജനപ്രതിനിധിസഭയിലെയും രണ്ട് രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വവും നിയമിക്കുന്ന കമ്മീഷണർമാരുള്ള യുഎസ് ഫെഡറൽ ഗവൺമെന്റ് കമ്മീഷനാണിത്.

അതേസമയം, അമേരിക്കൻ കമ്മീഷന്റെ റിപ്പോർട്ടിനെ ഇന്ത്യ ശക്തമായി എതിർത്തു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ പക്ഷപാതപരവും ചിലരുടെ ആഖ്യാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും വിദേശകാര്യ ​മന്ത്രാലയം വ്യക്തമാക്കി. കമ്മീഷനെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് എല്ലാവർക്കുമറിയാം. രാഷ്ട്രീയ അജണ്ടയുള്ള പക്ഷപാതപരമായ സംഘടനയാണത്. ഈ വിദ്വേഷം നിറഞ്ഞ റിപ്പോർട്ട് ഞങ്ങൾ തള്ളുന്നു. ഇത്തരം റിപ്പോർട്ടുകൾ കമ്മീഷനെ കൂടുതൽ മോശമായി ചിത്രീകരിക്കാൻ മാത്രമേ സഹായിക്കൂവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *