രാമക്ഷേത്രപ്രതിഷ്ഠക്ക് കാസർകോട്ടെ സ്‌കൂളിന് അവധി; പഞ്ചായത്ത് പ്രസിഡണ്ട് നിര്‍ബന്ധിച്ചത് മൂലമെന്ന് പ്രധാനാധ്യാപിക
അയോധ്യപ്രാണ പ്രതിഷ്ഠാദിനത്തിൽ കാസർകോട് കുട്‍ലു ശ്രീ ഗോപാലകൃഷ്ണ സ്കൂളിന് അവധി നൽകിയതിൽ പ്രധാനാധ്യാപിക വിശദീകരണം നൽകി. മധൂർ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍ബന്ധിച്ചതുകൊണ്ടാണ് അവധി നൽകിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു.
സ്കൂളിന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് പ്രസിഡണ്ട് സ്കൂളുകളിൽ നേരിട്ടെത്തി രേഖാമൂലം കത്ത് നൽകിയെന്നും പ്രധാനാധ്യാപിക അറിയിച്ചു. പ്രദേശിക വികാരം കണക്കിലെടുത്ത് സ്കൂളിന് അവധി നല്‍കണമെന്നായിരുന്നു പ്രസിഡണ്ടിന്‍റെ ആവശ്യമെന്നും പ്രധാനാധ്യാപിക പറയുന്നു.
രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് അവധി നല്‍കാത്ത സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. എന്നാല്‍ കാസര്‍കോട്ടെ സ്കൂളിന് അവധി നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വിശദീകരണം തേടി ഉത്തരവിട്ടിരുന്നു. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന.