‘ഹമാസ്-ഇസ്രായേൽ ബന്ദിമോചന ചർച്ച വിജയം’; പ്രഖ്യാപനവുമായി ഖത്തർ

Israel ceasefire confirmed by qatar

ദുബൈ/പാരിസ്: ഹമാസ്-ഇസ്രായേൽ ബന്ദിമോചന ചർച്ച വിജയത്തിലേക്ക്. ചർച്ചയിലെ നിർദേശങ്ങൾ ഇസ്രായേൽ അംഗീകരിച്ചു. ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവാണ് ഇക്കാര്യം അറിയിച്ചത്.

ചർച്ചയോട് ഹമാസിന്റെ പ്രാരംഭ പ്രതികരണം അനുകൂലമാണെന്നും ഖത്തർ വിദേശകാര്യ വക്താവ് അറിയിച്ചു. കരാർ നിർണായകഘട്ടത്തിലാണെന്ന് അമേരിക്കയും പ്രതികരിച്ചു. ഒരു മാസം മുതൽ ഒന്നര മാസം വരെയുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ നടന്നുവരുന്ന ചർച്ചകളുടെ തുടർച്ചയായാണു പുതിയ നീക്കം. ഖത്തറിനു പുറമെ ഈജിപ്തും യു.എസും ചർച്ചയുടെ ഭാഗമാകുന്നുണ്ട്. ഇന്നു രാത്രിയോടെ ചർച്ചയുടെ തീരുമാനം പുറത്തുവരുമെന്നാണു സൂചന.

അൽപം മുൻപ് ചേർന്ന ഇസ്രായേൽ മിനി കാബിനറ്റിൽ ചർച്ചയിലെ നിർദേശങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഹമാസിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവരേണ്ടതുണ്ട്. ഒരു ബന്ദിക്ക് 100 ഫലസ്തീൻ തടവുകാരെ വിട്ടയക്കണമെന്നാണു കരാറിലെ നിർദേശം എന്നാണു സൂചന. ആദ്യ ഘട്ടത്തിൽ 40 ബന്ദികളെയായിരിക്കും ആദ്യ ഘട്ടത്തിൽ കൈമാറുക. ഇതിനു പകരമായി ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 4,000ത്തോളം ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കേണ്ടിവരും. 131 ബന്ദികളാണു നിലവിൽ ഹമാസിന്റെ പിടിയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *