ഇനി നീലക്കാര്‍ഡും!ഫുട്ബോള്‍ താരങ്ങളെ കാത്തിരിക്കുന്നത് എട്ടിന്‍റെ പണി
ഫുട്‌ബോൾ മൈതാനം അക്ഷരാർഥത്തിൽ സംഘർഷഭൂമിയാകുന്ന കാഴ്ചകൾക്ക് പലപ്പോഴും ആരാധകർ സാക്ഷിയാവാറുണ്ട്. കളിചൂടുപിടിക്കുമ്പോൾ ചിലപ്പോഴൊക്കെ മൈതാനങ്ങളില്‍ ഏറ്റുമുട്ടാറുള്ള കളിക്കാരെ നിയന്ത്രിക്കാൻ റഫറിമാർ പുറത്തെടുക്കുന്ന കാർഡുകൾക്ക് മൈതാനത്ത് വലിയ പ്രാധാന്യമുണ്ട്. പത്തും അതിലധികവുമൊക്കെ കാർഡുകൾ പിറവിയെടുത്ത മത്സരങ്ങൾ ഫുട്‌ബോൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ മഞ്ഞ, ചുവപ്പ് കാർഡുകൾക്കൊപ്പം മറ്റൊരു കാർഡ് കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്റർനാഷണൽ ഫുട്‌ബോൾ അസോസിയേഷൻ ബോർഡ്. നീല നിറത്തിലുള്ള കാർഡാണ് ഇഫാബ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കാൻ പോകുന്നത്. മത്സരത്തിൽ അനാവശ്യമായ ഫൗളുകൾ, ഒഫീഷ്യൽസിനോടുള്ള അപമര്യാദയായുള്ള പെരുമാറ്റം തുടങ്ങിയ അച്ചടക്ക ലംഘനങ്ങൾക്കാണ് നീല കാർഡ് ഉയർത്തുക. ഈ കാർഡ് ലഭിച്ചാൽ കളിക്കാരൻ പത്ത് മിനിറ്റോളം മൈതാനത്തിന് പുറത്തിരിക്കേണ്ടി വരും. ഒരു മത്സരത്തിൽ രണ്ട് നീലക്കാർഡ് ലഭിച്ച കളിക്കാരന് പിന്നെ ആ മത്സരത്തിൽ കളത്തിലിറങ്ങാനാവില്ല. ഒരു നീലക്കാർഡും ഒരു മഞ്ഞക്കാർഡും ലഭിച്ചാലും ചുവപ്പ് കാർഡുയർത്തി റഫറി താരത്തെ പുറത്താക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
1970 ലോകകപ്പിലാണ് ഫുട്‌ബോൾ ചരിത്രത്തില്‍ ആദ്യമായി കാർഡുകൾ അവതരിപ്പിക്കപ്പെട്ടത്. ഫുട്‌ബോൾ ചരിത്രത്തിലെ വിപ്ലവകരമായ മാറ്റമായിരുന്നു അത്. അവിടം മുതലിങ്ങോട്ട് മൈതാനങ്ങളിലെ അച്ചടക്ക നടപടികൾക്കുള്ള ആയുധമായിരുന്നു ഈ രണ്ട് കാർഡുകൾ. മൂന്നാമതൊരു കാർഡ് കൂടി എത്തുന്നതോടെ ഫുട്‌ബോൾ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലായി മാറുമത്. വരുന്ന സമ്മർ സീസണിൽ ബ്ലു കാർഡ് പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഇഫാബ്. ടോപ് ടയർ മത്സരങ്ങളിൽ ഇപ്പോൾ പരീക്ഷിച്ചില്ലെങ്കിലും മറ്റു ചില പ്രധാന മത്സരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.