പ്രകാശ പൂരിത ഗ്രാമം; തെരുവ് വിളക്കുകൾ സ്ഥാപിച്ചു.
കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയ സമ്പൂർണ തെരുവ് വിളക്ക് സ്ഥാപിക്കൽ പദ്ധതിയായ “പ്രകാശ പൂരിത ഗ്രാമം” പദ്ധതിയുടെ രണ്ടാം ഘട്ടം ഉൾപ്പെടുത്തിയ സ്ട്രീറ്റ് മെയിൻ സ്ഥാപിച്ചതിന്റെയും തെരുവ് വിളക്കുകളുടെയും ഉദ്ഘാടനം തൃക്കളയൂർ കല്ലിട്ടപ്പാലം പ്രദേശത്ത് വെച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. പി സഫിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഹ് ല മുനീർ സ്വാഗതം പറഞ്ഞു.
നാളിതുവരെയായി സ്ട്രീറ്റ് മെയിൻ ഇല്ലാതെ ഓരോ പോസ്റ്റിലും സ്ഥാപിച്ച ലൈറ്റിലേക്ക് നേരിട്ട് കണക്റ്റ് രൂപത്തിലായിരുന്നു തെരുവ് വിളക്കുകൾ. കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് മുഴുവനും തെരുവ് വിളക്കു സ്ഥാപിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ അരീക്കോട് പാലം മുതൽ വാലില്ലാപുഴ വരെയും കുറ്റൂളി മുതൽ പെരിങ്കടവ് പാലം വരെയും കുനിയിൽ ന്യൂ ബസാർ മുതൽ എടശേരികടവ് പാലം വരെയുമാണ് ആദ്യം സ്ട്രീറ്റ് മെയിൻ വലിച്ച് വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചത്. പന്നിക്കോട് KSEB ഓഫീസ് പരിധിയിലുള്ള , കവിലട, കല്ലിട്ടപ്പാലം, കല്ലായി , വാലില്ലാപുഴ , തൃക്കളയൂർ എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ട സ്ട്രീറ്റ് മെയിൻ വലിച്ചു ലൈറ്റ് സ്ഥാപിച്ചത്.
മറ്റു പ്രദേശങ്ങളായ കിണറ്റിൻ കണ്ടി മുതൽ പഴംപറമ്പ്, കീഴുപറമ്പ് മുതൽ ഓത്തുപള്ളി പൊറായ് അങ്ങാടി, പൂവ്വത്തിക്കണ്ടി മുതൽ ഉമ്മരപ്പാറ, പത്തനാപുരം പാലം മുതൽ വെസ്റ്റ് പത്തനാപുരം, പൂവ്വത്തിക്കൽ ചെത്തൈ ക്കടവ്, തേക്കിൻ ചുവട് ഫോറസ്റ്റ് തോട്ടു മുക്കം എന്നിവിടങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള തുക 2024-25 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ അബൂബക്കർ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർമാരായ എം.പി അബ്ദുറഹ്മാൻ, റഫീഖ് ബാബു, എം. എം മുഹമ്മദ്, ശഹർബാൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. സി. എ. ഷുക്കൂർ, ആസൂത്രണ സമിതി അംഗം നജീബ് കാരങ്ങാടൻ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ എം. റഹ്മത്ത്, വീരാൻ കുട്ടി മാസ്റ്റർ, ജാഫർ മാസ്റ്റർ , പി.കെ റഷീദ്, സി കെ പി.കെ ഷിഹാബ് , സി.കെ മുനീർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു, എൻ. കരീം മാസ്റ്റർ നന്ദിയും പറഞ്ഞു.