തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു
തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.(Screenwriter Balram Mattannur passes away) കർമ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും, അക്വേറിയം തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ ചിത്രങ്ങൾ. 1997 ൽ പ്രദർശനത്തിനെത്തിയ കളിയാട്ടമാണ് ഏറ്റവും ശ്രദ്ധ നേടിയ ചിത്രം.
മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), , കാശി (നോവൽ) തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. 1983ൽ മുയൽഗ്രാമം ബാലസാഹിത്യത്തിനുള്ള യുവസാഹിതി അവാർഡും ദർശനം അവാർഡും നേടി. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ് ബൽറാം സിനിമയിൽ എത്തുന്നത്.
1962 ൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ സി എം ജാനകിയമ്മയുടെയും സി എച്ച് പത്മനാഭൻ നമ്പ്യാരുടെയും രണ്ടാമത്തെ മകനായാണ് സി എം ബൽറാം എന്ന ബൽറാം മട്ടന്നൂർ ജനിക്കുന്നത്. കെ എൻ സൗമ്യയാണ് ഭാര്യ. മകൾ ഗായത്രി. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് കണ്ണൂർ പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.