പാതിവഴിയിൽ മുടങ്ങി കുളത്തൂർ കുടിവെള്ള പദ്ധതി
പുൽപള്ളി: പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെട്ട കുളത്തൂരിൽ നിർമിച്ച ജല പദ്ധതി പാതി വഴിയിൽ മുടങ്ങിയ നിലയിൽ. പദ്ധതിക്കായി നിർമിച്ച കിണറിൽ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും ജല വിതരണത്തിന് ആവശ്യമായ സംവിധാനങ്ങൾ അധികൃതർ കൈക്കൊണ്ടിട്ടില്ല. 2011 ലാണ് കുളത്തൂർ കോളനിക്കാർക്കും പരിസര വാസികൾക്കുമായി ജല പദ്ധതി ആരംഭിച്ചത്. അഞ്ച് ലക്ഷം രൂപ ചെലവിലാണ് കിണർ നിർമിച്ചത്.
രണ്ടിടങ്ങളിൽ ആളുകൾ ടാങ്കുകളും മറ്റും നിർമിക്കുന്നതിനായി സ്ഥലം വിട്ടുനൽകി. മൂന്ന് സെന്റ് ഭൂമി വീതമാണ് കൈമാറിയത്. കിണർ നിർമിച്ചതല്ലാതെ യാതൊരു പ്രവൃത്തിയും പിന്നീട് ഉണ്ടായില്ല. 14 വർഷം മുമ്പ് നിർമിച്ച കിണറിന്റെ തുടർ പ്രവൃത്തികൾ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പല തവണ നാട്ടുകാർ പരാതി നൽകിയിരുന്നു.
ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയുടെ നവ കേരള സദസ്സിലും പരാതിയെത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പദ്ധതിയാണിതെന്നും തുടർനടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കുമെന്ന മറുപടിയും ലഭിച്ചു. എന്നാൽ, യാതൊരു പ്രവർത്തികളും പിന്നീട് ഉണ്ടായില്ല. ഒരു വർഷം മുമ്പ് ബി.ജെ.പി നേതാവ് സുരേഷ് ഗോപി ഇവിടം സന്ദർശിച്ചപ്പോൾ നാട്ടുകാർ ഇക്കാര്യത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് മോട്ടോറും പൈപ്പും ഇവിടെ സ്ഥാപിച്ചു. എന്നാൽ വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ ജല വിതരണത്തിന് പറ്റാതായി. വരൾച്ച രൂക്ഷമായി തുടരുമ്പോൾ ഈ കിണറിൽ മാത്രമാണ് പ്രദേശത്ത് വെള്ളമുള്ളത്.
ഈ വെള്ളം മലിനമായ രീതിയിലാണ്. ജലക്ഷാമം മൂലം സമീപത്തെ കോളനിവാസികൾ ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ ഇടപെടലുകൾ ഉണ്ടായാൽ പദ്ധതി ഉപയോഗപ്പെടുത്താം. ഇതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.