ബ്രിജ്ഭൂഷന് പകരം മകൻ കരൺ ഭൂഷൻ സ്ഥാനാർത്ഥി; അനുരാഗ് ഠാക്കൂറിനും മത്സരം കടുപ്പം
കർണാടകയിൽ ലൈംഗിക പീഡന കേസിൽപെട്ട ജെ.ഡി.(എസ് ) എം.പി. പ്രജ്വൽ രേവണ്ണയ്ക്കായി പ്രചാരണം നടത്തി വെട്ടിലായ ബി.ജെ.പി, യു.പി.യിൽ ബ്രിജ്ഭൂഷൻ ശരൻ സിങ്ങിനെ ഒരുവിധം ഒഴിവാക്കി മുഖം രക്ഷിച്ചു. അവസാന നിമിഷം വരെ പിൻവാങ്ങില്ലെന്നു ശഠിച്ച ബ്രിജ്ഭൂഷൻ ശരൺ സിങ് ഒടുവിൽ മകനുവേണ്ടി വഴി മാറുകയായിരുന്നു. യു.പി.യിലെ കൈസർഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി.കരൺ ഭൂഷനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്.Brijbhushan
20നാണ് തെരഞ്ഞെടുപ്പ്. സ്വന്തം നിലയിൽ പ്രചാരണം തുടങ്ങിയിരുന്ന ബ്രിജ്ഭൂഷനെതിരെ കഴിഞ്ഞ 13 ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസ് എടുത്തിരുന്നു. 25 വാഹനങ്ങളുടെ അകമ്പടിയോടെയാണ് ബ്രിജ്ഭൂഷൻ അന്ന് ഗ്രാമം ചുറ്റിയത്. പല തവണ ബി.ജെ.പി.നേതൃത്വം പിൻവാങ്ങാൻ നിർദേശിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല.
പ്രജ്വലിൻ്റെ പ്രചാരണ യോഗത്തിൽ നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ഇതോടെ ബി.ജെ.പിയുടെ “നാരീശക്തി സംരക്ഷണം ” എന്ന മുദ്രാവാക്യം കാപട്യമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബ്രിജ്ഭൂഷനെതിരെ വനിതാ ഗുസ്തി താരങ്ങൾ ഉയർത്തിയ ലൈംഗിക അധിക്രമ പരാതി രാജ്യമെങ്ങും ചർച്ചയായതാണ്. മാത്രമല്ല തുടരന്വേഷണം വേണമെന്ന ബ്രിജ് ഭൂഷൻ്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളുകയും ചെയ്തിരുന്നു.
മുൻപ്, റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പിൽ തൻ്റെ അനുയായി സഞ്ജയ് കുമാർ സിങ്ങിനെ വിജയിപ്പിച്ച് അത് തൻ്റെ വിജയമായി ആഘോഷിച്ച ബ്രിജ്ഭൂഷനോട് ഗുസ്തി സംഘടനയുടെ കാര്യങ്ങളിൽ നിന്നു മാറി നിൽക്കുവാൻ ബി.ജെ.പി. പ്രസിഡൻ്റ് തന്നെ ആവശ്യപ്പെട്ടെന്നാണ് കേട്ടത്. സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ഒളിംപിക് മെഡൽ ജേത്രി സാക്ഷി മാലിക്ക് മത്സര രംഗം വിടുകയും വിനേഷ് ഫോഗട്ടും ബജ്റങ് പൂനിയയും ദേശീയ ബഹുമതികൾ മടക്കി നൽകുകയും ചെയ്തപ്പോൾ സാക്ഷി മാലിക്കിനെ വാരണാസിയിൽ പ്രധാനമന്ത്രിക്കെതിരെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവു വായി മമതാ ബാനർജി മുന്നോട്ടുവന്നിരുന്നു. കേന്ദ്ര സർക്കാർ ജീവനക്കാരിയായ സാക്ഷി ഇതിനു സമ്മതിക്കാൻ സാധ്യതയില്ലായിരുന്നെങ്കിലും മമതയുടെ നിർദേശം ബി.ജെ.പി. നേതൃത്വത്തെ ഞെട്ടിച്ചു.
1999 മുതൽ ബി.ജെ.പി. ടിക്കറ്റിൽ മത്സരിച്ചു ജയിച്ചുപോന്ന ബ്രിജ്ഭൂഷൻ 2009ൽ ബി.ജെ.പി യോട് തെറ്റി സമാജ് വാദി പാർട്ടി സ്ഥാനാർഥിയായി ജയിച്ചു. ഇത്തവണയും അഖിലേഷ് യാദവിനെ പുകഴ്ത്തിപ്പറഞ്ഞ് ഒരു ചാട്ടത്തിനു സാധ്യത ബാക്കിവച്ചിരുന്നു. പക്ഷേ, അഖിലേഷ് ഇന്ത്യ മുന്നണിയിൽ വന്നതോടെ വാതിൽ അടഞ്ഞു. കൈസർഗഞ്ചിൽ സ്വതന്ത്രനായി നിന്നാലും ബ്രിജ്ഭൂഷൻ ജയിക്കും. ഇത് ബി.ജെ പിക്കും അറിയാം. പക്ഷേ, ഇക്കുറി അത് അനുവദിച്ചാൽ ഹരിയാനയിൽ ഉൾപ്പെടെ വൻ തിരിച്ചടി ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ബി.ജെ.പി. നേതൃത്വം അതിനു തടയിട്ടു.
അയോധ്യയിൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ആദ്യം അറസ്റ്റിലായ ബി.ജെ.പി. നേതാക്കളിൽ ഒരാളായ ബ്രിജ് ഭൂഷന് ഗോണ്ട, ബഹ്റൈച്ച്, ബൽറാംപൂർ, ശ്രവസ്തി ജില്ലകളിലൊക്കെ വലിയ സ്വാധീനമാണ്. അതുകൊണ്ട് ബി.ജെ.പിക്ക് അദ്ദേഹത്തെ തഴയാനാവില്ല. ബ്രിജ്ഭൂഷൻ്റെ ഇളയ പുത്രനാണ് കരൺ ഭൂഷൻ. ഈ മുപ്പത്തിനാലുകാരനെ റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ് ആക്കാൻ നോക്കിയപ്പോഴാണ് ഗുസ്തി താരങ്ങൾ രണ്ടാമതും സമരം തുടങ്ങിയത്. ഡബിൾ ട്രാപ് ഷൂട്ടർ കൂടിയായ കരൺ യു.പി.റെസ്ലിങ് അസാസിയേഷൻ പ്രസിഡൻ്റാണ്. എട്ടു വർഷം വൈസ് പ്രസിഡൻ്റായിരുന്നു.കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രസിഡൻ്റ് ആയത്.
കൈസർഗഞ്ചിൽ സമാജ് വാദി പാർട്ടി സ്ഥാനാർഥിയെ അറിയേണ്ടതുണ്ട്. ബി.എസ്.പി. സ്ഥാനാർഥി നരേന്ദ്ര പാണ്ഡെയാണ്. ബ്രിജ്ഭൂഷൻ്റെ സ്ഥാനാർഥിത്വം പോലെ കായിക ലോകം ഉറ്റുനോക്കുന്നൊരു മത്സരമുണ്ട്. കേന്ദ സ്പോർട്സ് മന്ത്രി അനുരാഗ് ഠാക്കൂർ സ്ഥാനാർഥിയായ, ഹിമാചൽ പ്രദേശിലെ ഹമിർപൂർ ലോക്സഭാ മണ്ഡലത്തിലെ മത്സരം. ഇവിടെ നിന്ന് നാലു തവണ തിരഞ്ഞടുക്കപ്പെട്ട അനുരാഗ് ഠാക്കൂർ 2011 ൽ മികച്ച യുവ പാർലമെൻ്റേറിയൻ അവാർഡ് നേടിയിരുന്നു. ഭാരതീയ ജനതാ യുവ മോർച്ചയുടെ പ്രഥമ ദേശീയ പ്രസിഡൻ്റും ബി.സി.സി.ഐ. മുൻ പ്രസിഡൻറുമൊക്കെയായ അനുരാഗ് ഹിമാചൽ മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധു മലിൻ്റെ പുത്രനാണ്. പക്ഷേ, ഇക്കുറി മണ്ഡലത്തിൽ കോൺഗ്രസ് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.2022 അവസാനം ഹമിർപൂർ നിയമസഭാ മണ്ഡലത്തിൽ വിജയിച്ചത് സ്വതന്ത്ര സ്ഥാനാർഥി ആശിശ് ശർമയാണ്. കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തി. ബി.ജെ.പി. മൂന്നാമതാണു വന്നത്. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 സീറ്റും ബി.ജെ.പിക്ക് 25 സീറ്റുമാണു ലഭിച്ചത്.
അനുരാഗ് ഠാക്കൂർ ജയിക്കുമോ ജയിച്ചാൽ വിണ്ടും സ്പോർട്സ് മന്ത്രിയാകുമോ എന്നൊക്കെ കായിക പ്രേമികൾ ചർച്ച ചെയ്യുന്നതിന് ഒരു കാരണമുണ്ട്.ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റ് പി.ടി. ഉഷയ്ക്കെക്കെതിരെ തിരിഞ്ഞിരിക്കുന്ന കായിക താരങ്ങളിൽ ഭൂരിഭാഗവും അനുരാഗ് ഠാക്കൂറിൻ്റെ അടുപ്പക്കാർ ആണെന്ന് ആരോപണമുണ്ട്. പി.ടി.ഉഷയോട് പ്രധാനമന്ത്രിക്ക് പ്രത്യേക താല്പര്യമുണ്ട്.ഇത് ഉത്തരേന്ത്യൻ ലോബിക്കു ദഹിക്കുന്നില്ല. അതിനാൽ ഠാക്കൂറിൻ്റെ മത്സരഫലം ഇന്ത്യൻ സ്പോർട്സിൻ്റെ ഭരണത്തലപ്പത്ത് നിർണായമാകും. കാത്തിരിക്കാം.