വൈദ്യുതി പ്രതിസന്ധി; എം.എൽ. എ. യുടെ നേത്രത്വത്തിൽ യോഗം ചേർന്നു.
മൂന്നിയൂർ: കെ.എസ്. ഇ.ബി. തലപ്പാറ സെക്ഷന്റെ കീഴിൽ രൂക്ഷമായി അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി വള്ളിക്കുന്ന് മണ്ഡലം എം.എൽ. എ. പി. അബ്ദുൽ ഹമീദ് മാസ്റ്റർ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം വിളിച്ച് കൂട്ടി. തലപ്പാറ സെക്ഷന്റെ കീഴിലുള്ള ഉള്ളണം, കൂരിയാട്, ചേളാരി ഫീഡറുകളിൽ ഓവർലോഡ് കാരണം വിവിധ പ്രദേശങ്ങളിലെ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി ഓഫ് ചെയ്യുന്നത് മൂലം നാട്ടുകാർ വലിയ പ്രതിഷേധവുമായി വരികയും പല ദിവസങ്ങളിലും ജീവനക്കാരുമായി സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തതിനെ തുടർന്നാണ് എം. എൽ. എ. യോഗം വിളിച്ച് കൂട്ടിയത്.
വൈദ്യുതിയുടെ അമിത ഉപയോഗം കാരണം ഓവർ ലോഡ് വരുമ്പോൾ വിവിധ ഫീഡറുകളിലെ ട്രാൻസ്ഫോർമറുകൾ മുന്നറിയിപ്പില്ലാതെ ഓഫ് ചെയ്യുന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇനി മുതൽ തലപ്പാറ സെക്ഷന്റെ പരിധിയിൽ വരുന്ന വിവിധ ഫീഡറുകളിൽ വൈദ്യുതി ഓഫ് ചെയ്യുന്ന സമയം ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കുവാനും അനന്തമായി ഓഫ് ചെയ്തിടുന്ന രീതി ഒഴിവാക്കുവാനും യോഗത്തിൽ തീരുമാനമായി. ഇത് പ്രകാരം ഓരോ ദിവസവും ഓരോ ഫീഡറിൽ വൈദ്യുതി ഓഫ് ചെയ്യുന്ന സമയവും ഓൺ ചെയ്യുന്ന സമയവും മുൻകൂട്ടി സെക്ഷൻ ഓഫീസിൽ നിന്നും പൊതുജനങ്ങളെ അറിയിക്കുന്നതാണ്. കൂടാതെ തലപ്പാറ സെക്ഷനിൽ ഒരു സബ്സ്റ്റേഷൻ തുടങ്ങുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് എം. എൽ. എ. യുടെ നേത്രത്വത്തിൽ വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉൾപ്പെടുന്ന സമിതി ഉണ്ടാക്കുകയും അടിയന്തിരമായി സ്ഥലം കണ്ടെത്താൻ തീരുമാനിക്കുകയും ചെയ്തു. കെ.എസ്. ഇ.ബി. ജീവനക്കാർ പൊതുജനങ്ങളുമായി നല്ല രീതിയിൽ പെരുമാറണമെന്നും ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി പൊതുജനങ്ങൾ കെ.എസ്. ഇ.ബി. ജീവനക്കാർക്ക് പൂർണ്ണ സഹകരണം നൽകണമെന്നും യോഗം അഭ്യാർത്ഥിച്ചു. പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ. എ. അദ്ധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ. കലാം മാസ്റ്റർ പെരുവള്ളൂർ, എൻ.എം. സുഹ്റാബി മൂന്നിയൂർ, ടി. വിജിത് തേഞ്ഞിപ്പലം, മറ്റു ജനപ്രതിനിധികളായ ഹനീഫ ആച്ചാട്ടിൽ, സി.പി. സുബൈദ, ജാസ്മിൻ മുനീർ , കെ.എസ്. ഇ.ബി. ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഹൈദർ അലി, തിരൂരങ്ങാടി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒ.പി. വേലായുധൻ, തിരൂരങ്ങാടി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റൈഹാനത്ത് , തലപ്പാറ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സുദീപ്. ജെ, തലപ്പാറ സെക്ഷൻ സബ് എഞ്ചിനീയർ ജീന . ടി, തിരൂരങ്ങാടി സബ് ഡിവിഷൻ സബ് എഞ്ചിനീയർ രമേഷ് . വി , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.പി. സൈതലവി എന്ന കുഞ്ഞാപ്പു, എൻ. എം. അൻവർ , കെ. മൊയ്തീൻ കുട്ടി, മത്തായി യോഹന്നാൻ, അഡ്വ: സി.പി. മുസ്ഥഫ, ഷുക്കൂർ , അഷ്റഫ് കളത്തിങ്ങൽ പാറ പങ്കെടുത്തു.