IPL 2024: ധോണിയുടെ കാര്യത്തില്‍ ചെന്നൈയ്ക്ക് തെറ്റുപറ്റി? നിലനിര്‍ത്തിയത് തലവേദനയായോ?
ചെറിയൊരു തളര്‍ച്ചയ്ക്ക് ശേഷം ഉയിര്‍ത്തെഴുന്നേറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. അതേസമയം മുന്‍ നായകന്‍ എംഎസ് ധോണിയുടെ പരുക്ക് ടീമിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്. പരുക്കിനെ തുടര്‍ന്ന് ധോണിയുടെ മൂവ്‌മെന്റിന്റെ വേഗം കുറഞ്ഞിട്ടുണ്ട്. എങ്കിലും ധോണി മുന്നോട്ട് പോവുകയാണ്. എന്നാല്‍ ഇതോടെ ധോണിയെ നിലനിര്‍ത്താനുള്ള ചെന്നൈയുടെ തീരുമാനം ചോദ്യം ചെയ്യപ്പെടുകയാണ്. Dhoni
നേരത്തെ ഈ ഐപിഎല്‍ ധോണി കളിക്കുമോ എന്ന കാര്യത്തിലടക്കം സംശയമുണ്ടായിരുന്നു. പോയ വര്‍ഷം താരത്തിന് പരുക്കേല്‍ക്കുകയും സര്‍ജറി വേണ്ടി വരികയും ചെയ്തിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് ധോണി കളിക്കുമെന്ന് അറിയിക്കുകയായിരുന്നു. അതേസമയം സീസണിന് തൊട്ട് മുമ്പായി ധോണി ചെന്നൈയുടെ നായകസ്ഥാനം ഒഴിഞ്ഞു. പകരം റുതുരാജ് ഗെയ്ഗ്വാദ് ചെന്നൈയുടെ പുതിയ നായകനായി മാറുകയായിരുന്നു.
അതേസമയം സീസണില്‍ ധോണിയുടെ ബാറ്റിംഗ് പ്രകടനം മികവുറ്റത് തന്നെയായിരുന്നു. ഒമ്പത് ഇന്നിംഗ്‌സുകളില്‍ ഏഴിലും നോട്ടൗട്ട് ആയിരുന്നു ധോണി. 110 റണ്‍സും നേടി. 225 ആണ് ധോണിയുടെ സ്‌ട്രൈക്ക് റേറ്റ്. 42 കാരനായ ധോണിയുടെ ഈ കണക്ക് അമ്പരപ്പിക്കുന്നത് തന്നെയാണ്. എന്നാല്‍ താരത്തിന്റെ പരുക്കും ഫിറ്റ്‌നസും ധോണിയുടെ ബാറ്റിംഗ് പൊസിഷന്‍ താഴേക്ക് കൊണ്ടു വന്നിരിക്കുകയാണ്. Dhoni
വിക്കറ്റിന് പിന്നില്‍ ഇപ്പോഴും പഴയ ധോണിയായി തുടരുമ്പോഴും ബാറ്റിംഗിന്റെ കാര്യത്തില്‍ ധോണി സ്ട്രഗിള്‍ ചെയ്യുകയാണെന്നത് വസ്തുതയാണ്. ഇത് ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആകുമെന്നാണ് കരുതപ്പെടുന്നത്. ഈ സീസണില്‍ പുതിയ നായകനായ റുതുരാജിന് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ധോണിയെ ചെന്നൈ നിലനിര്‍ത്തിയത്. മറ്റ് താരങ്ങള്‍ക്കും ധോണിയുടെ സാന്നിധ്യം ആത്മവിശ്വാസം പകരുന്ന കാര്യമാണ്.
അതുകൊണ്ട് തന്നെ ധോണിയെ നിലനിര്‍ത്താനുള്ള ചെന്നൈയുടെ തീരുമാനം തെറ്റല്ല. ഇത്തവണയും ചെന്നൈയ്ക്ക് പ്ലേ ഓഫിലേക്കും അവിടെ നിന്നും ഫൈനലിലേക്കും എത്താന്‍ സാധിച്ചാല്‍ ചെന്നൈയ്ക്ക് ആറാം ഐപിഎല്‍ കിരീടം എന്ന മോഹത്തിലേക്ക് എത്താന്‍ സാധിച്ചേക്കും. അങ്ങനെയെങ്കില്‍ ധോണിയുടെ പടിയിറക്കം രാജകീയമാവുകയും ചെയ്യുമെന്നുറപ്പാണ്. എന്തായിരിക്കും ധോണിയുടേയും ചെന്നൈയുടേയും വിധിയെന്നത് കണ്ടറിയണം.
അതേസമയം പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ളത് കെകെആര്‍ ആണ്. രാജസ്ഥാനാണ് രണ്ടാമതുള്ളത്. ഇരു ടീമുകള്‍ക്കും 16 പോയന്റ് വീതമാണുള്ളത്. മൂന്നാമതുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സന് 12 പോയന്റുകളാണുള്ളത്. അത്ര തന്നെ പോയന്റുകളുമായി നാലാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണുള്ളത്. ആരൊക്കെ പ്ലേ ഓഫിലെത്തുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.