മൂന്ന് സ്വതന്ത്രർ പിന്തുണ പിൻവലിച്ചു; ഹരിയാനയിൽ ബി.ജെ.പി സർക്കാറിന് ഭൂരിപക്ഷം നഷ്ടമായി

Three independents withdrew their support; The BJP government lost its majority in Haryana

 

ഛണ്ഡീഗഢ്: ഹരിയാനയിൽ വീണ്ടും പ്രതിസന്ധിയിലായി ബി.ജെ.പി സർക്കാർ. മൂന്ന് സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ചതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്.

ഇതോടെ 90 അംഗ നിയമസഭയിൽ സർക്കാറിന് കേവല ഭൂരിപക്ഷം നഷ്ടമായി. സർക്കാറിന്റെ പിന്തുണ 42 ആയി കുറയുകയും കോൺഗ്രസിന്റെ പിന്തുണ 34 ആവുകയും ചെയ്തു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഹരിയാന കോൺഗ്രസ് രം​ഗത്തെത്തി.

സോംബിർ സാങ്‌വാൻ, രൺധീർ ഗോലെൻ, ധരംപാൽ ഗോന്ദർ എന്നിവരാണ് പിന്തുണ പിൻവലിച്ചത്. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ എന്നിവരുടെ സാന്നിധ്യത്തിൽ റോഹ്തക്കിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇവർ പിന്തുണ പിൻവലിച്ച കാര്യം അറിയിച്ചത്.

‘ഞങ്ങൾ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണ്. ഞങ്ങൾ കോൺഗ്രസിന് പിന്തുണ നൽകുന്നു. കർഷകരുമായി ബന്ധപ്പെട്ട വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൊണ്ടാണ് ഈ തീരുമാനം എടുത്തതെന്നും ഇവർ പറഞ്ഞു.

90 അംഗ ഹരിയാന നിയമസഭയിൽ ഇപ്പോഴത്തെ അംഗബലം 88 ആണെന്നും അതിൽ ബി.ജെ.പിക്ക് 40 അംഗങ്ങൾ മാത്രമാണ് ഉള്ളതെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ പറഞ്ഞു. ബിജെപി സർക്കാരിന് നേരത്തെ ജെജെപി എംഎൽഎമാരുടെയും സ്വതന്ത്രരുടെയും പിന്തുണയുണ്ടായിരുന്നു. ജെജെപി പിന്തുണ നേരത്തെ തന്നെ പിൻവലിച്ചു. ഇപ്പോൾ സ്വതന്ത്രരും പിന്തുണ ഒഴിവാക്കി. നായബ് സിങ്ങിന്റേത് ഇപ്പോൾ ന്യൂനപക്ഷ സർക്കാറായി മാറി. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉടനടി രാജിവെക്കണം. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ട് മാസം മുമ്പ് സംസ്ഥാനത്ത് ബി.ജെ.പി–ജെ.ജെ.പി സഖ്യം തകർന്നതോടെ മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഘട്ടർ രാജിവെച്ചിരുന്നു. മണിക്കൂറുകൾക്കകം കുരുക്ഷേത്രയില്‍ നിന്നുള്ള എം.പിയും ഒ.ബി.സി നേതാവുമായ നായബ് സിങ് പുതിയ മുഖ്യമന്ത്രിയായി ബി.ജെ.പി തെരഞ്ഞെടുത്തിരുന്നു. തുടർന്ന് ഇദ്ദേഹം നിയമസഭയിൽ വിശ്വാസ വോട്ട് നേടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *