‘ഒരു കൃത്രിമവും അനുവദിക്കില്ല’; ബൂത്ത് ഏജന്റുമാർക്ക് ഇ.വി.എം പരിശീലനവുമായി ഡൽഹി കോൺഗ്രസ്‌

manipulation

ന്യൂഡൽഹി: ബൂത്ത് ലെവൽ ഏജന്റുമാരെ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ(ഇ.വി.എം) പ്രവർത്തനം പഠിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഇതിനായി പരിശീലനം ലഭിച്ച പാർട്ടി പ്രവർത്തകരെ ഡൽഹി കോൺഗ്രസ് ഒരുക്കിക്കഴിഞ്ഞു. ഇവരാണ് ബൂത്തിലിരിക്കുന്ന ഏജന്റുമാർക്ക് ഇവിഎമ്മിന്റെ സാധാരണ നിലയിലുള്ള പ്രവർത്തനം എങ്ങനെയെന്ന് മനസിലാക്കിക്കൊടുക്കുക. manipulation

ഒരു തരത്തിലുമുള്ള കൃത്രിമം കാണിക്കാതിരിക്കാനും ഇതിന്റെ പേരിൽ ഒരു വോട്ട് പോലും നഷ്ടപ്പെടുന്നത് ഒഴിവാക്കാനുമാണ് കോൺഗ്രസിന്റെ മുൻകരുതൽ. കഴിഞ്ഞഘട്ട തെരഞ്ഞെടുപ്പുകളിൽ ചില കോണുകളിൽ നിന്ന് ഇവിഎമ്മുമായി ബന്ധപ്പെട്ട് ചില പരാതികൾ ഉയർന്ന പശ്ചാതലത്തിൽ കൂടിയാണ് കോൺഗ്രസ് രംഗത്ത് എത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഡൽഹി കോൺഗ്രസ് പ്രദേശ് കമ്മിറ്റി(ഡിപിസിസി) ഓഫീസിലൊരുക്കിയ വാര്‍ റൂമിലാണ് ഈ യൂണിറ്റിന്റെ പ്രവര്‍ത്തനവും.

ലോക്‌സഭാ തെരഞ്ഞെടപ്പിന്റെ ക്യാമ്പയിനും മറ്റു പരിപാടികളുമെല്ലാം ഇവിടെ നിന്ന് തന്നെയാണ് നിയന്ത്രിക്കുന്നത്. ബൂത്ത് ലെവൽ ഏജന്റുമാരുടെ ലിസ്റ്റ് സ്‌കാൻ ചെയ്ത്, ഓരോരുത്തരെയും വിളിച്ച് ഇ.വി.എമ്മുകളുടെ പ്രവർത്തനത്തെക്കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കുന്നതാണ് രീതി. അതൊടൊപ്പം ഇവിഎമ്മുമായി ബന്ധപ്പെട്ട് എത്രത്തോളം അറിവ് ഇവർക്കുണ്ട് എന്ന് മനസിലാക്കാൻ ചോദ്യങ്ങൾ ചോദിക്കുമുണ്ട്.

”ബൂത്ത് ലെവൽ ഏജന്റുമാരായി വിന്യസിക്കപ്പെടുന്ന ആളുകളുടെ ലിസ്റ്റ് ബൂത്ത് ചുമതലയുള്ളവരിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കും. ഇവിഎമ്മുകളുടെ ഘടകങ്ങളും പതിവ് പ്രവർത്തനങ്ങളും ഏജന്റുമാര്‍ക്ക് ഞങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കൊടുക്കും. അതോടൊപ്പം വോട്ടിങ് ദിവസം എന്തെങ്കിലും അപാകത സംഭവിച്ചാല്‍ ഉടൻ റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്”- വാര്‍ റൂം നിയന്ത്രിക്കുന്ന വിനോദ് കുമാർ ദുബെ പറഞ്ഞു.

ഇവിഎമ്മുമായി ബന്ധപ്പെട്ട് “പ്രശ്നങ്ങൾ” കോണ്‍ഗ്രസ് നേരത്തെ ഉന്നയിക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഇവിഎമ്മിനെക്കുറിച്ച് പ്രത്യേകം പറയുന്നുണ്ട്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ (ഇവിഎം) കാര്യക്ഷമതയും ബാലറ്റ് പേപ്പറിന്റെ സുതാര്യതയും സംയോജിപ്പിച്ച് തെരഞ്ഞെടുപ്പ് നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. വോട്ടിങ് രീതി ഇ.വി.എം വഴിയായിരിക്കുമെങ്കിലും മെഷീന്‍ വഴി ലഭിക്കുന്ന സ്ലിപ്പ് പരിശോധിക്കാനും ബോക്സില്‍ നിക്ഷേപിക്കാനും അവസരം ഒരുക്കും എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ഇവിഎമ്മുകൾ സംബന്ധിച്ച പ്രതിപക്ഷത്തിൻ്റെ ആശങ്കകൾ ചർച്ച ചെയ്യാന്‍ പ്രത്യേക യോഗം ചേരണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജനുവരിയിൽ കോൺഗ്രസ് നേതാവ് ജയറാം രമേശ്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തെഴുതിയിരുന്നു. അതേസമയം വോട്ടിങ് യന്ത്രത്തിന്റെ ഹാക്കിങിനോ അട്ടിമറിക്കോ തെളിവില്ലെന്ന് അടുത്തിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മെയ് 25ന് നടക്കുന്ന ആറാം ഘട്ടത്തിലാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *