മുട്ടില്‍ മരംമുറി കേസ്: അന്വേഷണവും കുറ്റപത്രവും ദുർബലമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍; പുനരന്വേഷണം വേണം
കൽപറ്റ: മുട്ടില്‍ മരംമുറി കേസിലെ കേസന്വേഷണവും കുറ്റപത്രവും ദുർബലമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു. കേസ് ജയിക്കാനാവശ്യമായ തെളിവുകളും സാക്ഷികളും ഇല്ലെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കയച്ച കത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നു. കത്തിനെ തുടർന്ന് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.Muttil Maramuri
യോഗത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ താൻ പങ്കുവച്ചെന്നും അത് അദ്ദേഹത്തിന്റെ ബോധ്യപ്പെട്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. കേസിൽ പുനരന്വേഷണം ആവശ്യമെന്നും വനംവകുപ്പ് കേസെടുക്കാത്തത് ഉൾപ്പെടെ അപാകതകളുണ്ടെന്നും ജോസഫ് മാത്യു പറഞ്ഞു.
ലഭ്യമായ കുറ്റപത്രം മുഴുവൻ പരിശോധിച്ചതോടെയാണ് കേസിൽ പുനരന്വേഷണം അനിവാര്യമാണെന്ന് മനസിലായത്. സത്യവും കൃത്യവുമായ അന്വേഷണം നടന്നാൽ മാത്രമേ കാര്യമുള്ളൂ. ന്യായമായ വിചാരണ നടക്കണമെങ്കിൽ തികച്ചും ന്യായമായ അന്വേഷണം നടക്കണം. അത് ഇതിൽ കാണുന്നില്ല.
നിലവിലെ കുറ്റപത്രത്തിൽ നിരവധി പോരായ്മകളുണ്ട്. സാക്ഷിമൊഴികളും അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാക്കുന്ന തെളിവുകളുമാണ് പ്രധാനം. അത് വിലയിരുത്തിയാണ് കോടതി തീരുമാനമെടുക്കുക. നിലവിലുള്ള കുറ്റപത്രം വച്ച് കാര്യങ്ങൾ വേണ്ടത്ര രീതിയിൽ കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് പ്രയാസമാണെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനപ്പെട്ടയാളുകളെ മുഴുവൻ ചോദ്യം ചെയ്തിട്ടില്ല. ആവശ്യമായ തെളിവുകൾ ശേഖരിച്ചിട്ടില്ല. വേണ്ട തെളിവുകളോ സാക്ഷികളോ ഈ കേസിൽ ഇല്ല. അതിനാൽ പുനരന്വേഷണം തന്നെ ആവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേസന്വേഷിച്ചിരുന്ന തിരൂർ ഡിവൈ.എസ്പി ബെന്നി ഏപ്രിൽ 16ന് കത്തയച്ചിരുന്നു. എന്നാൽ നടപടിയുണ്ടാവാതിരുന്നതിനെ തുടർന്നാണ് മെയ് എട്ടിന് ക്രൈബ്രാംഞ്ച് എ.ഡി.ജി.പിക്ക് കത്തയക്കുന്നത്. ഇതിലാണ് ഈ മാസം 13ന് വീഡിയോ കോൺഫറൻസ് വഴി അദ്ദേഹം യോഗം വിളിച്ചത്.
യോഗത്തിൽ രണ്ട് ജില്ലാ പൊലീസ് മേധാവിമാരും അന്വേഷണ ഉദ്യോഗസ്ഥനായ ബെന്നിയും പബ്ലിക് പ്രോസിക്യൂട്ടറുമാണ് പങ്കെടുത്തത്. കേസിന്റെ തുടക്കത്തിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ജോസഫ് മാത്യുവിനെ പിന്നീട് മാറ്റിയിരുന്നു. അതിനു ശേഷം കാലാവധി കഴിഞ്ഞ് വിരമിച്ച അദ്ദേഹത്തെ കേസ് പിന്നീട് കോടതിയിലെത്തിയ ഉടനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുകയായിരുന്നു.
കേസ് കോടതിയിലെത്തിയ ശേഷം കുറ്റപത്രം സമർപ്പിച്ചപ്പോഴാണ് അത് വളരെ ദുർബലമാണെന്ന് ബോധ്യപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേസ് പരാജയപ്പെട്ടാൽ അപ്പീൽ പോവുക എന്നതാവും സർക്കാരിന് മുന്നിലുള്ള ഏക വഴി. പക്ഷേ ഈ കുറ്റപത്രവും കേസന്വേഷണ റിപ്പോർട്ടും വച്ച് ഏത് കോടതിയിൽ അപ്പീലുമായി പോയാലും കാര്യമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.