3 വയസുകാരി കാറിലുണ്ടെന്ന് മറന്നു; വിവാഹത്തിന് പോയി തിരിച്ചെത്തിയ മാതാപിതാക്കൾ കണ്ടത് മൃതദേഹം
കോട്ട: മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കോട്ട സ്വദേശിയായ പ്രദീപ് നാഗറിന്റെ മകൾ ഗോർവികയാണ് മരിച്ചത്.dead body
ബുധനാഴ്ച വൈകുന്നേരം കുടുംബവുമൊത്ത് കോട്ടയിൽ വിവാഹ സല്ക്കാരത്തിനെത്തിയതായിരുന്നു പ്രദീപ്. കാറിനുള്ളിൽ നിന്ന് ഭാര്യയും മക്കളുമിറങ്ങിയെന്ന തെറ്റിദ്ധാരണയിൽ ഡോർ അടച്ച് ഇയാൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ വെച്ച് ഭാര്യയുടെയും മൂത്ത മകളുടെയുമൊപ്പം ഗോർവികയെ കാണാഞ്ഞ് അന്വേഷിച്ചപ്പോഴാണ് കാറിനുള്ളിൽ അബോധാവസ്ഥയിൽ കുഞ്ഞിനെ കണ്ടെത്തുന്നത്.
കുഞ്ഞ് പ്രദീപിനൊപ്പമുണ്ടെന്ന ധാരണയിലായിരുന്നു ഭാര്യയും മൂത്തമകളും. ഇവർക്കൊപ്പം കുഞ്ഞ് ഇറങ്ങിയെന്ന് കരുതിയാണ് പ്രദീപ് ഡോർ അടച്ചത്. കാറിനുള്ളിൽ 2 മണിക്കൂറോളമാണ് കുഞ്ഞ് കുടുങ്ങിയത്. മരിച്ച നിലയിലാണ് കുഞ്ഞിനെ കൊണ്ടു വന്നതെന്ന് ആശുപത്രി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.
കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്താൻ മാതാപിതാക്കൾ വിസമ്മതിച്ചിരിക്കുകയാണ്. സംഭവത്തിൽ കേസും ഫയൽ ചെയ്തിട്ടില്ല.