‘ലിവിങ് ടുഗതർ’ എന്ന അധാർമിക ജീവിത രീതിക്കെതിരെ ഹൈക്കോടതിയുടെ നിരീക്ഷണം സ്വാഗതാർഹം: വിസ്ഡം കുടുംബ സംഗമം
മുക്കം: ധാർമിക സദാചാരമൂല്യങ്ങൾ പുരോഗമനത്തിന് തടസ്സമാണെന്ന് വാദിക്കുന്നവർ കുടുംബബന്ധങ്ങളുടെ പവിത്രത ഇല്ലായ്മ ചെയ്യുന്നവരാണെന്ന് വിസ്‌ഡം യൂത്ത് സംഘടിപ്പിച്ച കുടുംബ സംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം യൂത്ത് കൊടിയത്തൂർ മണ്ഡലം സമിതി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാരിസ് കായക്കൊടി ഉദ്ഘാടനം ചെയ്തു. വിസ്ഡം കൊടിയത്തൂർ മണ്ഡലം വൈസ് പ്രസിഡണ്ട് നജീബ് സലഫി അധ്യക്ഷത വഹിച്ചു.
വസ്ത്രധാരണത്തിലടക്കം മതപരമായ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരെ ശബ്ദിക്കുന്നവർ ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങളെയാണ് തകർക്കാൻ ശ്രമിക്കുന്നത്. ഭൂരിപക്ഷം വരുന്ന മതവിശ്വാസികൾക്കുമേൽ മതവിരുദ്ധ ആശയങ്ങൾ പാഠ്യപദ്ധതി വഴി കുതന്ത്രത്തിലൂടെ ഒളിച്ചു കടത്താനുള്ള ചിലരുടെ ശ്രമങ്ങളെ വിദ്യാഭ്യാസ വകുപ്പ് തന്നെ നേരിടണം. ലിവിങ് ടുഗതർ എന്ന അധാർമിക ജീവിത രീതിക്കെതിരെ ഹൈക്കോടതിയുടെ നിരീക്ഷണം ആശാവഹമാണ്.
സംഗമത്തിൽ വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡണ്ട് അസീൽ സി വി, ജോയിൻ സെക്രട്ടറി സുഹൈൽ കുളങ്ങര എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ഹബീബ് റഹ്മാൻ, ഷബീർ വി, ഡോ. മുബീൻ എം, ഫത്തിൻ മുഹമ്മദ് സി.പി, ഇർഷാദ് നെല്ലിക്കാപറമ്പ് എന്നിവർ നേതൃത്വം നൽകി.