സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; പാലക്കാട് ഡിഇഒ ഓഫീസിലെ ഫ്യൂസൂരി കെഎസ്ഇബി
ഡിഇഒ ഓഫീസിലെ ഫ്യൂസൂരി കെഎസ്ഇബി. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് പാലക്കാട് ഡിഇഓ ഓഫീസിലെ വൈദ്യുതി വിച്ഛേദിച്ചത്. കുടിശ്ശികയായി 24016 രൂപയാണ് വിദ്യാഭ്യാസവകുപ്പ് കെട്ടാനുളളത്. കണക്ഷന്‍ പുനസ്ഥാപിക്കാന്‍ അഭ്യര്‍ത്ഥിച്ച് കെഎസ്ഇബിക്ക് കത്തെഴുതി കാത്തിരിക്കുകയാണ് ഡിഇഒ ഓഫീസിലെ ഉദ്യോഗസ്ഥര്‍.
ഇത് രണ്ടാം തവണയാണ് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിക്കുന്നത്,കഴിഞ്ഞ വര്‍ഷം 80182 രൂപ കുടിശ്ശികയായതിനെതുടര്‍ന്ന് ഏപ്രിലില്‍ കെഎസ്ഇബി ഫ്യൂസ് ഊരിയിരുന്നു. ഇതിപ്പോള്‍ സ്‌കൂള്‍ തുറക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ഓഫീസ് വീണ്ടും ഇരുട്ടിലായത്. നടപടിയില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പ്രതിഷേധമുണ്ടെങ്കിലും പണമടക്കുകയല്ലാതെ മറ്റ് വഴികളില്ല.
സുല്‍ത്താന്‍പേട്ട സെക്ഷന് കീഴിലാണ് ഡിഇഒ ഓഫീസ് ഉള്‍പ്പെടുന്നത്. കുടിശ്ശിക തുക ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പിനെ ഡിഇഓ ഓഫീസ് ബന്ധപ്പെട്ടിട്ടുണ്ട്. തുക ലഭ്യമാകുന്ന മുറക്ക് ഉടന്‍ കുടിശ്ശിക വീട്ടാമെന്ന് കാണിച്ച് കെഎസ്ഇബിക്ക് കത്ത് നല്‍കിയെങ്കിലും ഇതുവരെ കണക്ഷന്‍ പുനസ്ഥാപിച്ചിട്ടില്ല. താത്ക്കാലികമായി കണക്ഷന്‍ പുനസ്ഥാപിക്കുന്നതിന് കെഎസ്ഇബി അതികൃതരുമായി വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ച നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലെ ബില്ല് മാസം തോറും അടക്കുന്ന രീതിയാക്കിയതോടെ സമയത്ത് ഫണ്ട് ലഭിക്കാത്തത് പലപ്പോഴും വിലങ്ങുതടിയാകാറുണ്ട്.