ഗുജറാത്തിലെ എയർപോർട്ട് മേൽക്കൂരയും തകർന്നുവീണു; മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം
ഗുജറാത്തിലെ രാജ്കോട്ട് എയർപോർട്ടിലെ മേൽക്കൂര കനത്ത മഴയിൽ തകർന്നുവീണു. ശനിയാഴ്ചയാണ് സംഭവം. എയർപോർട്ട് ടെർമിനലിന് പുറത്ത് യാത്രക്കാരെ ഇറക്കുന്ന ഭാഗത്തെ മേൽക്കൂരയാണ് തകർന്നത്. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. 2023ൽ മോദിയാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
Also Read : കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന് വീണു; ഒരാൾ മരിച്ചു
കഴിഞ്ഞദിവസങ്ങളിൽ ഗുജറാത്തിൽ കനത്ത മഴയാണ് ലഭിക്കുന്നത്. തെക്കൻ ഗുജറാത്ത് മേഖലയിൽ ചുഴലിക്കാറ്റിന് സാധ്യതയണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ ഗുജറാത്തിൽ ശനിയാഴ്ച യെല്ലോ അലർട്ടാണ്.
കഴിഞ്ഞദിവസം ഡൽഹി എയർപോർട്ടിലെ മേൽക്കൂര കനത്ത മഴയിൽ തകർന്നിരുന്നു. സംഭവത്തിൽ ഒരാൾ മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ മധ്യപ്രദേശിലും കോടികൾ മുടക്കി നിർമിച്ച ടെർമിനലിന്റെ മേൽക്കൂര തകർന്നുവീണിട്ടുണ്ട്. ജബൽപൂരിലെ ധുംന വിമാനത്താവളത്തിൽ 450 കോടി രൂപ ചെലവഴിച്ച് നിർമിച്ച ടെർമിനലിന്റെ മേൽക്കൂരായണ് നിലംപതിച്ചത്. കഴിഞ്ഞവർഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ടെർമിനൽ ഉദ്ഘാടനം ചെയ്തത്.
വിമാനത്താവളത്തിലെ മേൽക്കൂരകൾ തകരുന്നതിനെതിരെ വലിയ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയരുന്നത്. മോദി സർക്കാറിന്റെ അഴിമതിയുടെ ഉദാഹരണങ്ങളാണ് ഈ തകർച്ചയെന്ന് പലരും കുറ്റപ്പെടുത്തുന്നു. കോടികൾ ചെലവഴിച്ച് നിർമിച്ച അയോധ്യയിലെ രാമക്ഷേത്രം മഴയിൽ ചോർന്നൊലിക്കുന്നത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കൂടാതെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ചോർന്നലിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.