ഐഫോണുകളിലെ ‘ബാറ്ററി കെട്ടഴിയും’: യൂറോപ്യൻ യൂണിയൻ നിയമം പാലിക്കാനൊരുങ്ങി ആപ്പിൾ

Apple

ന്യൂയോര്‍ക്ക്: ബാറ്ററി മാറ്റല്‍ പ്രക്രിയ ലളിതമാക്കാനൊരുങ്ങി ആപ്പിള്‍. യൂറോപ്യൻ യൂണിയന്റെ കർശന നിർദേശമാണ് ഇങ്ങനെയൊരു മാറ്റം കൊണ്ടുവരാൻ ആപ്പിളിനെ പ്രേരിപ്പിച്ചത്.Apple 

പുറത്തിറങ്ങുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഇങ്ങനെ എളുപ്പത്തിൽ ബാറ്ററി മാറ്റാൻ കഴിയുന്ന സജ്ജീകരണം ഉണ്ടാകണമെന്നാണ് യൂറോപ്യൻ യൂണിയന്റെ നിർദേശം. 2025 ആണ് മാറ്റത്തിനായി കൊടുത്തിരിക്കുന്ന സമയപരിധി. അതുപ്രകാരം ഐഫോൺ 16 ലൈനപ്പിലെ ഏതെങ്കിലും ഒരു മോഡലിൽ എളുപ്പത്തില്‍ ബാറ്ററി മാറ്റാനാകുന്ന പ്രക്രിയ ആയിരിക്കും എന്നാണ് പറയപ്പെടുന്നത്.

നിലവിൽ ഐഫോണിലെ ബാറ്ററി മാറ്റുക എന്നത് സങ്കീര്‍ണമായ പ്രക്രിയയാണ്. ഐഫോണ്‍ ബാറ്ററികള്‍ പശയുടെ സഹായത്തോടെ പിന്‍വശത്ത് കേയ്‌സിനുള്ളില്‍ ഒട്ടിച്ചുവെച്ചിരിക്കുന്നതാണ്. ഈ പശ ഇളക്കി വേണം ബാറ്ററി എടുക്കാൻ. ഇതിനായി ഫോൺ ചൂടാക്കണം. പാളിപ്പോകാൻ സാധ്യത കൂടുതലായതിനാൽ സാധാരണ സ്മാർട്ട്‌ഫോണുകളുടെ ബാറ്ററി മാറ്റുംപോലെ എളുപ്പമല്ല. വിദഗ്ധനായ ആളുകൾക്കെ ഇത് സാധ്യമാകൂ.

ഈയൊരു സിസ്റ്റത്തിനാണ് ആപ്പിൾ മാറ്റം വരുത്തുന്നത്. ഐഫോൺ 16 പ്രോയിലാകും ഇങ്ങനെയൊരു മാറ്റം കൊണ്ടുവരിക എന്നാണ് റിപ്പോർട്ടുകൾ. ആപ്പിൾ 17 മുതൽ എല്ലാ മോഡലുകളിലേക്കും മാറ്റം എത്തിയേക്കും. മറ്റു സ്മാർട്ട്‌ഫോണുകളിൽ നിന്നും വ്യത്യസ്തമായി ആപ്പിളിന് പ്രത്യേക കവചങ്ങളാണ്. ഫോണിന്റെ ബോഡി തുറക്കുക എന്നത് തന്നെ എളുപ്പമല്ല. ജല പ്രതിരോധവും സ്‌ക്രീൻ സ്ഥിരതയും ഉറപ്പാക്കാൻ പശകളും സ്ക്രൂകളും ഉൾപ്പെടെ അത്യാധുനിക രീതിയിലാണ് നിർമ്മാണം.

ഇങ്ങനെയൊരു സാഹചര്യത്തില്‍ ബാറ്ററി മാറ്റം എങ്ങനെ എളുപ്പമാക്കും എന്നത് അറിയേണ്ടിയിരിക്കുന്നു. എന്ത് മാറ്റമാകും ആപ്പിള്‍ ഇതിനായി കരുതുക എന്നാണ് കൗതുകകരമായ കാര്യം. യൂറോപ്യന്‍ രാജ്യങ്ങളിലെ കടുത്ത നിയന്ത്രണങ്ങള്‍ കാരണം നിരവധി മാറ്റങ്ങളാണ് ആപ്പിള്‍ ഉല്പന്നങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്. ഐഫോണുകളിലും മറ്റും യുഎസ്ബി സി പോര്‍ട്ട് അവതരിപ്പിച്ചതും ആര്‍.സി.എസ് മെസേജിങ് സൗകര്യം അവതരിപ്പിച്ചതുമെല്ലാം ഇതിന്റെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *